മദനിയും ഞാനും

Published : Apr 09, 2016, 07:15 AM ISTUpdated : Oct 05, 2018, 02:39 AM IST
മദനിയും ഞാനും

Synopsis

സംഭവബഹുലമായ ദല്‍ഹി ജീവിതത്തിന് ശേഷം കേരളത്തിലെത്തിയ ഞാന്‍ ഇവിടത്തെ പലകാര്യങ്ങളിലും അജ്ഞനായിരുന്നു എന്ന് ഉടനെ തന്നെ ബോധ്യമായി. അതിനൊരു ഉദാഹരണമാണ് അബ്ദുള്‍ നാസര്‍ മദനി എന്ന പ്രതിഭാസം.

ഞാന്‍ 'ഇന്ത്യാ ടുഡേ' (പിന്നീട് സ്റ്റേറ്റ്‌സ് മാന്‍) എന്നീ പത്രങ്ങള്‍ക്കുവേണ്ടിയും ബിബിസിക്കായും 1993ല്‍ ആരംഭിച്ച ഏഷ്യാനെറ്റില്‍ 'കണ്ണാടി'യ്ക്കു വേണ്ടിയും പ്രവര്‍ത്തിക്കുന്ന കാലം. 'കണ്ണാടി'യുടെ ആദ്യ ഷോകളില്‍ ഒന്നിനായി ഞാന്‍ അബ്ദുള്‍ നാസര്‍ മദനിയെ അഭിമുഖം ചെയ്യാന്‍ ചെന്നു.

അന്ന് ഒരു ഭീകരന്റെ പ്രതിച്ഛായയായിരുന്നു മദനിയ്ക്ക് പൊതുവെ പലരും കല്‍പ്പിച്ചിരുന്നത്. ഞാന്‍ തുറന്ന മനസ്സുമായി കരുനാഗപ്പള്ളിയ്ക്കടുത്തുള്ള മദനിയുടെ ആസ്ഥാനത്ത് ചെന്നു. യൂണിഫോമിട്ട അംഗരക്ഷകരാണ് എന്നെയും ക്യാമറാമാനെയും സ്വീകരിച്ചത്.

അന്ന് മദനി പൂര്‍ണ്ണ ആരോഗ്യവാനായിരുന്നു എന്നോര്‍ക്കുക. സ്വതസിദ്ധമായ ശക്തമായ മലയാളഭാഷയില്‍ അദ്ദേഹം എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. ഇതിനിടെ എന്നെക്കുറിച്ചും ന്യൂനപക്ഷത്തോട് എനിയ്ക്കുള്ള സമീപനത്തെക്കുറിച്ചും നേരത്തെതന്നെ അന്വേഷിച്ചറിഞ്ഞിരുന്നുവെന്ന് എനിക്ക് മനസ്സിലായി.

ആ അഭിമുഖം കഴിഞ്ഞ് കുറേ ദിവസങ്ങള്‍ക്ക് ശേഷമാണ് പള്ളിയില്‍ സ്‌ഫോടനമുണ്ടായതും മദനിക്ക് ഒരു കാല് നഷ്ടപ്പെട്ടതും. ആ രാത്രി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഞാന്‍ മദനിയെ നേരിട്ടുകണ്ടു. ഞാന്‍ കാണുമ്പോള്‍ പൂര്‍ണബോധവാനായിരുന്നു. ആ അപകടവും കാലിന്റെ നഷ്ടവും മദനിയെ തളര്‍ത്തിയതായി പിന്നീടുള്ള നാളുകളില്‍ തോന്നിയിട്ടില്ല. ഞാന്‍ ഇതിനിടെ മദനിയെ ഒന്നു രണ്ടുപ്രാവശ്യംകൂടി കണ്ടിരുന്നു. പലരും എന്നെ കുറ്റപ്പെടുത്തി.ഒരു മതതീവ്രവാദിക്ക് പബ്ലിസിറ്റി നല്‍കി പ്രോത്സാഹിപ്പിക്കുന്നു എന്നതായിരുന്നു ആരോപണം.

