'ഇന്ധനവില വര്‍ധന ഒരു പ്രശ്‌നമാണ്'; ബാലശങ്കറിന്‍റെ ആരോപണം, സൗജന്യ ഭക്ഷ്യക്കിറ്റ്... മറുപടിയുമായി കണ്ണന്താനം

By Web TeamFirst Published Mar 19, 2021, 12:11 PM IST
Highlights

മോദിയുടെ ഭരണശൈലിയും പാവങ്ങള്‍ക്ക് വേണ്ടി ചെയ്തിരിക്കുന്ന കാര്യങ്ങളും കേരളത്തില്‍ കൊണ്ടുവരണമെന്ന സ്വപ്‌നം ഇക്കുറി യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്. പ്രധാനമന്ത്രിയോടുള്ള ആരാധന ധാരാളം പേര്‍ക്കുണ്ട്. അദ്ദേഹം ജനങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്നും പണം മോഷ്ടിക്കില്ലെന്നും എല്ലാവര്‍ക്കും വിശ്വാസമുണ്ട്.

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുക്കുന്തോറും വിവാദങ്ങളും വര്‍ധിക്കുകയാണ്. കേരളത്തില്‍ സിപിഎം-ബിജെപി ധാരണയുണ്ടെന്ന ആര്‍എസ്എസ് നേതാവ് ഡോ ആര്‍ ബാലശങ്കറിന്റെ ആരോപണം പുതിയ രാഷ്ട്രീയപ്പോരിന് വഴിതെളിയിച്ചിരിക്കുന്നു. ഇതിനിടെ കുതിച്ചുയരുന്ന ഇന്ധനവിലയും പാചകവാതകവിലയും. ഈ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രതീക്ഷകളെന്തൊക്കെ? മുന്‍ കേന്ദ്രമന്ത്രിയും മുന്‍ എംഎല്‍എയും രാജ്യസഭാംഗവും ഈ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ ശ്രീ അല്‍ഫോന്‍സ് കണ്ണന്താനവുമായി വിനു വി ജോണ്‍ നടത്തിയ അഭിമുഖം...

ഒരിക്കല്‍ എംഎല്‍എ ആയിരുന്ന കാഞ്ഞിരപ്പള്ളിയില്‍ ഇക്കുറി വീണ്ടും മത്സരിക്കാനിറങ്ങുന്നു. അന്നത്തെ മണ്ഡലമല്ല ഇന്ന് കാഞ്ഞിരപ്പള്ളി. ഈ മാറ്റം സാധ്യതകളെ ബാധിക്കുമോ?

എന്റെ കാഴ്ചപ്പാടില്‍ ഇല്ല. വളരെയധികം സന്തോഷമുണ്ട് എംഎല്‍എ സ്ഥാനാര്‍ത്ഥിയായി വീണ്ടും ഇവിടേക്ക് വരാന്‍ കഴിഞ്ഞതില്‍. എന്റെ തറവാട് വെള്ളാവൂര്‍ പഞ്ചായത്തിലാണ്. വെള്ളാവൂര്‍, കങ്ങഴ, നെടുങ്കുന്നം, കറുകച്ചാല്‍ എന്നിങ്ങനെ എന്റെ വീടുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശങ്ങള്‍ കൂടി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിന്റെ ഭാഗമായത് ഗുണകരമാണെന്നാണ് കരുതുന്നത്. എന്നെ അറിയാവുന്ന ധാരാളം പുതിയ വോട്ടര്‍മാര്‍ കൂടി മണ്ഡലത്തിലുള്‍പ്പെട്ടു.

കഴിഞ്ഞ തവണ എംഎല്‍എയായിരുന്നു. അഞ്ചുവര്‍ഷം കഴിഞ്ഞ് വീണ്ടും സ്ഥാനാര്‍ത്ഥിയാകുന്ന ഘട്ടത്തിലാണ് രാജി വെച്ചത്. ഇപ്പോഴും ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്. എന്തുകൊണ്ടായിരുന്നു അങ്ങനെയൊരു തീരുമാനം?

സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോഴാണ് ഞാന്‍ രാജിവെച്ചത്. മാര്‍ച്ച് 16-ാം തീയതി എന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. അതേ ദിവസം തന്നെയാണ് രാജിവെച്ചതും.കേരളത്തില്‍ ആരും പട്ടിണി കിടക്കുന്ന അവസ്ഥ ഇല്ലാതിരുന്ന സമയമായിരുന്നു. ഇന്ത്യയില്‍ കോടിക്കണക്കിന് കുട്ടികള്‍ പട്ടിണി കിടക്കുന്നു. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സാധിക്കുന്നില്ല. എനിക്ക് ഇവിടെ ചെയ്യാന്‍ സാധിച്ച കാര്യങ്ങള്‍ ദില്ലിയില്‍ ചെയ്യാന്‍ കഴിഞ്ഞാല്‍ അത് നല്ലതല്ലേ. മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിജി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അവിടെ വലിയ അത്ഭുതങ്ങള്‍ കാണിച്ച മനുഷ്യനാണ്. അദ്ദേഹം പ്രധാനമന്ത്രിയാകുമ്പോള്‍ ഇന്ത്യയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കും. അതുകൊണ്ടാണ് ദില്ലിയിലേക്ക് പോയത്. എനിക്കിവിടെ പ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു.

