തോമസ്-ജോസഫ് ലയനം, കുറ്റ്യാടി, പെയ്‌മെന്‍റ് സീറ്റ്; മറുപടിയുമായി ജോസ് കെ മാണി

By Web TeamFirst Published Mar 18, 2021, 12:49 PM IST
Highlights

പി സി തോമസ്- പി ജെ ജോസഫ് ലയനത്തെ കുറിച്ച് പ്രതികരിച്ച് കേരള കോണ്‍ഗ്രസ് എം ചെയര്‍മാര്‍ ജോസ് കെ മാണി. വിനു വി ജോണ്‍ നടത്തിയ അഭിമുഖം. 

പാലാ: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ഏറ്റവും ശ്രദ്ധേയമായ പാര്‍ട്ടികളിലൊന്ന് കേരള കോണ്‍ഗ്രസ് എമ്മാണ്. യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് ചേക്കേറിയ ജോസ് കെ മാണിയും കൂട്ടരും ഇത്തവണ എന്ത് ചലനമാകും സൃഷ്‌ടിക്കുക. കുറ്റ്യാടി, പിറവം സീറ്റുകളെ ചൊല്ലിയുള്ള വിവാദങ്ങളും തോമസ്-ജോസഫ് ലയനവും കേരള കോണ്‍ഗ്രസില്‍ പുതിയ വഴിത്തിരിവുകള്‍ സൃഷ്‌ടിക്കുമ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. വിനു വി ജോണ്‍ നടത്തിയ പ്രത്യേക അഭിമുഖത്തിന്‍റെ പൂര്‍ണ രൂപം വായിക്കാം. 

ജോസ് കെ മാണി പാലായില്‍ മത്സരിക്കുകയാണ്. 50 വര്‍ഷം മാണി സാറിനൊപ്പം നിന്ന മണ്ഡലം ഒന്നര വര്‍ഷം മുമ്പാണ് നിങ്ങള്‍ക്ക് നഷ്‌ടമായത്. പാലാ തിരിച്ചുപിടിക്കുക എന്നത് അഭിമാന പോരാട്ടം മാത്രമല്ല, നിലനില്‍പിന് അത്യാവശ്യമാണ്. എന്താണ് പ്രചാരണം തുടങ്ങിയപ്പോള്‍ തോന്നുന്നത്? 

സംഘടനാപരമായി എല്‍ഡിഎഫിന്‍റെയും കേരള കോണ്‍ഗ്രസിന്‍റേയും പ്രചാരണ പരിപാടികള്‍ കഴിഞ്ഞു. ഭവനസന്ദര്‍ശവും കാര്യങ്ങളുമൊക്കെ നടന്നുവരികയാണ്. നമ്മള്‍ കാണുന്ന പ്രധാന ജനവികാരം ഇടതുപക്ഷ സര്‍ക്കാരിന്‍റെ തുടര്‍ഭരണമാണ്. 

എതിര്‍ സ്ഥാനാര്‍ഥി പാലായിലെ ഒന്നര വര്‍ഷത്തിനിടയിലെ വികസനമാണ് പ്രധാന പ്രചാരണ വിഷയമാക്കുന്നത്. അത് എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പം നിന്നാണ്. അതും നിങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണോ?

ഇപ്പോള്‍ വലിയൊരു കള്ളപ്രചാരണം വരികയാണ്. അത് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. റോഡുകള്‍ വന്നു. 400 ഉം 500 ഉം കോടി വികസനം വന്നു എന്നാണ് പറയുന്നത്. എവിടെയെങ്കിലും പുതിയൊരു പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ടോ എന്നതാണ് ചോദ്യം. 

എല്‍ഡിഎഫ് വിരുദ്ധ മനോഭാവമുണ്ടായിരുന്ന അണികള്‍ എല്‍ഡിഎഫിനെ അംഗീകരിച്ച് ഇപ്പോള്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുമോ?

യുഡിഎഫ് ഞങ്ങളോട് ചെയ്തത് അനീതിയായിരുന്നു എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. നമുക്ക് സമയം കിട്ടി. അവരെ രാഷ്‌ട്രീയമായി കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ കഴിഞ്ഞു. ഒറ്റക്കെട്ടായി എല്‍ഡിഎഫ് തുടര്‍ഭരണത്തിനായി മുന്നോട്ടുപോവുകയാണ്.  