അവരോടെല്ലാം പണ്ട് ഇബ്രാഹീം സുലൈമാന്‍ സേട്ട് പറഞ്ഞത് ആവര്‍ത്തിച്ചു. 'ഞാന്‍ മതമൗലികവാദിയാണ് എന്നാല്‍ മതതീവ്രവാദിയല്ല'. (I am a muslim fundamentalist, but not a muslim etxremist). മദനി മത മൗലികവാദിയാണ്, തീവ്രവാദിയാണ് എന്നതിന് തെളിവില്ല.

ഇഎംഎസിന്റെ വിവാദ പ്രസ്താവനയും അക്കാലത്തായിരുന്നു. മഹാത്മാഗാന്ധി ഹിന്ദു മതമൗലികവാദിയായിരുന്നു. അതു പോലെയാണ് മദനിയും എന്നായിരുന്നു ഇ.എം.എസ് അന്നു പറഞ്ഞത്.

ഇ.എം.എസ് എന്തു പറഞ്ഞാലും മദനിയുടെ തീവ്രവാദി മുദ്ര കേരളത്തില്‍ ശക്തമായിരുന്നു. ഇതിനിടെ മുസ്‌ലിം ലീഗിന് മദനി വല്ലാത്ത തലവേദനയായി മാറുകയായിരുന്നു. മദനി സ്വന്തം രാഷ്ട്രീയ പ്രസ്ഥാനമുണ്ടാക്കിയപ്പോള്‍ പലര്‍ക്കും ആശ്വാസമായി. ഒരു മതപണ്ഡിതന്റെ ആരോപണങ്ങളേക്കാള്‍ നേരിടാന്‍ എളുപ്പമാണ് ഒരു രാഷ്ട്രീയ നേതാവിന്‍േറത്. രാഷ്ട്രീയത്തില്‍ മദനിയുടെ പരിചയക്കുറവ് താമസിയാതെ പ്രകടമാവുകയും ചെയ്തു.

കോയമ്പത്തൂര്‍ സ്‌ഫോടന കേസിലെ പ്രതികളുമായി മദനിക്കുള്ള ബന്ധത്തിന്റെ പേരില്‍ അദ്ദേഹം തടവിലായപ്പോള്‍ നിരപരാധിത്വം തെളിയിച്ച് ഉടനെ മോചിതനാകുമെന്നായിരുന്നു ധാരണ. എന്നാല്‍, ശക്തമായ വകുപ്പുകള്‍ അനുസരിച്ചാണ് മദനിയെ തടവിലാക്കിയത്. കേരളത്തില്‍നിന്ന് മദനി അങ്ങനെ പെട്ടെന്ന് അപ്രത്യക്ഷനായപ്പോള്‍ പലര്‍ക്കും ആഹ്ലാദമായിരുന്നു. എന്നാല്‍, ശക്തരായ ഒരു സംഘം മദനിക്കു പിന്നില്‍ ഉറച്ചുനിന്നു.

ആ അഭിമുഖം കഴിഞ്ഞ് കുറേ ദിവസങ്ങള്‍ക്ക് ശേഷമാണ് പള്ളിയില്‍ സ്‌ഫോടനമുണ്ടായതും മദനിക്ക് ഒരു കാല് നഷ്ടപ്പെട്ടതും. ആ രാത്രി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഞാന്‍ മദനിയെ നേരിട്ടുകണ്ടു. ഞാന്‍ കാണുമ്പോള്‍ പൂര്‍ണബോധവാനായിരുന്നു. ആ അപകടവും കാലിന്റെ നഷ്ടവും മദനിയെ തളര്‍ത്തിയതായി പിന്നീടുള്ള നാളുകളില്‍ തോന്നിയിട്ടില്ല.