സാധാരണ ജനപ്രതിനിധികളെക്കുറിച്ച്, എംഎല്‍എ ആയാലും എംപി ആയാലും ആളുകളുടെ പ്രതീക്ഷ വിവാഹത്തിനും മരണസ്ഥലത്തുമൊക്കെ വരണം എന്നാണ്. ശ്രീ അല്‍ഫോന്‍സ് കണ്ണന്താനം ഇവിടെ എംഎല്‍എ ആയിരുന്നപ്പോഴും അക്കാര്യത്തില്‍ വലിയ ശ്രദ്ധ കൊടുത്തിരുന്നില്ല. ജനപ്രതിനിധികളില്‍ നിന്ന് ജനങ്ങള്‍ ഇത്തരം കാര്യങ്ങള്‍ പ്രതീക്ഷിക്കണോ? അവരുടെ ജോലി വേറെയാണോ?

ഇന്ന് കേരളത്തിലെ എംഎല്‍എമാര്‍ ചെയ്യുന്ന പ്രധാന പണി കല്യാണം, മരണം തുടങ്ങിയ ചടങ്ങുകളില്‍ പങ്കെടുക്കുകയാണ്. കുറേ ആല്‍ബങ്ങളില്‍ പടം വരണം. ജനങ്ങള്‍ എന്നെ തെരഞ്ഞെടുത്തിരിക്കുന്നത് വികസനവും ജോലിയും അടിസ്ഥാന സൗകര്യങ്ങളുമൊക്കെ കൊണ്ടുവരാന്‍ വേണ്ടിയാണ്. അതുകൊണ്ട് കല്യാണങ്ങള്‍ക്കും മരണസ്ഥലങ്ങളിലും വരില്ലെന്ന് ഞാനിവിടെ എംഎല്‍എ ആയി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ പറഞ്ഞതാണ്. പക്ഷേ അത് ജനങ്ങള്‍ക്ക് വലിയ ഷോക്ക് ആയിരുന്നു. മൂന്ന് മാസം കഴിഞ്ഞപ്പോള്‍ ഞാന്‍ എല്ലാ ദിവസവും പഞ്ചായത്തുകളിലേക്ക് പോയി ജനങ്ങളോട് സംസാരിച്ചു. ഇവിടേക്ക് പൈസ കൊണ്ടുവരാന്‍ തുടങ്ങിയപ്പോള്‍ ജനങ്ങള്‍ പറഞ്ഞു ഇങ്ങനെ തന്നെ മുമ്പോട്ട് പോയാല്‍ മതിയെന്ന്. ഞാന്‍ ജനങ്ങളോട് പറഞ്ഞു നിങ്ങള്‍ വേണമെങ്കില്‍ വേറെ ഒരു എംഎല്‍എയെ കൂടി തെരഞ്ഞെടുത്തോളൂ- കല്യാണ, മരണ എംഎല്‍എ. രണ്ടുവര്‍ഷമായപ്പോള്‍ ജനങ്ങള്‍ പറഞ്ഞു ഇപ്പോഴുള്ളത് പോലെ തന്നെ മതിയെന്ന്. ജനങ്ങള്‍ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്ന അധികാരമുള്ള ജോലികളാണ് പഞ്ചായത്ത് പ്രസിഡന്റ്, എംഎല്‍എ, കളക്ടര്‍.  

ഇത്തവണ ബിജെപി കേരളത്തില്‍ നില മെച്ചപ്പെടുത്തുമോ?

തീര്‍ച്ചയായും. ആറു വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ ഇന്ത്യയില്‍ ചെലവഴിച്ചിരിക്കുന്ന പണത്തിന്റെ 70-75 ശതമാനവും പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ്. അടിസ്ഥാനസൗകര്യങ്ങള്‍ക്ക് വേണ്ടിയാണ്. മോദിയുടെ ഭരണശൈലിയും പാവങ്ങള്‍ക്ക് വേണ്ടി ചെയ്തിരിക്കുന്ന കാര്യങ്ങളും കേരളത്തില്‍ കൊണ്ടുവരണമെന്ന സ്വപ്‌നം ഇക്കുറി യാഥാര്‍ത്ഥ്യമാകാന്‍ പോകുകയാണ്. പ്രധാനമന്ത്രിയോടുള്ള ആരാധന ധാരാളം പേര്‍ക്കുണ്ട്. അദ്ദേഹം ജനങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യുമെന്നും പണം മോഷ്ടിക്കില്ലെന്നും എല്ലാവര്‍ക്കും വിശ്വാസമുണ്ട്. പ്യൂണ്‍ ജോലിക്ക് പോലും പിഎച്ച്ഡിക്കാരാണ് ഇവിടെ അപേക്ഷിക്കുന്നത്. ഇതിനിടയിലാണ് പാര്‍ട്ടിയുടെ ആളുകളെ, ഗുണ്ടകളെ പിന്‍വാതിലിലൂടെ ജോലിക്ക് നിയമിക്കുന്നത്. ഇങ്ങനെ മതിയോ കേരളം. കേരളത്തിലേത് പോലെ കഴിവുള്ള ജനത മറ്റെങ്ങും ഇല്ല.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു സര്‍ക്കാര്‍ ഇവിടെ കൊടുത്ത സൗജന്യ കിറ്റ് കേന്ദ്രത്തിന്റേതാണെന്നാണ് ബിജെപി പറയുന്നതെന്ന്. അതാണ് ശരിയെങ്കില്‍, ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ എന്തുകൊണ്ട് സൗജന്യകിറ്റ് കൊടുക്കുന്നില്ല. കേന്ദ്രസര്‍ക്കാരാണ് എല്ലാം ചെയ്യുന്നതെന്ന വ്യാജ പ്രതീതി ബിജെപി സൃഷ്ടിക്കുകയാണെന്നാണ് പറയുന്നത്.