എല്‍ഡിഎഫ് 13 സീറ്റ് നല്‍കി. ഒറ്റ കേരള കോണ്‍ഗ്രസായി യുഡിഎഫില്‍ മത്സരിക്കുമ്പോള്‍ ആകെ 15 സീറ്റേയുണ്ടായിരുന്നുള്ളൂ. നിങ്ങള്‍ക്ക് 13 സീറ്റുകള്‍ ലഭിച്ചതുകൊണ്ടാണ് ജോസഫ് വിഭാഗം കൂടുതല്‍ സീറ്റുകള്‍ ചോദിച്ച് യുഡിഎഫിന്‍റെ സീറ്റ് വിഭജനം തന്നെ പ്രതിസന്ധിയിലാക്കിയത്. എന്തുകൊണ്ടാണ് 13ല്‍ ഒരു സീറ്റ് പെട്ടെന്ന് വിട്ടുകൊടുക്കാന്‍ തീരുമാനിച്ചത്?

അതൊരു സവിശേഷ സാഹചര്യത്തിലാണ്. ആ സാഹചര്യമുണ്ടായിക്കഴിഞ്ഞപ്പോള്‍, ഒറ്റക്കെട്ടായി ഇടതുപക്ഷം മുന്നോട്ടുപോകണം എന്ന ആഗ്രഹത്തിലാണ് സീറ്റ് വിട്ടുകൊടുത്തത്. ആരുടേയും സമ്മര്‍ദമുണ്ടായില്ല, ആരും ആവശ്യപ്പെട്ടില്ല. പ്രാദേശികമായുള്ള ചര്‍ച്ചകളില്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയാതെ വന്നപ്പോള്‍ കെട്ടുറപ്പോടെ മുന്നോട്ടുപോകാന്‍ നല്ല സ്‌പിരിറ്റോടെ സീറ്റ് ഒറ്റത്തവണത്തേയ്‌ക്ക് വിട്ടുകൊടുക്കാന്‍ തയ്യാറാവുകയായിരുന്നു. 

സിപിഎമ്മുമായി ചര്‍ച്ച നടത്തുന്നു, സീറ്റ് വീട്ടുകൊടുക്കുന്നു. അത് സിപിഎമ്മിന്‍റെ സമ്മര്‍ദം കൊണ്ടായിരുന്നോ?

യുഡിഎഫുമായുള്ള വ്യത്യാസം, സിപിഎം ഒരു വാക്ക് പറഞ്ഞാല്‍ അത് പ്രാവര്‍ത്തികമാക്കാറുണ്ട് എന്നതാണ്. അവിടെയൊരു വിഷയം വന്ന്, ആളിക്കത്തിച്ച്, പ്രകോപിപ്പിച്ച്, അവിടെയൊരു സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ പാര്‍ട്ടിക്ക് താല്‍പര്യമില്ല. 

എല്‍ഡിഎഫിനേയും സിപിഎമ്മിനേയും കുറിച്ച് പറയുന്ന കാര്യമുണ്ട്. ചവറയില്‍ കഴിഞ്ഞ തവണ സിഎംപിക്ക് സീറ്റ് കൊടുത്തു. സ്ഥാനാര്‍ഥിയേയും സിപിഎം തന്നു, വിജയന്‍ പിള്ള. ഇക്കുറി 13 സീറ്റ് തന്നു. സ്ഥാനാര്‍ഥിയേയും സിപിഎം തന്നോ? ഉദാഹരണത്തിന് പിറവം...

പിറവത്ത് അവരൊന്നും(സിന്ധുമോള്‍ ജേക്കബ്) സിപിഎം അല്ല. സ്വതന്ത്ര ചിഹ്നത്തില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്‍റായ ആളാണ്. അവരുടെ കുടുംബം പഴയ കേരള കോണ്‍ഗ്രസാണ്. വിജയസാധ്യതകൂടി പരിഗണിച്ചാണ് സ്ഥാനാര്‍ഥിയാക്കിയത്. സിന്ധുമോളെ സിപിഎം പുറത്താക്കിയിട്ടില്ല. സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ ക‍ൃത്യമായി പറഞ്ഞിട്ടുണ്ട്. കാരണം പുറത്താക്കാനുള്ള അധികാരം അദേഹത്തിനാണ്. 

