ഉപതെരഞ്ഞെടുപ്പുകള്‍: രാജ്യത്ത് ബിജെപിക്ക് തിരിച്ചടി

By Web TeamFirst Published Oct 25, 2019, 9:46 AM IST
Highlights

ഗുജറാത്തിലാണ് ബിജെപിക്ക് കനത്ത തിരിച്ചടിയേറ്റത്. ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസില്‍നിന്ന് മറുകണ്ടം ചാടി ബിജെപിയിലെത്തിയ അല്‍പേഷ് ഠാക്കൂര്‍, ധവല്‍ സിംഗ് ഝാല എന്നിവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളോട് തോറ്റു.

ദില്ലി: രാജ്യത്താകമാനം നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടി. 16 സംസ്ഥാനങ്ങളിലും പുതുച്ചേരിയിലുമായി 51 നിയമസഭ മണ്ഡലങ്ങളിലേക്കാണ് 21ന് ഉപതെരഞ്ഞെടുപ്പുകള്‍ നടന്നത്. ഇതില്‍ 20 എണ്ണം ബിജെപിയുടെ സിറ്റിംഗ് സീറ്റുകള്‍. കോണ്‍ഗ്രസിന്‍റേത് 12. ഫലം പുറത്തുവന്നപ്പോള്‍ ബിജെപിക്ക് സിറ്റിംഗ് സീറ്റുകളില്‍ മൂന്നെണ്ണം നഷ്ടമായി. ഗുജറാത്തിലാണ് ബിജെപിക്ക് കനത്ത തിരിച്ചടിയേറ്റത്.

ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസില്‍നിന്ന് മറുകണ്ടം ചാടി ബിജെപിയിലെത്തിയ അല്‍പേഷ് ഠാക്കൂര്‍, ധവല്‍ സിംഗ് ഝാല എന്നിവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളോട് തോറ്റു. അതിന് പുറമെ, ബിജെപിയുടെ കോട്ടയായ ഥരാഡ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. ഗുജറാത്തിലെ ആറ് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ബിജെപിക്ക് ജയിക്കാനായത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഗുജറാത്ത് ബിജെപി തൂത്തുവാരിയിരുന്നു.

രാജസ്ഥാനിലും ബിജെപിക്ക് തിരിച്ചടിയേറ്റു. ബിജെപിയുടെ സിറ്റിംഗ് സീറ്റായിരുന്ന മണ്ഡാവ കോണ്‍ഗ്രസ് പിടിച്ചെടുത്ത് അംഗബലം 107 ആക്കി വര്‍ധിപ്പിച്ചു. മധ്യപ്രദേശിലും ബിജെപിക്ക് തിരിച്ചടിയേറ്റു. ബിജെപിയുടെ സിറ്റിംഗ് സീറ്റായ ജാബുവ കോണ്‍ഗ്രസ് പിടിച്ചെടുത്തു. ഈ ജയം നേരിയ ഭൂരിപക്ഷത്തിന് ഭരിക്കുന്ന കമല്‍നാഥ് സര്‍ക്കാറിന് ആശ്വാസമായി.

ബിഹാറില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയുവാണ് നാല് സീറ്റില്‍ മത്സരിച്ചത്. രണ്ടിടത്ത് ആര്‍ജെഡിയും ഒരിടത്ത് സ്വതന്ത്രനും മത്സരിച്ചു. ഒരു സീറ്റ് മാത്രമാണ് ജെഡിയു നേടിയത്. പഞ്ചാബില്‍ നാല് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെയും അകാലിദളിന്‍റെയും സിറ്റിംഗ് സീറ്റുകള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു. ആം ആദ്മിയുടെ സീറ്റ് അകാലിദളും പിടിച്ചെടുത്തു. ഉത്തര്‍പ്രദേശില്‍ എട്ട് സിറ്റിംഗ് സീറ്റുകളില്‍ ബിജെപിക്ക് ഒന്ന് നഷ്ടമായി. 

ഹരിയാന, മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് തിരിച്ചടിയേറ്റിരുന്നു. 

click me!