പ്രിയങ്കാഗാന്ധിക്ക് സൗന്ദര്യമുള്ളതുകൊണ്ട് വോട്ടുകിട്ടില്ലെന്ന് ബിഹാറിലെ ബിജെപി മന്ത്രി, വിവാദം

By Web TeamFirst Published Jan 25, 2019, 12:05 PM IST
Highlights

കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി നിയമിക്കപ്പെട്ട പ്രിയങ്കാഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശവുമായി ബിഹാറിലെ ബിജെപി മന്ത്രി.

പട്ന: സജീവരാഷ്ട്രീയത്തിലിറങ്ങിയതിന് പിന്നാലെ കോൺഗ്രസിന്‍റെ പുതിയ ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശവുമായി ബിജെപി മന്ത്രി. ബിഹാറിലെ ആരോഗ്യമന്ത്രിയും ബിജെപി നേതാവുമായ വിനോദ് നാരായൺ ഝായാണ് പ്രിയങ്കയ്ക്കെതിരെ മോശം പരാമർശം നടത്തിയത്. സൗന്ദര്യമുള്ളത് കൊണ്ട് വോട്ടുകിട്ടില്ലെന്നാണ് ഝാ പ്രിയങ്കയെക്കുറിച്ച് പറഞ്ഞത്.

"സുന്ദരമായ മുഖമുള്ളതുകൊണ്ട് വോട്ടുകിട്ടില്ല. അഴിമതിക്കേസിലും ഭൂമിയിടപാട് കേസുകളിലും പ്രതിയായ റോബർട്ട് വദ്രയുടെ ഭാര്യയാണല്ലോ അവർ. നല്ല സൗന്ദര്യമുണ്ടെന്നല്ലാതെ അവർക്ക് എന്ത് രാഷ്ട്രീയനേട്ടമാണുള്ളത്?'' വിനോദ് നാരായൺ ഝാ വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ ചോദിക്കുന്നു.

കഴിഞ്ഞ 23-ാം തീയതിയാണ് കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധിയെ കോൺഗ്രസ് നിയമിച്ചത്. കോൺഗ്രസിന്‍റെ സംഘടനാസംവിധാനമനുസരിച്ച് 40 ലോക്‍സഭാ മണ്ഡലങ്ങളാണ് കിഴക്കൻ ഉത്തർപ്രദേശിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗൊരഖ് പൂർ, സ്വന്തം മണ്ഡലങ്ങളായ അമേഠി, റായ്ബറേലി എന്നീ മണ്ഡലങ്ങളും പ്രിയങ്കാ ഗാന്ധിയുടെ ചുമതലയിലാണ്. പ്രിയങ്കയെ കളത്തിലിറക്കുന്നതോടെ, ബിജെപിയുടെ സവർണവോട്ടുകൾ പെട്ടിയിൽ വീഴുമെന്നാണ് കോൺഗ്രസിന്‍റെ കണക്കുകൂട്ടൽ.

click me!