ഈ വനത്തിൽ പ്രവേശനം സ്ത്രീകൾക്ക് മാത്രം, ന​ഗ്നരായി വേണം കഴിയാൻ, ഒളിച്ചുനോക്കാൻ വന്നാൽ പുരുഷന്മാർക്ക് പിഴ!

By Web TeamFirst Published Jul 2, 2021, 2:44 PM IST
Highlights

കാട്ടിൽ തുടരാൻ ഒരു നിയമം കൂടി സ്ത്രീകൾ പാലിക്കേണ്ടതുണ്ട്. കാട്ടിൽ കഴിയുന്ന നേരം അവർ പാട്ടുപാടണം. യഥാർത്ഥത്തിൽ വനത്തിനുള്ളിൽ പ്രവേശിക്കുന്ന പുരുഷന്മാർക്കുള്ള ഒരു മുന്നറിയിപ്പാണ് ഈ പാട്ട്. 

ഇന്നത്തെ പുരുഷാധിപത്യ സമൂഹത്തിൽ ചിലപ്പോൾ സ്ത്രീകൾക്ക് മാത്രമായൊരു ഇടം കണ്ടെത്താൻ പ്രയാസമായിരിക്കും. പുരുഷന്മാരുടെ തുറിച്ച് നോട്ടങ്ങളെ ഭയക്കാതെ, അടിച്ചമർത്തലുകളെ, പീഡനങ്ങളെ ഭയക്കാതെ തീർത്തും സ്വാതന്ത്ര്യത്തോടെ ഇരിക്കാനും സമയം ചെലവഴിക്കാനുമായി സ്ത്രീകളുടെ മാത്രമൊരിടം. ജീവിതത്തിൽ എപ്പോഴെങ്കിലും അത്തരമൊരു സ്ഥലത്തിനായി മിക്ക സ്ത്രീകളും കൊതിച്ചിട്ടുണ്ടാകും. അതേസമയം ഇന്തോനേഷ്യയിലെ പപ്പുവയിൽ അത്തരം സ്ത്രീകൾക്ക് മാത്രം പ്രവേശിക്കാൻ അനുവാദമുള്ള ഒരു കണ്ടൽ വനമുണ്ട്. തലമുറകളായി സ്ത്രീകൾ ഒന്നിച്ചിരിക്കുകയും, സൊറപറയുകയും, തങ്ങളുടെ ദുഃഖങ്ങൾ പങ്കു വെക്കുകയും ചെയ്യുന്നൊരിടം. എട്ടേക്കറോളം വ്യാപിച്ച് കിടക്കുന്ന ഈ കണ്ടൽ കാടുകളിൽ ആണുങ്ങൾക്ക് പ്രവേശനമില്ല.    

സ്ത്രീകളുടെ അഭയമായി വർത്തിക്കുന്ന ഈ കണ്ടൽ കാടുകൾ അങ്ങേയറ്റം പവിത്രമായി കണക്കാക്കപ്പെടുന്നു. എന്നാൽ, പക്ഷേ അവിടെ പ്രവേശിക്കാൻ സ്ത്രീകൾക്കും ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. ഇവിടെ വരുന്ന സ്ത്രീകൾ വസ്ത്രം ധരിക്കാൻ പാടില്ല, പിറന്നപടി വേണം അവർ കാട്ടിൽ കഴിയാൻ. അതുകൊണ്ട് തന്നെ പുരുഷന്മാർക്ക് അവിടെ നോ എൻട്രി. സ്വാതന്ത്ര്യത്തോടെ പാടിയും ആടിയും കളിച്ചും ചിരിച്ചും സ്ത്രീകൾ അവിടെ കഴിയുന്നു. 

ഏറ്റവും കൂടുതൽ ഗാർഹികപീഡനം നിലനിൽക്കുന്ന ഒരു സമൂഹമാണ് അവരുടേത്. അതുകൊണ്ട് തന്നെ പലപ്പോഴും ജീവിതത്തിൽ തീരാദുഃഖങ്ങളുമായി പുരുഷന്മാരെ ഭയന്ന് വീടുകൾക്കുള്ളിൽ വീർപ്പ് മുട്ടി കഴിയുന്ന ആ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അതൊരു സ്വാതന്ത്ര്യത്തിന്റെ, ആശ്വാസത്തിന്റെ മരുപ്പച്ചയാണ്. പുരുഷന്മാരെങ്ങാൻ എത്തിനോക്കാൻ വന്നാൽ കടുത്ത ശിക്ഷയായിരിക്കും നേരിടേണ്ടി വരിക. അങ്ങനെ ചെയ്യുന്നവരെ അവിടത്തെ ഗോത്ര കോടതിയിലേക്ക് കൊണ്ടുപോകും. ചട്ടമനുസരിച്ച് അയാൾക്ക് 5,000 രൂപയിൽ കൂടുതൽ പിഴ നൽകേണ്ടി വരും.

