കൊല്ലം വെളിനെല്ലൂർ പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടം, പിടിച്ചെടുത്ത് യുഡിഎഫ്

By Web TeamFirst Published May 18, 2022, 11:33 AM IST
Highlights

വെളിനെല്ലൂർ പഞ്ചായത്തിലെ ഒരു സീറ്റിൽ യുഡിഎഫ് വിജയിച്ചു. മുളയറച്ചാൽ വാർഡാണ് യുഡിഎഫ് പിടിച്ചെടുത്തത്.

കൊല്ലം: കൊല്ലം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് വാർഡുകളിൽ അഞ്ചും എൽഡിഎഫ് വിജയിച്ചെങ്കിലും ഒരു സീറ്റ് യുഡിഎഫ് നേടിയതോടെ എൽഡിഎഫിന് ഒരു പഞ്ചായത്തിന്റെ ഭരണം നഷ്ടമാകും. യുഡിഎഫിൽ നിന്നും രണ്ടും, ബിജെപിയിൽ നിന്ന് ഒന്നും വാർഡുകളാണ് എൽഡിഎഫ് പിടിച്ചെടുത്തത്. എന്നാൽ വെളിനെല്ലൂർ പഞ്ചായത്തിലെ ഒരു സീറ്റിൽ യുഡിഎഫ് വിജയിച്ചു. മുളയറച്ചാൽ വാർഡാണ് യുഡിഎഫ് പിടിച്ചെടുത്തത്. യുഡിഎഫ് സ്ഥാനാർത്ഥി വട്ടപ്പാറ നിസാറാണ് ഇവിടെ വിജയിച്ചത്. ഇതോടെ ഈ പഞ്ചായത്തിലെ ഭരണം എൽഡിഎഫിന് നഷ്ടമാകുമെന്നുറപ്പായി. വെളിനല്ലൂർ പഞ്ചായത്തിലെ എട്ട്- എൽഡിഎഫ്, ഏഴ്-  യുഡിഎഫ്, രണ്ട് ബിജെപി എന്നായിരുന്നു ഇവിടെ കക്ഷി നില. ഒരു സീറ്റ് യുഡിഎഫ് നേടിയതോടെ സീറ്റ് നില എട്ട് -യുഡിഎഫ്. 7 എൽഡിഎഫ്. 2 ബിജെപി എന്നായി. 

തൃപ്പുണിത്തുറ നഗരസഭയിൽ അട്ടിമറി, 2 സീറ്റും പിടിച്ച് എൻഡിഎ, എൽഡിഎഫിന് ഭൂരിപക്ഷം നഷ്ടം

കൊച്ചി: തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതിൽ എറണാകുളത്ത് ബിജെപി ഉൾപ്പെട്ട എൻഡിഎ മുന്നണിക്ക് മുന്നേറ്റം. തൃപ്പുണിത്തുറ നഗരസഭയിൽ എൻഡിഎ (tripunithura municipality) അട്ടിമറി വിജയം നേടി.  രണ്ട് സീറ്റുകൾ എൽഡിഎഫിൽ നിന്നും എൻഡിഎ പിടിച്ചെടുത്തതോടെ ഇടത് മുന്നണിക്ക് നഗരസഭയിലെ കേവല ഭൂരിപക്ഷം നഷ്ടമായി. എൽഡിഎഫിന്റെ നിര്‍ണായകമായ സീറ്റുകളാണ് എൻഡിഎ പിടിച്ചെടുത്തത്. 

കൊച്ചി കോർപ്പറേഷനിലെ 62 ആം ഡിവിഷനിലും ബിജെപി വിജയിച്ചു. ബി.ജെ.പിയിലെ പത്മജ എസ് മേനോൻ 77 വോട്ടുകൾക്കാണ് സീറ്റ് നിലനിർത്തിയത്. യുഡിഎഫിന്റെ കുത്തകയായിരുന്ന ഈ സീറ്റ് കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് ബിജെപി പിടിച്ചെടുത്തത്. എന്നാൽ കൗൺസില‍‍ര്‍ പിന്നീട് മരണപ്പെട്ടു. ഇതേ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഈ സീറ്റ് ബിജെപി നിലനി‍ര്‍ത്തി.  അതേ സമയം, എറണാംകുളം വാരപെട്ടി പഞ്ചായത്ത് മൈലൂർ വാർഡ് യുഡിഎഫ് നിലനിർത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ഹുസൈൻ 25 വോട്ടുകൾക്ക് വിജയിച്ചു.  

എറണാകുളം കുന്നത്തുനാട് പഞ്ചായത്തിലെ 11 ആം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് എൽഡി എഫ്‌ പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർഥി എൻ.ഒ ബാബു 139 വോട്ടിന് വിജയിച്ചു. യു.ഡി.എഫ് കൗൺസില‍ര്‍ മരിച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന  എൽഡിഎഫിന്റെത് മികച്ച വിജയമാണ്. ഇത്തവണ ട്വന്റി ട്വന്റി രണ്ടാമതെത്തിയപ്പോൾ  യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പോയി. 

click me!