അദ്ദേഹം പറയുന്നത് തെറ്റാണ്. ഇന്ത്യയില്‍ 85 കോടി ജനങ്ങള്‍ക്ക് എട്ടു മാസമായി സൗജന്യ ഭക്ഷണം കൊടുക്കുന്നുണ്ട്. ഇവിടെ വരുമ്പോള്‍ അത് പിണറായി സര്‍ക്കാര്‍ ഒരു കിറ്റാക്കി മാറ്റി അദ്ദേഹത്തിന്‍റെ പടവും വെച്ച് കൊടുത്താല്‍ അത് പിണറായി വിജയന്‍റേത് ആകുന്നില്ല. അത് കേന്ദ്രത്തില്‍ നിന്ന് തരുന്ന അരിയും ഗോതമ്പുമാണ്.

വോട്ടുകച്ചവടം നടക്കുന്നു എന്നാണ് എല്ലാ മുന്നണികളും പരസ്പരം ആരോപിക്കുന്നത്. വോട്ടുകച്ചവടവും വോട്ടുമറിക്കലുമാണോ ഈ തെരഞ്ഞെടുപ്പില്‍ നടക്കുന്നത്.

ഞാനൊരു രാഷ്ട്രീയ തന്ത്രജ്ഞനൊന്നുമല്ല. തീര്‍ച്ചയായും ബിജെപി അങ്ങനെ ചെയ്യില്ല. 

പെട്രോള്‍, ഡീസല്‍ വില കുതിക്കുകയാണ്.

ഞാനുള്‍പ്പെടെ എല്ലാവര്‍ക്കും അതൊരു പ്രശ്‌നമാണ്. 

പാചകവാതകവിലയും ഉയരുന്നു. വോട്ട് ചോദിക്കാന്‍ ചെയ്യുമ്പോള്‍ ജനങ്ങള്‍ ഇതൊക്കെ പറയില്ലേ?

എല്ലാ പ്രശ്‌നത്തിനും ഞങ്ങള്‍ ഇതുവരം പരിഹാരം കണ്ടിട്ടുണ്ടെന്ന് പറയില്ല. അതുകൊണ്ടാണല്ലോ വീണ്ടും അധികാരത്തിലെത്തണമെന്ന് പറയുന്നത്. ഇന്ത്യയില്‍ കോണ്‍ഗ്രസ് ഭരിച്ച ഇത്രയും വര്‍ഷക്കാലമുണ്ടാക്കിയ പ്രശ്‌നങ്ങള്‍ അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് പരിഹരിക്കാന്‍ കഴിയില്ല. കുറെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടു. ബിസിനസ് തുടങ്ങാനും ജോലികള്‍ സൃഷ്ടിക്കാനുമുള്ള അന്തരീക്ഷം ഉണ്ടായി. ഇനി അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. പെട്രോള്‍ വില വര്‍ധനവ് ഒരു പ്രശ്‌നമാണ്. അതിന് തീര്‍ച്ചയായും പരിഹാരം ഉണ്ടാക്കണം. 

പത്തനംതിട്ടയിലെ കോന്നിയിലും ആറന്മുളയിലും മഞ്ചേശ്വരത്തുമൊക്കെ സിപിഎം-ബിജെപി ധാരണയുണ്ടെന്നാണ് ഡോ ബാലശങ്കര്‍ ആരോപിക്കുന്നത്. അത്തരമൊരു ധാരണയുണ്ടോ?

ഒരു സീറ്റ് കിട്ടണമെന്ന് ഡോ. ബാലശങ്കര്‍ ആഗ്രഹിച്ചതാണ്. അത് കിട്ടാതിരുന്നപ്പോള്‍ 40 വര്‍ഷത്തോളം പാര്‍ട്ടി ഇങ്ങനെയാക്കിയ ബാലശങ്കര്‍ ഇത്തരത്തില്‍ പറഞ്ഞാല്‍ എന്ത് മറുപടി പറയാനാണ്. അത് മറുപടി അര്‍ഹിക്കുന്നുണ്ടോ. 

click me!