Latest Videos

ദുബായിൽനിന്ന് നേരെ ന്യൂയോർക്കിലേക്ക്; പ്രിയങ്കയുടെ വരവിന് പിന്നിലെ രാഹുലിന്‍റെ രഹസ്യ നീക്കങ്ങള്‍

By Web TeamFirst Published Jan 24, 2019, 12:03 AM IST
Highlights

ഇതിനായി ദുബായ് സന്ദർശനത്തിന് ശേഷം രാഹുൽഗാന്ധി നേരെ പോയത് ന്യൂയോർക്കിലേക്കായിരുന്നു. തന്റെ സഹോദരിയെ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനുള്ള സമയമായി എന്ന് ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് രാഹുൽഗാന്ധി പ്രിയങ്കയെ സമീപിച്ചത്. 

ദില്ലി: പ്രിയങ്ക ​ഗാന്ധിയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുകൊണ്ടുവരിക എന്ന തീരുമാനം നാളുകൾക്ക് മുമ്പെ കോൺ​ഗ്രസ് കൈക്കൊണ്ടതാണ്. ഇതിനായി ദുബായ് സന്ദർശനത്തിന് ശേഷം രാഹുൽഗാന്ധി നേരെ പോയത് ന്യൂയോർക്കിലേക്കായിരുന്നു. തന്റെ സഹോദരിയെ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനുള്ള സമയമായി എന്ന് ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് രാഹുൽഗാന്ധി പ്രിയങ്കയെ സമീപിച്ചത്. 

കുട്ടികളുടെ വിദ്യാഭ്യാസവും കുടുംബജീവിതവുമായി ന്യൂയോർക്കിൽ കഴിഞ്ഞിരുന്ന പ്രിയങ്ക രാഷ്ട്രീയ ജീവിതത്തോട് ഭാഗികമായി മാത്രമാണ് താൽപര്യം കാണിച്ചത്. സഹോദരനും അമ്മയ്ക്കും വേണ്ട സമയത്ത് പിന്തുണ നൽകാനാണ് പ്രിയങ്ക ശ്രദ്ധിച്ചിരുന്നത്. എന്നാൽ 
ഉത്തർപ്രദേശിൽ മായാവതി-അഖിലേഷ് യാദവ് സഖ്യം ഒന്നിച്ചപ്പോൾ പ്രിയങ്കയെ ഇറക്കാൻ സമയമായെന്ന് രാഹുൽ​ ഉറപ്പിക്കുകയായിരുന്നു. 

ന്യൂയോർക്കിൽവച്ച് ഇരുവരും കൂടിക്കാഴ്ച നടത്തി. അമേതിയിലേക്കുള്ള യാത്രയിൽ എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക  ചുമതലയേൽക്കുന്ന വിവരം ഔദ്യോദികമായി പ്രഖ്യാപിക്കാമെന്ന് കൂടിക്കാഴ്ച്ചയിൽ തീരുമാനിക്കുകയായിരുന്നു. കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക അടുത്തമാസം ആദ്യവാരം സ്ഥാനമേല്‍ക്കും. ഇതുസംബന്ധിച്ച് കഴിഞ്ഞാഴ്ച്ചയാണ് അന്തിമതീരുമാനം എടുക്കുന്നത്.       

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വരാണാസി ഉൾപ്പെടുന്നതാണ് കിഴക്കൻ മേഖല. 2019 ലോക്സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സുപ്രധാന രാഷ്ട്രീയ നീക്കമാണ് പ്രിയങ്ക ഗാന്ധിയുടെ സജീവരാഷ്ട്രീയത്തിലേയ്ക്കുള്ള വരവ്. ഇതോടെ ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനേയും ബിജെപിയെ നേരിടാൻ ഒന്നിക്കുന്ന മായാവതിയേയും അഖിലേഷ് യാദവിനേയും ഒരുമിച്ചു നേരിടുക എന്ന ദൗത്യമായിരിക്കും ഇനി പ്രിയങ്കയ്ക്ക് ഉണ്ടാവുക. 

രാഹുല്‍ സജീവരാഷ്ട്രീയത്തിലിറങ്ങി 15 വര്‍ഷം പിന്നിടുമ്പോഴാണ് പ്രിയങ്കയെത്തുന്നത്. ഫെബ്രുവരി ആദ്യവാരം പ്രിയങ്ക ചുമതലയേല്‍ക്കും. 2004- ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേതിയിൽ മത്സരിച്ചു കൊണ്ടാണ് രാഹുൽ ​ഗാന്ധി ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്. 2013-ൽ കോൺ​ഗ്രസ് ഉപാധ്യക്ഷനായ അദ്ദേഹം 2017-ലാണ് പാർട്ടി അധ്യക്ഷനായി ചുമതലയേറ്റത്. രാഹുൽ രാഷ്ട്രീയത്തിൽ അരങ്ങേറി 15 വർഷം പിന്നിടുമ്പോൾ ആണ് പ്രിയങ്കാ ​ഗാന്ധിയുടെ വരവ്. 

പ്രിയങ്കാ ​ഗാന്ധിയെ എഐസിസി ജനറൽ സെക്രട്ടറിയാക്കിയത് കൂടാതെ രണ്ട് പ്രധാനമാറ്റങ്ങൾ കൂടി രാഹുൽ ​ഗാന്ധി ഇന്ന് നടപ്പിലാക്കിയിട്ടുണ്ട്. കർണാടകയുടെ ചുമതല വഹിച്ചിരുന്ന കെസി വേണു​ഗോപാലിനെ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി മാറ്റി നിയമിച്ചതാണ് ഇതിൽ പ്രധാനം. നേരത്തെ മുതിർന്ന നേതാവ് അശോക് ​ഗെല്ലോട്ടാണ് ഈ പദവി കൈകാര്യം ചെയ്തിരുന്നത്. 

അ​ദ്ദേഹം രാജസ്ഥാൻ മുഖ്യമന്ത്രിയായി ചുമതലയേറ്റ സാഹചര്യത്തിലാണ് പകരക്കാരനായി കെ സി വേണു​ഗോപാൽ എത്തുന്നത്. രാഹുൽ ​ഗാന്ധിയുടെ വിശ്വസ്തൻ എന്നറിയപ്പെടുന്ന കെസി വേണു​ഗോപാൽ പുതിയ പ്രമോഷനോടെ കോൺ​ഗ്രസ് രാഷ്ട്രീയത്തിലെ നിർണായക ശക്തിയായി മാറുകയാണ്. കിഴക്കൻ യുപിയുടെ ചുമതല പ്രിയങ്ക ​ഗാന്ധിയ്ക്ക് നൽകിയ രാഹുൽ പശ്ചിമ യുപിയുടെ ചുമതല ജ്യോതിരാദിത്യസിന്ധ്യയ്ക്കാണ് നൽകിയിരിക്കുന്നത്. 

click me!