സ്വര്‍ണക്കടത്ത് നടന്നത് മുഖ്യമന്ത്രിയുടെ മൂക്കിനു താഴെ; ശബരിമല പ്രധാന പ്രചാരണ വിഷയം; ഗൗതം ഗംഭീര്‍

By Web TeamFirst Published Mar 23, 2021, 7:40 PM IST
Highlights

ശബരിമല വിഷയം പ്രധാന പ്രശ്നമാണ്. കാരണം ഹിന്ദുക്കളുടെ വികാരംവെച്ചാണ് സര്‍ക്കാര്‍ കളിച്ചത്. മറ്റ് ഹിന്ദു ക്ഷേത്രങ്ങളുടെ കാര്യത്തിലും അവര്‍ അതു തന്നെയാണ് ചെയ്തത്.

തൃശൂര്‍: കേരളത്തില്‍ ശബരിമല പ്രധാന പ്രചാരണ വിഷയമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീര്‍. വിശ്വാസികളുടെ വികാരത്തില്‍ പ്രഹരമേറ്റതിന് സര്‍ക്കാര്‍ മറുപടി പറയേണ്ടിവരും. സ്വര്‍ണക്കടത്ത് മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് നടന്നതെന്നും ഗംഭീര്‍ തൃശൂരില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സംസ്ഥാനത്ത് ബിജെപിക്ക് ഒരു എം എല്‍ എ മാത്രമാണ് നിയമസഭയിലുള്ളത്, ഇത്തവണ ബിജെപി നില മെച്ചപ്പെടുത്തുമോ ?

കഴിഞ്ഞ തവണത്തേതുപോലെ ഈ തെരഞ്ഞെടുപ്പിലും ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കും. കൂടുതല്‍ ബിജെപി എംഎല്‍എമാര്‍ ഇത്തവണ നിയമസഭയിലെത്തും. അത് ബിജെപിയെ കൂടുതല്‍ ശക്തരാക്കും.

കേരളത്തിലെ പ്രധാന പ്രചാരണ വിഷയം ശബരിമല തന്നെയാണോ ?

\

ശബരിമല വിഷയം പ്രധാന പ്രശ്നമാണ്. കാരണം ഹിന്ദുക്കളുടെ വികാരംവെച്ചാണ് സര്‍ക്കാര്‍ കളിച്ചത്. മറ്റ് ഹിന്ദു ക്ഷേത്രങ്ങളുടെ കാര്യത്തിലും അവര്‍ അതു തന്നെയാണ് ചെയ്തത്. അഴിമതിയാണ് മറ്റൊരു പ്രധാന വിഷയം. സ്വര്‍ണക്കടത്ത് കേസില്‍ എന്താണ് സംഭവിച്ചതെന്ന് നമ്മളെല്ലാവരും കണ്ടതാണ്. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് സ്വര്‍ണക്കടത്ത് നടന്നത്. ജനങ്ങള്‍ അത് തിരിച്ചറിഞ്ഞ് ഇത്തവണ ബിജെപിക്ക് വോട്ടു ചെയ്യും.

ഇ ശ്രീധരനെയും സുരേഷ് ഗോപിയെയും പോലുള്ള പ്രശസ്തര്‍ സ്ഥാനാര്‍ഥിയാകുന്നത് ബിജെപിക്ക് ഗുണം ചെയ്യുമോ ഇത്തവണ ?

ഇ ശ്രീധരനെയും സുരേഷ് ഗോപിയെയും പോലുള്ളവര്‍ പ്രശസ്തര്‍ മാത്രമല്ല സത്യസന്ധരുമാണ്. നിയമസഭയില്‍ കേരളത്തിലെ ജനങ്ങളെ പ്രതിനിധീകരിക്കാന്‍ യോഗ്യതയുള്ളവരാണ്. അവര്‍ക്ക് കേരളത്തെ പുതിയ ഉയരത്തിലെത്തിക്കാനാവും. രാജ്യത്തിനായി ഒരുപാട് സംഭാവ ചെയ്ത ഇ ശ്രീധരനെപ്പോലുള്ളവര്‍ക്ക് സംസ്ഥാനത്തിനായും വലിയ സംഭാവനകള്‍ നല്‍കാനാവും.

ഇ ശ്രീധരനാവുമോ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ?

അത് പാര്‍ട്ടി തീരുമാനിക്കേണ്ട കാര്യമാണ്. ശരിയായ സ്ഥാനാര്‍ഥികള്‍ക്ക്, സത്യസന്ധരായ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യുക എന്നതാണ് പ്രധാനം.

click me!