ജോസ് കെ മാണിയുടെ പാര്‍ട്ടിയില്‍ സ്ഥാനാര്‍ഥികള്‍ ഇല്ലാത്തതല്ല. പിറവത്ത് എന്നല്ല എവിടേയുെ നിര്‍ത്താന്‍ ആളുകളുണ്ട്. എന്തുകൊണ്ട് സിന്ധുമോള്‍ ജേക്കബ് എന്നതാണ് സംശയം?

വിജയസാധ്യത പരിഗണിച്ചാണ് സീറ്റ് നല്‍കിയത്. പഴയ കേരള കോണ്‍ഗ്രസ് കുടുംബമാണ്. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് ഇതുവരെ നിന്നിട്ടുള്ളത്. പൂര്‍ണമായും അവര് ജയിക്കുകയും ചെയ്യും. 

മുമ്പ് മാണി സാറിനെതിരെയും ഉയര്‍ന്ന ആരോപണമാണ്. ഒരുപാട് സീറ്റുകള്‍  പോയ്‌മെന്‍റ് സീറ്റുകളാണെന്നാണ് എതിരാളികള്‍ പ്രചരിപ്പിക്കുന്നത്...

സീറ്റ് കിട്ടാത്ത ഒരാള്‍ അങ്ങനെ പറഞ്ഞത് ചര്‍ച്ചയാക്കണോ...

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ കാര്യം ആലോചിച്ചാല്‍. സ്വന്തമായി പാര്‍ട്ടിയില്ല, ചിഹ്‌നമില്ല. പാര്‍ട്ടിയാവാന്‍ പി സി തോമസ് വിഭാഗത്തില്‍ ലയിക്കുന്നു. ബ്രായ്‌ക്കറ്റില്‍ ഒരു അക്ഷരമില്ലാത്ത കേരള കോണ്‍ഗ്രസായി അവര്‍ മാറുന്നത് നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുമോ?

അക്ഷരമില്ലാത്ത കേരള കോണ്‍ഗ്രസ് നേരത്തെയുമുണ്ടല്ലോ? പാര്‍ട്ടി പേരോ, രജിസ്റ്ററേഷനോ ചിഹ്‌നമോ ഇല്ലാത്ത പാര്‍ട്ടിയാണത്. നിലനില്‍പിന് വേണ്ടി അഡ്‌ജസ്റ്റ്‌മെന്‍റാണ് ഇപ്പോഴത്തെ ലയനം. കഴിഞ്ഞ ദിവസം എന്‍ഡിഎയുടെ യാത്രയില്‍ അവിടെയുണ്ടായിരുന്ന നേതാവ്, അവിടെനിന്ന് മാറിയിട്ടില്ല. കൃത്യമായി അവിടേക്ക് പോയി ലയിച്ചിരിക്കുകയാണ്. ജോസഫ് ഗ്രൂപ്പ് പി സി തോമസ് ഗ്രൂപ്പിലേക്ക് അങ്ങോട്ട്  ലയിച്ചു എന്ന് പറഞ്ഞാലുള്ള അര്‍ഥം അത് ബിജെപിയിലേക്കുള്ള പാലമാണ് എന്നതാണ്. നിലനില്‍ക്കാന്‍ ഒരു പേര് വേണം എന്നതാണ്. 

 

കൂടുതല്‍ മുസ്ലീം പ്രീണനം യുഡിഎഫ് നടത്തുന്നു. അത് ക്രൈസ്‌തവ വിഭാഗങ്ങള്‍ക്ക് കിട്ടേണ്ട പല ആനുകൂല്യങ്ങളും അവര്‍ക്ക് കൊടുത്തുകൊണ്ടാണ്. സഭകളെ കേന്ദ്രീകരിച്ചുള്ള ഈ പ്രചാരണങ്ങളില്‍  കേരള കോണ്‍ഗ്രസ് ഏതെങ്കിലും തരത്തില്‍ ഭാഗമാണോ?

സഭയൊന്നും ഒരിക്കലും രാഷ്‌ട്രീയത്തില്‍ ഇടപെടാറില്ല. അവരുടെ കാര്യത്തില്‍ ഞങ്ങളും ഇടപെടാറില്ല. ചില വിഷയങ്ങളില്‍, കര്‍ഷകരുടെ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ ഇടപെടാറുണ്ടാവാം. എവിടെ സാമൂഹിക അനീതി നടന്നാലും അത് തിരുത്തപ്പെടേണ്ടതാണ്.  

അഭിമുഖം കാണാം- വീഡിയോ

click me!