കാട്ടിൽ തുടരാൻ ഒരു നിയമം കൂടി സ്ത്രീകൾ പാലിക്കേണ്ടതുണ്ട്. കാട്ടിൽ കഴിയുന്ന നേരം അവർ പാട്ടുപാടണം. യഥാർത്ഥത്തിൽ വനത്തിനുള്ളിൽ പ്രവേശിക്കുന്ന പുരുഷന്മാർക്കുള്ള ഒരു മുന്നറിയിപ്പാണ് ഈ പാട്ട്. സ്ത്രീകൾ പാടുകയും ഒപ്പം ഞങ്ങൾ ഇവിടെയുണ്ട് എന്ന് ഇടക്കിടെ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം, ആ കണ്ടൽ കാടുകൾ ആശ്വാസത്തിന്റെ, പ്രതീക്ഷയുടെ തുരുത്താണ്. സ്ത്രീകൾക്ക് സ്വന്തമായി വരുമാനം നേടാനും ഈ കാട് സഹായകമാകുന്നു. 

ഇവിടെ കണ്ടൽ കാടുകളിലുള്ള കക്ക പെറുക്കി വിറ്റാണ് സ്ത്രീകൾ ഉപജീവനം കഴിക്കുന്നത്. എന്നാൽ മുൻപ് ഒന്നോ രണ്ടോ മണിക്കൂറുകൾക്കുള്ളിൽ കക്ക കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒരു ദിവസം മുഴുവൻ തിരഞ്ഞാലും ആവശ്യത്തിന് കിട്ടാനില്ലാത്ത അവസ്ഥയാണ്. വർധിച്ച് വരുന്ന മലിനീകരണമാണ് ഇതിന് കാരണം. നൂറ്റാണ്ടുകളായി അവർ കാത്ത് സൂക്ഷിച്ച കണ്ടൽ കാടുകൾ ഇന്ന് പ്ലാസ്റ്റിക്കിന്റെയും മറ്റ് മാലിന്യങ്ങളുടെയും കേന്ദ്രമായി മാറുകയാണ്. ഇത് അവിടത്തെ സ്ത്രീകളുടെ വരുമാനവും ഇല്ലാതാക്കുന്നു.

മറ്റ് സ്ത്രീകളുമായി തമാശ പറഞ്ഞും ചിരിച്ചും ഒരുമിച്ച് പാടിയും സ്വാതന്ത്ര്യം ആഘോഷിച്ചിരുന്ന അവർ നാളെ അത് നഷ്ടമാകുമോ എന്ന ഭയത്തിലാണ്. “ഞങ്ങളുടെ ജീവിതത്തിൽ ഞങ്ങൾക്ക് മറ്റൊന്നും ചെയ്യാൻ സ്വാതന്ത്ര്യമില്ല. വനങ്ങളിൽ പോകുന്ന സമയം മാത്രമാണ് സന്തോഷം എന്തെന്ന് ഞങ്ങൾ അറിയുന്നത്. ഞങ്ങളുടെ ശബ്ദം കേൾക്കുന്ന പുരുഷന്മാർക്ക് അറിയാം, കാടുകളിൽ നിന്ന് വിട്ട് നിൽക്കണമെന്ന്” അവിടത്തെ നിവാസിയായ മരിയ പറഞ്ഞു. പുരുഷന്മാർ സ്ത്രീകളോട് അടുക്കാൻ ഭയക്കുന്ന ഒരേയൊരു സ്ഥലം ഇതാണെന്നും അവർ പറയുന്നു. മലിനീകരണം ഇങ്ങനെ വർധിച്ച് വന്നാൽ കണ്ടൽ വനങ്ങളുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് സ്ത്രീകൾ ഇപ്പോൾ.  

 
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!