Latest Videos

ഇന്ത്യക്കാരേ ഇതിലേ..., വമ്പന്‍ അവസരം! ലക്ഷങ്ങളുടെ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് പ്രമുഖ യുകെ സര്‍വകലാശാല

By Web TeamFirst Published Nov 22, 2023, 3:12 PM IST
Highlights

വിദ്യാർത്ഥികളുടെ അക്കാദമിക് നേട്ടങ്ങള്‍ സ്‌കോളര്‍ഷിപ്പ് നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനമാണ്. അക്കാദമിക് അല്ലെങ്കില്‍ വര്‍ക്ക് റഫറന്‍സുകളും ഇംഗ്ലീഷ് ഭാഷാ പരീക്ഷാ ഫലങ്ങളും സഹിതം ഒരു സമഗ്രമായ ഉദ്ദേശ്യ പ്രസ്താവന നൽകണം.

ലണ്ടന്‍: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി അക്കാദമിക് എക്‌സലന്‍സ് ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് സ്‌കോളര്‍ഷിപ്പ് ആരംഭിച്ച് യുകെ സര്‍വകലാശാല. യുകെയിലെ എസെക്‌സ് സര്‍വകലാശാലയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പ് ആരംഭിച്ചത്. 2024 ജനുവരിയിലെ ഇന്‍ടേക്കുകള്‍ക്ക് എന്റോള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 3000 പൗണ്ട് വരെ ( 3,13,304 രൂപ) സ്‌കോളര്‍ഷിപ്പ് ലഭിക്കും. 


ഭാഗിക ട്യൂഷന്‍ ഫീസ് ഇളവായി നല്‍കുന്ന സ്‌കോളര്‍ഷിപ്പ്, വിദേശത്തോ യുകെയിലോ ബിരുദം പൂര്‍ത്തിയാക്കിയ, ടയര്‍ 2 സര്‍വകലാശാലകളില്‍ നിന്നുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കാണ് ലഭിക്കുന്നത്. കോഴ്‌സുകള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകര്‍ സ്‌കോളര്‍ഷിപ്പിന് പരിഗണിക്കപ്പെടും. അപേക്ഷക്കൊപ്പ നല്‍കുന്ന അക്കാദമിക് ട്രാന്‍സ്‌ക്രിപ്റ്റുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും അടിസ്ഥാനത്തിലായിരിക്കും യോഗ്യത നിര്‍ണയിക്കുന്നത്. നവംബര്‍ 30 ആണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി.

വിദ്യാര്‍ത്ഥികളുടെ അക്കാദമിക് നേട്ടങ്ങള്‍ സ്‌കോളര്‍ഷിപ്പ് നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനമാണ്. അക്കാദമിക് അല്ലെങ്കില്‍ വര്‍ക്ക് റഫറന്‍സുകളും ഇംഗ്ലീഷ് ഭാഷാ പരീക്ഷാ ഫലങ്ങളും സഹിതം ഒരു സമഗ്രമായ ഉദ്ദേശ്യ പ്രസ്താവന നല്‍കണം. കുറഞ്ഞത് 60 ശതമാനം അല്ലെങ്കില്‍ 6.5/10 സിജിപിഎ, അല്ലെങ്കില്‍ 2.6/4 സിജിപിഎ നേടുന്ന വിദ്യാര്‍ഥികളെ സ്വാഭാവികമായും പട്ടികയില്‍ ഉള്‍പ്പെടുത്തും. ഈ സ്‌കോളര്‍ഷിപ്പ് ഈസ്റ്റ് 15 ആക്ടിംഗ് സ്‌കൂള്‍ ഒഴികെയുള്ള എല്ലാ കോഴ്‌സുകളിലും ഡിപ്പാര്‍ട്ട്‌മെന്റുകളിലും പ്രവേശന സാധുതയുള്ളതാണ്. വിശദ വിവരങ്ങള്‍ക്ക് essex.ac.uk/scholarships വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഇംഗ്ലണ്ടിലെ കോൾചെസ്റ്ററിലാണ് എസെക്‌സ് യൂണിവേഴ്‌സിറ്റി സ്ഥിതി ചെയ്യുന്നത്. 1963-ൽ സ്ഥാപിതമായ ഈ സർവകലാശാലക്ക് കോൾചെസ്റ്റർ, സൗത്ത്ഹെൻഡ്, ലോട്ടൺ എന്നിവിടങ്ങളിൽ മൂന്ന് ക്യാമ്പസുകളുമുണ്ട്. ഗ്ലോബൽ ടൈംസ് ഹയർ എഡ്യൂക്കേഷൻ ഇംപാക്ട് റാങ്കിംഗിൽ 2023ൽ ലോകമെമ്പാടുമുള്ള 1,400 സർവ്വകലാശാലകളിൽ എസെക്സ് യൂണിവേഴ്സിറ്റി 56-ാം സ്ഥാനം നേടിയിട്ടുണ്ട്.

