
കൊളംബിയയിലെ ബൊഗോട്ടയിലെ ചരിത്രപ്രസിദ്ധമായ റെബേക്ക സ്മാരകത്തിന് മുന്നിൽ അശ്ലീല ചേഷ്ടകൾ നടത്തിയ സ്ത്രീക്ക് എതിരെ രൂക്ഷ വിമർശനം. അജ്ഞാതയായ സ്ത്രീ പ്രതിമയുടെ സ്തനങ്ങളിൽ സ്പർശിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. വീഡിയോ പിന്നീട് നീക്കം ചെയ്യപ്പെട്ടു. സ്പാനിഷ് ജൂതന്മാർക്കുള്ള ആദരാഞ്ജലിയായി നിർമ്മിക്കപ്പെട്ടിട്ടുള്ളതാണ് റെബേക്ക സ്മാരകം.
യുവതിയുടെ പ്രവൃത്തിയെ അങ്ങേയറ്റം അനാദരവായാണ് വീഡിയോ കണ്ടവർ വിശേഷിപ്പിച്ചത്. വിവിധ റിപ്പോർട്ടുകളനുസരിച്ച് വീഡിയോയിൽ, സംഭവം നേരിൽ കണ്ട ഒരു പുരുഷൻ തന്റെ ജാക്കറ്റുമായി സ്ത്രീയുടെ അടുത്തേക്ക് ഓടുന്നത് കാണാം. എന്നാൽ, സ്ത്രീ അയാളെ നോക്കി പുഞ്ചിരിക്കുകയും യാതൊരു കൂസലും ഇല്ലാതെ തന്റെ പ്രവൃത്തി തുടരുകയും ചെയ്യുന്നു.
1926 -ൽ ആണ് ബൊഗോട്ടയിൽ റെബേക്ക സ്മാരകം സ്ഥാപിച്ചത്. നഗരത്തിനു നടുവിൽ നിർമ്മിച്ചിട്ടുള്ള ഒരു ചെറിയ കുളത്തിന് സമീപമാണ് ഈ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. വെളുത്ത മാർബിളിൽ നിർമ്മിച്ച സ്മാരകത്തിൽ ഭാഗികമായി നഗ്നയായ ഒരു സ്ത്രീ ഒരു പാത്രത്തിൽ വെള്ളം വഹിക്കുന്ന രൂപമാണ് ഉള്ളത്.
കൊളംബിയൻ കലാകാരനായ ഹെർണാണ്ടോ ഹെനാവോ ബുറിറ്റിക്കയാണ് ഈ സ്മാരകം സൃഷ്ടിച്ചത്. റൗൾ വെർനെറ്റിൻ്റെ ഫ്രഞ്ച് ശില്പമായ ലാ റെബേക്കയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണിതെന്ന് പറയപ്പെടുന്നു. ഈ പ്രതിമയ്ക്ക് സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ സ്ത്രീയുടെ പ്രവൃത്തി ഇവിടുത്തുകാർക്കിടയിൽ വലിയ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്.
ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളോട് വിനോദസഞ്ചാരികളും സന്ദർശകരും അനാദരവ് കാണിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമായല്ല. 2023 -ൽ കംബോഡിയൻ കൺസർവേഷനിസ്റ്റുകൾ അങ്കോർ വാട്ടിലെ സന്ദർശകരെ കുറിച്ച് ആശങ്ക ഉന്നയിച്ചിരുന്നു.
ജനപ്രിയ വീഡിയോ ഗെയിമായ ടെംപിൾ റണ്ണിൽ നിന്നുള്ള സ്റ്റണ്ടുകൾ അനുകരിച്ച് ചില വിനോദസഞ്ചാരികൾ പുരാതന സ്മാരകത്തിന് ചുറ്റും ഓടുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ആയിരുന്നു ഇത്. അവരുടെ അശ്രദ്ധമായ പെരുമാറ്റം ഏകദേശം 900 വർഷം പഴക്കമുള്ള കെട്ടിടത്തിന് കേടുപാടുകൾ വരുത്തിയിരുന്നു.