'ശരിദൂരം' എങ്ങോട്ട്? നിലപാട് കടുപ്പിച്ച് എല്‍ഡിഎഫ്, ബോണസെന്ന് യുഡിഎഫ് ; സമവായത്തിന് ബിജെപി

By Web TeamFirst Published Oct 16, 2019, 3:06 PM IST
Highlights

ജി സുകുമാരൻ നായരുടെ പ്രസ്താവനകൾ ബോണസായി കണ്ട്  ഉപതെരഞ്ഞെടുപ്പിൽ ആയുധമാക്കുകയാണ് യുഡിഎഫ്.  കോടിയേരി അടക്കമുള്ള ഇടതുനേതാക്കളാവട്ടെ മൃദുസമീപനത്തിൽ നിന്ന് മാറി എൻഎസ്എസിനോട് സ്വരം കടുപ്പിച്ചു തുടങ്ങിയിരിക്കുന്നു. 

തിരുവനന്തപുരം: എന്‍എസ്എസിന്‍റെ ശരിദൂര നിലപാടില്‍ തട്ടി ചൂടുപിടിച്ചിരിക്കുകയാണ് കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് കളം. ശരിദൂരത്തിന്‍റെ ശരിയായ കാരണം ശബരിമല തന്നെയെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍ അടിവരയിട്ടു പറഞ്ഞതോടെ ഇതുവരെയുണ്ടായിരുന്ന മൃദുസമീപനമൊക്കെ കാറ്റില്‍പ്പറത്തി ഉരുളയ്ക്കുപ്പേരി മറുപടിയുമായി സിപിഎം രംഗത്തെത്തി. കാര്യം എന്തായാലും ഈ ശരിദൂരം തങ്ങള്‍ക്ക് ബോണസാണെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. ബിജെപിയാവട്ടെ എങ്ങനെയും എന്‍എസ്എസിനെ അനുനയിപ്പിക്കണമെന്ന തീരുമാനത്തോടെ നീക്കങ്ങളാരംഭിച്ചു കഴിഞ്ഞു. ഇതിനിടെ, ജാതി മത സംഘടനകൾ ഏതെങ്കിലും പർട്ടിക്ക് വോട്ട് ചെയ്യണമെന്നു പരസ്യമായി പറയുന്നത് ചട്ടലംഘനമാണെന്ന മുന്നറിയിപ്പുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും രംഗത്തെത്തി.

ശബരിമല വിവാദങ്ങൾ ഉയർത്തി സംസ്ഥാന സർക്കാരിനെ വീണ്ടും വിമർശിക്കുകയാണ്  എൻഎസ്എസ് ഇന്ന് ചെയ്തത്. സർക്കാർ വിശ്വാസം ഇല്ലാതാക്കാനാണ് നിലകൊണ്ടതെന്ന് ജി സുകുമാരൻ നായർ വിമർശിച്ചു. ശരിദൂരത്തിന്‍റെ പ്രധാനകാരണം ശബരിമല തന്നെയാണെന്ന്, കേന്ദ്ര സംസ്ഥാന സർക്കാരുകളെ വിമർശിച്ച് തുടർച്ചയായി മൂന്നാമതിറക്കിയ പ്രസ്താവനയിലും  ജി.സുകുമാരൻ നായർ ആവര്‍ത്തിച്ചു. വിശ്വാസം ഇല്ലാതാക്കാനാണ് സർക്കാരിന്‍റെ ശ്രമമെന്നാണ് അദ്ദേഹം ആരോപിച്ചത്. എന്‍എസ്എസ് നേതൃത്വത്തിന്‍റെ നിലപാട് സമുദായംഗങ്ങൾ പിന്തുടരില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ നിലപാടും സുകുമാരൻനായർ തള്ളി.

രാഷ്ട്രീയത്തിൽ ഇടപടണമെങ്കില്‍ സമുദായ സംഘടനകൾ പ്രത്യേക രാഷ്ട്രീയ പാർട്ടി രൂപീകരിക്കണമെന്നായിരുന്നു ഇതിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ മറുപടി. എൻഎസ്എസ് നിലപാട് അടിച്ചേൽപ്പിക്കരുതെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

"രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ രാഷ്ട്രീയപാര്‍ട്ടി രൂപികരിച്ച് ഇടപെടട്ടെ. അതാണ് അവര്‍ ചെയ്യേണ്ടത്. മറ്റുതരത്തില്‍ മതസംഘടനകളും സമുദായസംഘടനകളും യാതൊരു തരത്തിലും രാഷ്ട്രീയത്തിലിടപെടുന്നത് ശരിയായ സന്ദേശമല്ല."- കോടിയേരി ആലപ്പുഴയില്‍ പറഞ്ഞു. 

