മധ്യപ്രദേശ് നാളെ വിധിയെഴുതും: തെരഞ്ഞെടുപ്പ് ഗോദയിലെ താരങ്ങൾ ആരൊക്കെ? ഒരു എത്തിനോട്ടം

By Web TeamFirst Published Nov 26, 2018, 9:05 PM IST
Highlights

മധ്യപ്രദേശും മിസോറാമും നാളെ പോളിംഗ് ബൂത്തിലേക്ക്. പ്രചാരണത്തിന്റെ അവസാന ഘട്ടങ്ങളിൽ കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് വിശദീകരണം നൽകാനാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സമയം മാറ്റിവച്ചത്. ഭൂരിപക്ഷം മണ്ഡലങ്ങളിലും ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുക.

ഭോപ്പാല്‍: മധ്യപ്രദേശും മിസോറവും നാളെ പോളിംഗ് ബൂത്തിലേക്ക്. പ്രചാരണത്തിന്റെ അവസാന ഘട്ടങ്ങളിൽ കോൺഗ്രസിന്റെ ആരോപണങ്ങൾക്ക് വിശദീകരണം നൽകാനാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സമയം മാറ്റിവച്ചത്. ഭൂരിപക്ഷം മണ്ഡലങ്ങളിലും ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുക.

ഗോദയിലെ താരങ്ങൾ ആരൊക്കെ?

ഏറെ വിവാദമായ വ്യാപം അഴിമതി പുറത്തുകൊണ്ടുവന്ന ഡോ. ആനന്ദ് റായിക്ക് കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചത് മധ്യപ്രദേശില്‍ ഏറെ ചര്‍ച്ചയായിരുന്നു. ശിവരാജ് സിംഗ് ചൗഹാൻ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ വ്യാപം മെഡിക്കൽ പ്രവേശന അഴിമതി പുറത്തുകൊണ്ടുവന്ന ഡോ. ആനന്ദ് റായിക്ക് സീറ്റ് നൽകുമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ആനന്ദ് റായിയെ ഒഴിവാക്കിയാണ് കോണ്‍ഗ്രസിന്‍റെ അവസാന സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തിറങ്ങിയത്. 

കമൽനാഥ്, ജ്യോതി രാഥിത്യ സിന്ധ്യ, ദിഗ് വിജയ് സിംഗ് ഉൾപ്പടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളാരും ഇത്തവണ മത്സരിക്കുന്നില്ല. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ മരുമകൻ സഞ്ജയ് സിംഗ് മസാനിക്ക് വാരസിയോണി മണ്ഡലത്തിൽ കോണ്‍ഗ്രസ് സീറ്റ് നൽകി. ബി.ജെ.പിയുടെ സിറ്റിംഗ് എം.എൽ.എ യോഗേന്ദ്ര നിര്‍മലിനെയാണ് ശിവരാജ് സിംഗിന്‍റെ മരുമകൻ കോണ്‍ഗ്രസ് ടിക്കറ്റിൽ എതിര്‍ക്കുക.

ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയിൽ ഇത്തവണ മുസ്ളീം വനിതയും ഇടംനേടിയിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. 15 വര്‍ഷത്തെ ചരിത്രം തിരുത്തി മുസ്ളീം സ്ഥാനാര്‍ത്ഥിയെ 2013ൽ മത്സരിപ്പിച്ച ബി.ജെ.പി ഇത്തവണ ഒരു മുസ്ളീം വനിതക്ക് ആദ്യമായാണ് സീറ്റ് നൽകിയിരിക്കുന്നത്. ഭോപ്പാൽ നോര്‍ത്ത് മണ്ഡലത്തിൽ ഫാത്തിമ റസൂൽ സിദ്ദിക്കിയാണ് ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുക. മുൻ മുഖ്യമന്ത്രി ബാബുലാൽ ഗോറിന് പകരം മകൾ കൃഷ്ണ ഗോറിനും ബി.ജെ.പി സീറ്റ് നൽകി. പല നേതാക്കളും മക്കൾക്കായി വലിയ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും വിജയസാധ്യത നോക്കി മാത്രമായിരുന്നു ബി.ജെ.പിയുടെ സീറ്റ് നിര്‍ണയമെന്നാണ് വിലയിരുത്തുന്നത്.  ലോക്സഭ സ്പീക്കര്‍ സുമിത്ര മഹാജന്റെ മകനും സീറ്റ് കിട്ടിയില്ല. അതേസമയം പാര്‍ട്ടിയിൽ സുമിത്ര മഹാജന്‍റെ എതിരാളിയായ ബി.ജെ.പി ദേശീയ ജന.സെക്രട്ടറി കൈലാഷ് വിജയ് വർഗീയയുടെ മകൻ ആകാശ് വിജയ് വര്‍ഗീയക്ക് ഇൻഡോറിൽ സീറ്റ് നൽകിയിട്ടുണ്ട് ബിജെപി. 

click me!