തെരഞ്ഞെടുപ്പില്‍ മോദിക്ക് വെല്ലുവിളിയാകുന്നത് മൂന്ന് വനിതകള്‍

By Web TeamFirst Published Feb 2, 2019, 5:11 PM IST
Highlights

കഴിഞ്ഞ വര്‍ഷത്തെ അത്ര പൊലിമയോടെ അല്ലെങ്കിലും ബിജെപിക്കും എന്‍ഡിഎയ്ക്കും ഒറ്റ മുഖമേയുള്ളൂ മുന്നോട്ട് വയ്ക്കാന്‍, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണ്. അതേസമയം, മോദിക്ക് ഇത്തവണ നേരിടേണ്ടി വരുന്നവര്‍ അനവധിയാണ്. എങ്കിലും അതില്‍ ഏറ്റവും വെല്ലുവിളിയുയര്‍ത്തി നില്‍ക്കുന്നത് മൂന്ന് വനിതകളാണ്.

ദില്ലി: രാജ്യം ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ചൂടിലേക്ക് നീങ്ങി കഴിഞ്ഞു. തുടര്‍ച്ചയായ രണ്ടാം വട്ടം ഭരണം നേടാന്‍ നരേന്ദ്ര മോദിയുടെയുടെയും അമിത് ഷായുടെയും നേതൃത്വത്തില്‍ ബിജെപിയും കഴിഞ്ഞ വട്ടം നഷ്ടപ്പെട്ട അധികാരം വീണ്ടെടുക്കാന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും തമ്മിലുള്ള പോരിനാണ് കളമൊരുങ്ങിയിരിക്കുന്നത്.

എങ്ങനെയും ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടെ ചേരുമ്പോള്‍ തെരഞ്ഞെടുപ്പ് ചിത്രം കൂടുതല്‍ വ്യക്തമാകും. കഴിഞ്ഞ വര്‍ഷത്തെ അത്ര പൊലിമയോടെ അല്ലെങ്കിലും ബിജെപിക്കും എന്‍ഡിഎയ്ക്കും ഒറ്റ മുഖമേയുള്ളൂ മുന്നോട്ട് വയ്ക്കാന്‍, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണ്.

'മോദി ഇഫക്ട്' ഇത്തവണയും തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ പ്രതിഫലിക്കും എന്ന് തന്നെയാണ് ബിജെപിയുടെ വിശ്വാസം. അതേസമയം, മോദിക്ക് ഇത്തവണ നേരിടേണ്ടി വരുന്നവര്‍ അനവധിയാണ്. എങ്കിലും അതില്‍ ഏറ്റവും വെല്ലുവിളിയുയര്‍ത്തി നില്‍ക്കുന്നത് മൂന്ന് വനിതകളാണ്. ഇവര്‍ ഉയര്‍ത്തുന്ന വെല്ലുവിളിയെ അതിജീവിച്ചാല്‍ മാത്രമേ വീണ്ടും അധികാരത്തിലെത്തുക എന്ന ലക്ഷ്യം മോദിക്ക് നിറവേറ്റാന്‍ സാധിക്കുകയുള്ളൂ.

പ്രിയങ്ക ഗാന്ധി

കോണ്‍ഗ്രസ് ഏറെ നാളായി കാത്തിരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം. നെഹ്റു-ഗാന്ധി കുടുംബത്തില്‍ നിന്ന് ഈ ജനുവരിയില്‍ മാത്രം രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ പ്രിയങ്ക ഇതിനകം കോണ്‍ഗ്രസിനുള്ളില്‍ ഒരു പുതിയ ആവേശത്തിന് തുടക്കമിട്ട് കഴിഞ്ഞു.

മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുമായി ചേര്‍ത്തുള്ള വാഴ്ത്തലുകളാണ് പ്രിയങ്കയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. കിഴക്കന്‍ ഉത്തര്‍പ്രദേശിന്‍റെ ചുമതലയേറ്റെടുത്താണ് പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗൊരഖ് പൂർ, സ്വന്തം മണ്ഡലങ്ങളായ അമേഠി, റായ്ബറേലി എന്നിവ അടങ്ങുന്ന ഈ പ്രദേശങ്ങളുടെ ചുമതല എന്ന് പറയുമ്പോള്‍ അതില്‍ പറയാതെ പറഞ്ഞ് വയ്ക്കുന്ന ഒരുപാട് കാര്യങ്ങളുണ്ട്.

ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിയെ മടക്കി കൊണ്ട് വരികയെന്ന വലിയ ലക്ഷ്യമാണ് പ്രിയങ്കയ്ക്ക് മുന്നിലുള്ളത്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് പിന്നാലെ മോദിക്കെതിരെ പ്രിയങ്ക എന്ന മുദ്രാവാക്യം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഴക്കി തുടങ്ങിയിട്ടുണ്ട്. 

മമത ബാനര്‍ജി

ബംഗാളില്‍ സിപിഎമ്മിന്‍റെ വര്‍ഷങ്ങള്‍ നീണ്ട ഭരണം അവസാനിപ്പിച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിക്ക് മോദിക്കെതിരെയും പോരാടാനാകും എന്ന വിശ്വസിക്കുന്നവര്‍ ഏറെയാണ്. കടുത്ത മോദി, ബിജെപി വിമര്‍ശനം കൊണ്ട് ഇതിനകം മമത വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്.

രണ്ട് തവണ കേന്ദ്ര റെയില്‍വേ മന്ത്രിയായിട്ടുള്ള മമത ബാനര്‍ജി അടുത്തയിടെ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ബിജെപി വിരുദ്ധ റാലിക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്. സ്വയം ഒരു മതേതര നേതാവ് എന്ന സ്വീകാര്യത സൃഷ്ടിച്ച് കഴിഞ്ഞ മമത പ്രധാനമന്ത്രി പദം വരെ സ്വപ്നം കാണുന്നുണ്ട്. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെയും ഒപ്പം നിര്‍ത്താനുള്ള പാടവം തനിക്കുണ്ടെന്ന് ബിജെപി വിരുദ്ധ റാലിയിലൂടെ മമത തെളിയിച്ച് കഴിഞ്ഞു.

മായാവതി

കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ അലയടിച്ച മോദി തരംഗത്തിന് മുന്നില്‍ തകര്‍ന്ന് പോയവരാണ് മായാവതിയും ബഹുജന്‍ സമാജ്‍വാദി പാര്‍ട്ടിയും. പിന്നീട് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് ബിജെപിക്ക് വിട്ടു കൊടുക്കേണ്ടി വന്നതോടെ മായാവതി ഉയര്‍ത്തുന്ന രാഷ്ട്രീയം പോലും പലരും ചോദ്യം ചെയ്ത് തുടങ്ങി.

എന്നാല്‍, കൃത്യമായ തന്ത്രത്തിലൂടെ ചിരവെെരികളായ സമാജ്‍വാദി പാര്‍ട്ടിയെയും അഖിലേഷ് യാദവിനെയും ഒപ്പം നിര്‍ത്തി സഖ്യം രൂപീകരിച്ച് ഇത്തവണ ബിജെപിക്ക് മുന്നില്‍ വന്‍മതിലായി മാറിയിരിക്കുകയാണ് മായാവതി. കോണ്‍ഗ്രസിനെ തങ്ങളുടെ സഖ്യത്തിലെടുക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ലഭിക്കില്ലെന്ന് തുറന്ന് പറഞ്ഞ മായാവതി എസ്പിയോട് ചേര്‍ന്ന് ഉത്തര്‍പ്രദേശില്‍ പരമാവധി സീറ്റുകളില്‍ വിജയിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

click me!