ഇതിനിടെ കൊച്ചിയില്‍ വെച്ച് ഞാന്‍ സൂഫിയ മദനിയുമായി ഒരു അഭിമുഖം നടത്തി. മദനിയെ കേസില്‍ കുടുക്കിയതാണെന്നും നീതി നിഷേധമാണെന്നും മറ്റും സൂഫിയ അന്ന് ശക്തമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു. സൂഫിയയുമായി ഞാന്‍ നടത്തിയ അഭിമുഖത്തിന് പ്രതീക്ഷിച്ചത്ര പ്രതികരണമുണ്ടാക്കാന്‍ സാധിച്ചില്ല എന്നതാണ് സത്യം. അക്കാലത്ത് മദനിയുമായിട്ടുള്ള ബന്ധം തുറന്നു പറയുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നതും ഞാന്‍ ശ്രദ്ധിച്ചു.

കോടതിയുടെ അനുവാദത്തോടെ ഇടയ്ക്ക് ഒന്നു രണ്ടു തവണ മദനി കേരളത്തില്‍വന്നു. ആദ്യമൊക്കെ അദ്ദേഹം താന്‍ അനര്‍ഹമായി അനുഭവിക്കുന്ന ശിക്ഷയുടെ നൊമ്പരങ്ങള്‍ നാട്ടുകാരെ വികാരഭരിതനായി അറിയിച്ചിരുന്നു. പിന്നീട് വളരെ പതുക്കെയാണെങ്കിലും കാര്യങ്ങള്‍ തന്റെ മോചനത്തിലേക്ക് നീങ്ങുകയാണ് എന്ന ഒരു വിശ്വാസം അദ്ദേഹത്തിനുണ്ടായി. 'പ്രതീക്ഷയുടെ കിരണങ്ങള്‍ കാണുന്നു' -അദ്ദേഹം പറഞ്ഞു.

ഞാന്‍ ആലോചിയ്ക്കുകയാണ്. സ്‌ഫോടനത്തില്‍ കാല്‍ നഷ്ടപ്പെടാതിരിയ്ക്കുകയും കേസില്‍ കുടുങ്ങാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ മദനി എന്തു തരം സ്വാധീനമാവും കേരളത്തിലുണ്ടാക്കി കാണുക? ഒരു കാര്യം ഉറപ്പാണ്. അദ്ദേഹത്തിന്റെ ശക്തി തള്ളിക്കളയാന്‍ ആര്‍ക്കുമാവില്ലായിരുന്നു. മദനിയ്ക്ക് ഇടയ്ക്ക് തിരുവനന്തപുരത്ത് നല്‍കിയ സ്വീകരണത്തില്‍ എല്ലാ പ്രധാന നേതാക്കളും പങ്കെടുത്ത കാര്യം ഓര്‍ക്കുക. മദനി തടവിലായതു കൊണ്ട് അദ്ദേഹത്തിന്റെ പ്രസ്ഥാനം ദുര്‍ബലമായി എന്നത് മറ്റൊരു സത്യം. ആ വ്യക്തിപ്രഭാവത്തിന് തുല്യമായി നില്‍ക്കാന്‍ മറ്റൊരു വ്യക്തിത്വവുമില്ലായിരുന്നു.

ഇടയ്ക്ക് കേരളത്തില്‍വന്നപ്പോള്‍ എന്നെ മദനി ഫോണ്‍ ചെയ്തു. എന്റെ രോഗവിവരമറിഞ്ഞ് അന്വേഷിക്കാന്‍ വിളിച്ചതാണ്. തന്റെ പ്രശ്‌നങ്ങള്‍ക്കിടയിലും അദ്ദേഹം അങ്ങനെ ചിന്തിച്ചത് എന്നെ അതിശയിപ്പിച്ചു. മദനി ആദ്യകാലത്ത് സ്വീകരിച്ചിരുന്ന നിലപാടിനോട് എനിക്കിന്നും വിയോജിപ്പുണ്ട്. എന്നാല്‍, അദ്ദേഹം ഒരു കൊലപാതകത്തിന് കൂട്ടു നില്‍ക്കുന്ന വ്യക്തിയാണ് എന്ന് വിശ്വസിയ്ക്കാന്‍ എനിക്ക് സാധിക്കില്ല.

PREV
KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

ബ്രിട്ടീഷ് ഗ്രാമീണന്റെ അടുക്കളകാര്യത്തില്‍ മലയാളിക്ക് എന്തു കാര്യം