Read Also: സമുദായസംഘടന രാഷ്ട്രീയത്തില്‍ ഇടപെടേണ്ട; എന്‍എസ്എസിനെതിരെ ആഞ്ഞടിച്ച് കോടിയേരി

'ശരിദൂര' വിവാദങ്ങൾക്ക്  ശബരിമല വികസനപ്രവർത്തനങ്ങളിലൂന്നിയായിരുന്നു  മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മറുപടി പറഞ്ഞത്.  

"വിശ്വാസികൾക്ക് സൗകര്യമായി ശബരിമലയിൽ വന്ന് പോകാനുള്ള നടപടികളാണ് സർക്കാർ ചെയ്യുന്നത്. ശബരിമലയിൽ എത്തുന്നവർക്ക് പ്രയാസം കൂടാതെ ദർശനം നടത്താൻ എല്ലാ നടപടിയും എടുക്കും. ഇതിനുപുറമേ,ശബരിമലയുടെ വികസനത്തിന് ഇപ്പോള്‍ 300 കോടിയുടെ പദ്ധതികള്‍ നടപ്പാക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം യാഥാര്‍ത്ഥ്യങ്ങളാണ്. സംസാരിക്കുന്ന കണക്കുകളാണ്, വസ്തുതകളാണ്. ഇതൊന്നും ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല."- പിണറായി പത്തനംതിട്ടയില്‍ പറഞ്ഞു. 

എൻഎസ്എസ് നിലപാടിനെ സ്വാഗതം ചെയ്തായിരുന്നു ഇന്നും യുഡിഎഫിന്‍റെ പ്രചാരണം. ജി സുകുമാരൻ നായരുടെ പ്രസ്താവനകളെ ബോണസായി കണ്ട്, അവയെ ഉപതെരഞ്ഞെടുപ്പിൽ ആയുധമാക്കുകയാണ് യുഡിഎഫ്.  അതേസമയം, ശബരിമല വിഷയത്തിൽ ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്ന എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ ജി സുകുമാരൻ നായരുമായി നേരിട്ട് സംസാരിക്കുമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. ശബരിമല വിഷയത്തിൽ വിശ്വാസികൾക്കൊപ്പം നിന്നത് ബിജെപി  മാത്രമാണെന്നും, യഥാർത്ഥ അയ്യപ്പഭക്തർ അത് തിരിച്ചറിയുമെന്നും കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു. എന്‍എസ്എസിന്‍റെ ശരിദൂരം സാമ്പത്തികസംവരണം ഏര്‍പ്പെടുത്താന്‍ മുന്നില്‍ നിന്ന മോദിയിലേക്കുള്ള ദൂരമാണെന്നായിരുന്നു കുമ്മനം ഇന്നലെ പറ‌ഞ്ഞത്. 

Read Also: 'ശരിദൂരം' മോദിയിലേക്കെന്ന് കുമ്മനം; സുകുമാരൻ നായർ വിചാരിച്ചാൽ ജനം തെറ്റിദ്ധരിക്കില്ലെന്ന് എ കെ ബാലൻ

എന്‍എസ്എസ് നിലപാടില്‍ യുഡിഎഫ് ആശ്വസിക്കുകയും എല്‍ഡിഎഫ് തിരിച്ചടി ശക്തമാക്കുകയും ചെയ്യുന്നതിനിടെയാണ് മുന്നറിയിപ്പുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടെ മുന്നറിയിപ്പ് വന്നത്. ജാതി മത സംഘടനകൾ ഏതെങ്കിലും പർട്ടിക്ക് വോട്ട് ചെയ്യണമെന്നു പരസ്യമായി പറയുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്ന് മീണ പറ‍ഞ്ഞു. എൻഎസ്എസിനെക്കുറിച്ച് ഇതുവരെ പരാതി ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാൽ കാര്യങ്ങള്‍ പരിശോധിക്കുമെന്നും മീണ വ്യക്തമാക്കിയിട്ടുണ്ട്.

Read Also: ശരിദൂര'ത്തെ 'മുന്നാക്കസംവരണം' കൊണ്ട് തടയിടാന്‍ സിപിഎമ്മിനാകുമോ?
 

click me!