Goa election result 2022 : മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെ ഗോവയിൽ ബിജെപിയുടെ കാർണിവ‌ൽ; ആരാകും മുഖ്യമന്ത്രി ?

Published : Mar 10, 2022, 06:53 PM ISTUpdated : Mar 10, 2022, 07:20 PM IST
Goa election result 2022 : മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെ ഗോവയിൽ ബിജെപിയുടെ കാർണിവ‌ൽ; ആരാകും മുഖ്യമന്ത്രി ?

Synopsis

കൂറ് മാറാതിരിക്കാൻ സത്യം ചെയ്യിച്ചും റിസോർട്ടിൽ പാർപ്പിച്ചും എംഎൽഎമാരെ സംരക്ഷിച്ച കോൺഗ്രസിന് ഇനിയൊന്നും ബാക്കിയില്ല. ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചനങ്ങളിൽ മാത്രം ഒതുങ്ങി.

പനാജി:  ഗോവയിൽ (Goa) കേവല ഭൂരിപക്ഷത്തിനടുത്ത് വരെയെത്തിയ ബിജെപി (BJP) വീണ്ടും അധികാരമുറപ്പിച്ചു. മൂന്ന് സ്വതന്ത്രരുടെ കൂടെ പിന്തുണ ഉറപ്പാക്കിയാണ് മൂന്നാം വട്ടവും ഗോവയിൽ ബിജെപി അധികാരത്തിലെത്തുന്നത്. എന്നാൽ മുഖ്യമന്ത്രി ആരാവണമെന്ന കാര്യത്തിൽ തർക്കം തുടരുന്നതിനാൽ ഇന്ന് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കേണ്ടെന്നാണ് പാർട്ടി തീരുമാനം. 

കൂറ് മാറാതിരിക്കാൻ സത്യം ചെയ്യിച്ചും റിസോർട്ടിൽ പാർപ്പിച്ചും എംഎൽഎമാരെ സംരക്ഷിച്ച കോൺഗ്രസിന് ഇനിയൊന്നും ബാക്കിയില്ല. ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചനങ്ങളിൽ മാത്രം ഒതുങ്ങി. കോൺഗ്രസിന്‍റെ പതിനൊന്നും സഖ്യത്തിലുള്ള ജിഎഫ്പിയുടെ ഒരു സീറ്റും ചേർത്താൽ 12 പേർ. മറുവശത്ത് ബിജെപി ഒറ്റയ്ക്ക് 20. മൂന്ന് സ്വതന്ത്രർ കൂടി എത്തിയതോടെ മാന്ത്രിക സഖ്യയായ 21 അനായാസം മറികടക്കാം.

എംജിപിയും ഗോവയിൽ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. ഇതോടെ ബിജെപി പക്ഷത്ത് 25 എംഎൽഎമാരായി. ബിജെപി - 20, എംജെപി - 2, സ്വതതന്ത്രർ 3. ഭരണത്തുടർച്ചയൊരു സങ്കൽപമായിരുന്ന ഗോവയിൽ അങ്ങനെ മൂന്നാം വട്ടവും ബിജെപി അധികാരത്തിലേക്ക്. 

കോർട്ടാലിം മണ്ഡലത്തിൽ നിന്ന് വിജയിച്ച അന്റോണിയോ വാസ്, കുർട്ടോറിം മണ്ഡലത്തിൽ നിന്ന് ജയിച്ച അലക്സിയോ റെജിനാൾഡോ, ബിച്ചോളിം മണ്ഡലത്തിൽ നിന്ന് ജയിച്ച ഡോ ചന്ദ്രകാന്ത് ഷെട്ടിയ എന്നിവരാണ് ബിജെപിക്ക് പിന്തുണ നൽകുന്ന സ്വതന്ത്രർ. 

ഗോവയിൽ പരീക്ഷണത്തിനിറങ്ങിയ മമത സംപൂജ്യയായി മടങ്ങി. ആംആദ്മി  അക്കൗണ്ട് തുറന്നു. കഴിഞ്ഞ തവണത്തെ വോട്ട് വിഹിതത്തിൽ മാറ്റമൊന്നും ഇല്ലെങ്കിലും രണ്ട് സീറ്റ് അവ‍ർക്കും കിട്ടി. പനാജിയിൽ മനോഹർ പരീക്കറിന്‍റെ മകൻ ഉത്പലും മാണ്ഡ്രം മണ്ഡലത്തിൽ വിമതനായിറങ്ങിയ മുൻ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കറും ബിജെപി സ്ഥാനാർഥികളോട് തോറ്റു. വാൽപോയ് മണ്ഡലത്തിൽ നിന്ന് ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെയും പോരിമിൽ നിന്ന് അദ്ദേഹത്തിന്‍റെ ഭാര്യ ദിവ്യയും ജയിച്ചതോടെ വടക്കൻ ഗോവയിൽ ബിജെപി കോട്ടയുടെ കരുത്ത് കൂട്ടി. 

പ്രതിപക്ഷത്തെ പാർട്ടികളെല്ലാം ചേർന്ന് വോട്ട് വിഭജിച്ച് കളഞ്ഞെന്നാണ് കോൺഗ്രസ് നേതാവ് പി ചിദംബരം തോൽവിക്ക് കാരണം നിരത്തിയത്. അധികാരം കിട്ടുമെന്നായെങ്കിലും ബിജെപിയിൽ തർക്കങ്ങൾ തുടങ്ങിയിട്ടേയുള്ളൂ. പ്രമോദ് സാവന്ദോ വിശ്വജിത്ത് റാണെയോ ആരാവും മുഖ്യമന്ത്രിയെന്നതാണ് തർക്കം. കത്തോലിക്കക്കാരനായ നിലേഷ് ഖബ്രാലിനെ പരിഗണിക്കാമെന്ന് ഒരു വിഭാഗം.  തീരുമാനം കേന്ദ്രത്തിന് വിട്ടതോടെ ഇന്ന് തന്നെ ഗവർണറെ കണ്ട് അധികാരത്തിന് അവകാശവാദമുന്നയിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. 

പി എസ് ശ്രീധരൻപിള്ളയാണ് ഗോവ ഗവർണർ. കഴിഞ്ഞ തവണ 13 സീറ്റിൽ വിജയം നേടിയിട്ടു കൂടി ചെറു പാർട്ടികളുടെ സഹായത്തോടെ ബിജെപിക്ക് ഭരണം പിടിക്കാൻ കഴിഞ്ഞിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'കഴിഞ്ഞ പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല...', ഇത് 'കര്‍മ്മ' എന്ന് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
സാഹചര്യം ഗുരുതരം, ഓസ്ട്രേലിയയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചത് 4 പേർ; മഴ ശക്തമായി തുടരുന്നു