ഗുജറാത്ത് ആര്‍ക്കൊപ്പം, ഇന്നറിയാം; ഹിമാചലിലും ഇന്ന് വോട്ടെണ്ണല്‍, ഇനി ആകാംക്ഷയുടെ മണിക്കൂറുകള്‍

By Web TeamFirst Published Dec 8, 2022, 12:29 AM IST
Highlights

മൂന്ന് പതിറ്റാണ്ടായി സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് ഒരു തവണ കൂടി ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. എന്നാൽ ഭരണ വിരുധ വികാരം തുണയ്ക്കുമെന്ന പ്രതീക്ഷ കോൺഗ്രസ് ക്യാമ്പിനുമുണ്ട്. ആംആദ്മി പാർട്ടി എന്ത് സ്വാധീനമാണ് ഇത്തവണ ഉണ്ടാക്കുന്നതെന്നും കണ്ടറിയേണ്ടി വരും. 
 

ദില്ലി: ഗുജറാത്തിൽ ഇന്ന് ജനവിധി അറിയാം. നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിക്കും.182 സീറ്റുകളാണ് ആകെയുള്ളത്.  33 ജില്ലകളിലായി 37 കേന്ദ്രങ്ങളാണ് വോട്ടെണ്ണലിനായി തയ്യാറാക്കിയിട്ടുണ്ട്.  ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക.  182 ഒബ്സർവർമാർ അടക്കം 700ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ് സ്റ്റേഷനുകളിൽ തെര‌ഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിക്കുക. മൂന്ന് നിര സുരക്ഷാ ക്രമീകരണങ്ങളും ഓരോ കേന്ദ്രത്തിലും ഏർപ്പെടുത്തും. മൂന്ന് പതിറ്റാണ്ടായി സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് ഒരു തവണ കൂടി ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. എന്നാൽ ഭരണ വിരുധ വികാരം തുണയ്ക്കുമെന്ന പ്രതീക്ഷ കോൺഗ്രസ് ക്യാമ്പിനുമുണ്ട്. ആംആദ്മി പാർട്ടി എന്ത് സ്വാധീനമാണ് ഇത്തവണ ഉണ്ടാക്കുന്നതെന്നും കണ്ടറിയേണ്ടി വരും. 

ഹിമാചൽ പ്രദേശിലും ഇന്നാണ് വോട്ടെണ്ണൽ. രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക. ഉച്ചയ്ക്ക് മുൻപ് തന്നെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും. 68 മണ്ഡലങ്ങളിൽ ആകെ 412 സ്ഥാനാർത്ഥികൾ ആണ് മത്സരിക്കുന്നത്. കാൽ നൂറ്റാണ്ടായി ആർക്കും ഭരണ തുടർച്ച നൽകാത്ത സംസ്ഥാനത്ത് ബിജെപി കോൺഗ്രസ് നേർക്കുനേർ പോരാട്ടം ആണ് നടക്കുന്നത്. ബിജെപി അധികാരം തുടരും എന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. 

ഉപതെരഞ്ഞെടുപ്പ് നടന്ന യുപി മെയിൻപുരി ലോക്സഭ മണ്ഡലത്തിലും വിവിധ സംസ്ഥാനങ്ങളിലെ മറ്റ് ആറ് നിയമസഭമണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണൽ നടക്കും .മുലായംസിങ് യാദവിന്‍റെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന മെയിന്‍പുരിയില്‍ അഖിലേഷിന്‍റെ  ഭാര്യ ഡിംപിള്‍ യാദവാണ് സ്ഥാനാർത്ഥി.   യുപിയിലെ രാംപൂർ,ഖട്ടൗലി എന്നിവിടങ്ങളിലും ഒഡീഷ, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ബീഹാർ  സംസ്ഥാനങ്ങളിലെ നിയമസഭ മണ്ഡലങ്ങളുമാണ് തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റിടങ്ങൾ .എസ് പി എംഎൽഎ അസംഖാൻ , ബിജെപി എംഎൽഎ വിക്രം സിങ് സൈനി എന്നിവർ കേസുകളിൽപ്പെട്ട് അയോഗ്യരായ സാഹചര്യത്തിലാണ് യുപിയിലെ രണ്ടു നിയമസഭ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ രാജസ്ഥാൻ ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം നിർണായകമാണ്.

Read Also: ഞെട്ടിച്ച് കോൺഗ്രസ്, നാളെ ഫലം വരാനിരിക്കെ കൂട്ട നടപടി, 30 പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

click me!