പാസ്വാനെ അനുനയിപ്പിച്ചു; എന്‍‍ഡിഎയില്‍ കൂടുതല്‍ ചോര്‍ച്ചയ്ക്ക് അവസരം കൊടുക്കാതെ ബിജെപി

By Web TeamFirst Published Dec 21, 2018, 7:47 PM IST
Highlights

പാസ്വാന്‍റെ മകന്‍ ട്വീറ്ററില്‍ തുടങ്ങി വച്ച പ്രശ്നങ്ങള്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലി നേരിട്ടെത്തി ചര്‍ച്ച നടത്തിയാണ് പരിഹാരം കണ്ടത്. രണ്ട് പാര്‍ട്ടികള്‍ക്കും യോജിപ്പുള്ള സീറ്റ് ധാരണ നാളെ പ്രഖ്യാപിക്കും

പാറ്റ്ന: സീറ്റ് വിഭജനത്തില്‍ അര്‍ഹമായ പ്രാധാന്യം ലഭിച്ചില്ലെങ്കില്‍ എന്‍ഡിഎ വിടുമെന്ന് പ്രഖ്യാപിച്ച രാം വിലാസ് പാസ്വാന്‍റെ ലോക് ജനശക്തി പാര്‍ട്ടിയെ അനുനയിപ്പിച്ച് ബിജെപി. പാസ്വാന്‍റെ മകന്‍ ട്വീറ്ററില്‍ തുടങ്ങി വച്ച പ്രശ്നങ്ങള്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‍ലി നേരിട്ടെത്തി ചര്‍ച്ച നടത്തിയാണ് പരിഹാരം കണ്ടത്.

രണ്ട് പാര്‍ട്ടികള്‍ക്കും യോജിപ്പുള്ള സീറ്റ് ധാരണ നാളെ പ്രഖ്യാപിക്കും. പാസ്വാന്‍റെ പാര്‍ട്ടി ബീഹാറില്‍ അഞ്ച് സീറ്റിലും ഉത്തര്‍പ്രദേശില്‍ ഒരു സീറ്റിലും മത്സരിക്കാനാണ് സാധ്യത. കൂടാതെ, കേന്ദ്ര ഭക്ഷ്യ മന്ത്രിയായ രാം വിലാസ് പാസ്വാനായി ഒരു രാജ്യസഭാ സീറ്റും ബിജെപി നല്‍കാമെന്ന് അറിയിച്ചതായാണ് വിവരം.

ഇപ്പോള്‍ 72 വയസായ പാസ്വാന്‍ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത വിരളമാണ്. ഇതോടെ ഒമ്പത് വട്ടം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പാസ്വാന്‍ രാജ്യസഭാ സീറ്റ് നോട്ടമിട്ടിരുന്നു. ബീഹാറിന് ലോക്സഭയില്‍ 40 പ്രതിനിധികളാണുള്ളത്. 2014ല്‍ പാസ്വാന്‍റെ പാര്‍ട്ടി ഏഴ് സീറ്റുകളിലാണ് മത്സരിച്ചത്.

ഇതില്‍ ആറെണ്ണത്തിലും പാര്‍ട്ടി വിജയിച്ചു. ഇതോടെ ഏഴിനേക്കാള്‍ കുറവ് സീറ്റ് 2019 തെരഞ്ഞെടുപ്പില്‍ നല്‍കിയാല്‍ എന്‍ഡിഎ വിടുമെന്നായിരുന്നു എല്‍ജിപി വാദം ഉന്നയിച്ചത്. അതേസമയം,  നിതീഷ് കുമാറിന്‍റെ ജെഡിയുവും ബിജെപിയും 17 വീതം സീറ്റില്‍ മത്സരിക്കാമെന്ന ധാരണയാണ് ബീഹാറില്‍ ഉണ്ടാക്കിയിരിക്കുന്നത്.

ബാക്കി വരുന്ന ആറെണ്ണം പാസ്വാന്‍റെ പാര്‍ട്ടിക്കും ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടിക്കുമായി വിഭജിക്കാനായിരുന്നു ബിജെപിയുടെ പദ്ധതി. എന്നാല്‍, ഉപേന്ദ്ര കുശ്വാഹ ബിജെപിയുമായി തെറ്റി എന്‍ഡിഎ സഖ്യത്തില്‍ നിന്ന് ഇതിനിടെ പിന്മാറി.

എന്നാല്‍, ബിജെപിയുമായി സീറ്റ് വിഭജനം സംബന്ധിച്ച പ്രശ്നങ്ങള്‍ ഒത്തുത്തീര്‍ന്നതിനെപ്പറ്റി പാസ്വാന്‍റെ മകന്‍ ചിരാഗ് പാസ്വാന്‍ ഒന്നും പ്രതികരിക്കാന്‍ തയാറായില്ല. എന്നാല്‍, തങ്ങള്‍ ഇപ്പോഴും ബിജെപിക്ക് ഒപ്പമാണെന്ന് രാം വിലാസ് പാസ്വാന്‍ സഹോദരന്‍ രാമചന്ദ്ര പാസ്വാന്‍ പ്രതികരിച്ചു. സീറ്റ് വിഭജനം സംബന്ധിച്ച ധാരണ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

click me!