Read Also -  പ്രവാസികൾക്ക് ആഘോഷ ദിനങ്ങൾ; 2024 'പൊടിപൊടിക്കും', അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു, പൊതു, സ്വകാര്യ മേഖലക്ക് ബാധകം

19 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ പഠിക്കാം

ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് സർവകലാശാലയിലെ സ്കൂൾ ഓഫ് ആർട്സ് ആൻഡ് ഹ്യുമാനിറ്റീസില്‍ സ്കോളര്‍ഷിപ്പോടെ പിഎച്ച്ഡി ചെയ്യാം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 5നകം അപേക്ഷിക്കണം. ഇന്ത്യയിലെ പ്രൈമറി സ്കൂളുകളിൽ ഇംഗ്ലീഷിന്റെ ബഹുഭാഷാ അദ്ധ്യാപനവും പഠനവും എന്ന വിഷയത്തിലാണ് ഗവേഷണം.

ഫാക്കല്‍റ്റി ഓഫ് മോഡേണ്‍ ആന്‍റ് മെഡീവല്‍ ലാംഗ്വേജ് ആന്‍റ് ലിംഗ്വിസ്റ്റിക്സ് വിഭാഗത്തിലെ ഗവേഷണത്തിനാണ് അപേക്ഷ ക്ഷണിച്ചത്. ഇന്ത്യയിലെ പോലെ വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നവരുള്ള ക്ലാസ് മുറികളില്‍ ഒന്നിലധികം ഭാഷ ഉപയോഗിക്കുന്നത് സംബന്ധിച്ചാണ് ഗവേഷണം നടത്തേണ്ടത്. "ഇന്ത്യയിലെ പ്രൈമറി സ്കൂളുകളിൽ ഇംഗ്ലീഷിന്റെ ബഹുഭാഷാ അദ്ധ്യാപനം, പഠനം, വിലയിരുത്തൽ" എന്ന പ്രോജക്ടിലുള്ള താത്പര്യം വ്യക്തമായി പ്രകടിപ്പിക്കാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കഴിയണം.  

കേംബ്രിഡ്ജ് സർവ്വകലാശാലയിലെ പ്രൊഫസർ ഇയാന്തി സിംപ്ലി, ബ്രിട്ടീഷ് കൗൺസിൽ യുകെയിലെ സഹ-സൂപ്പർവൈസർ എമി ലൈറ്റ്ഫൂട്ട്, ഇന്ത്യയിലെ ബ്രിട്ടീഷ് കൗൺസിലിലെ ഡോ ദേബഞ്ജൻ ചക്രബർത്തി എന്നിവരാണ് മേല്‍നോട്ടം വഹിക്കുക. ഓപ്പൺ- ഓക്സ്ഫോർഡ്- കേംബ്രിഡ്ജ് എഎച്ച്ആർസി ഡോക്ടറൽ ട്രെയിനിംഗ് പാർട്ണർഷിപ്പാണ് ഗവേഷണത്തിനുള്ള ധനസഹായം നൽകുന്നത്. 

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വര്‍ഷത്തില്‍ 19,17,200 രൂപ (18622 പൗണ്ട് സ്റ്റൈപ്പൻഡും 550 പൗണ്ട് സിഡിഎ അലവൻസും) ഗ്രാന്‍റ് ലഭിക്കും. കൂടാതെ ബ്രിട്ടീഷ് കൗൺസിൽ നടത്തുന്ന ഫീൽഡ് റിസര്‍ച്ചിന് പ്രത്യേക ഫണ്ട് അനുവദിക്കും. 2024 ഒക്ടോബറില്‍ ആരംഭിക്കുന്ന അധ്യയന വര്‍ഷത്തിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താത്പര്യമുള്ളവര്‍ക്ക് jobs.cam.ac.uk/job/43145/ വഴി ഡിസംബർ 5 നകം അപേക്ഷ സമർപ്പിക്കാവുന്നതാണ്. എങ്ങനെയാണ് അപേക്ഷിക്കേണ്ടതെന്നും യോഗ്യതകള്‍ എന്തെല്ലാമാണെന്നും ഈ വെബ്സൈറ്റിലൂടെ വിശദമായി അറിയാം.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!