ഗംഗയിൽ മുങ്ങി കുംഭമേളയിൽ പങ്കെടുത്ത് തുടക്കം: പ്രിയങ്കാഗാന്ധി ഫെബ്രുവരി 4-ന് ചുമതലയേൽക്കും

Published : Jan 26, 2019, 11:00 PM ISTUpdated : Jan 27, 2019, 08:29 AM IST
ഗംഗയിൽ മുങ്ങി കുംഭമേളയിൽ പങ്കെടുത്ത് തുടക്കം: പ്രിയങ്കാഗാന്ധി ഫെബ്രുവരി 4-ന് ചുമതലയേൽക്കും

Synopsis

ഗംഗയിൽ മുങ്ങി കുംഭമേളയിൽ പങ്കെടുത്ത് തുടങ്ങുന്നത് ഹിന്ദുത്വവോട്ടുകൾ ലക്ഷ്യമിട്ടുതന്നെയാണ്. ചുമതലയേറ്റ ശേഷം രാഹുൽ ഗാന്ധിയോടൊപ്പം പ്രിയങ്ക വാർത്താ സമ്മേളനം നടത്തും.

ലഖ്നൗ: കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി പ്രിയങ്കാ ഗാന്ധി ഫെബ്രുവരി 4-ന് ചുമതലയേൽക്കും. ലഖ്നൗവിലെത്തി കുംഭമേളയിൽ പങ്കെടുത്ത് ഗംഗാസ്നാനം നടത്തിയ ശേഷമാകും പ്രിയങ്ക ചുമതലയേൽക്കുക. ഇതിന് ശേഷം സഹോദരനും കോൺഗ്രസ് പ്രസിഡന്‍റുമായ രാഹുൽ ഗാന്ധിക്കൊപ്പം പ്രിയങ്ക ലഖ്നൗവിൽ മാധ്യമപ്രവർത്തകരെ കണ്ടേക്കും.

മൗനി അമാവാസിയും കുംഭമേളക്കാലത്തെ രണ്ടാമത്തെ ഷാഹി സ്നാൻ എന്ന വിശേഷദിവസവും ഒന്നിച്ചു വരുന്ന ദിവസമാണ് രാഷ്ട്രീയപ്രവേശത്തിനായി പ്രിയങ്ക തെരഞ്ഞെടുത്തിരിക്കുന്നത്. പ്രയാഗ് രാജിലെ സംഗമസ്ഥാനത്താകും പ്രിയങ്ക ഗംഗാസ്നാനം നടത്തുക. അന്ന് ഗംഗാസ്നാനം നടത്താൻ കഴിഞ്ഞില്ലെങ്കിൽ ഫെബ്രുവരി 10-ലേക്ക് ചുമതലയേൽക്കുന്നത് നീട്ടും. വാസന്തപഞ്ചമിദിവസമാണ് ഫെബ്രുവരി 10. 2001-ൽ സോണിയാഗാന്ധിയും കുംഭമേളയിൽ പങ്കെടുത്ത് ഗംഗാസ്നാനം നടത്തിയിരുന്നു.

Read More: ഇന്ദിരയെപ്പോലൊരു പ്രിയങ്ക, ഇത് കോൺഗ്രസിന്‍റെ പൂഴിക്കടകൻ!

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മണ്ഡലമായ ഗോരഖ് പൂരും ഉൾപ്പടെയുള്ള 40 മണ്ഡലങ്ങളടങ്ങിയ കിഴക്കൻ ഉത്തർപ്രദേശിന്‍റെ ചുമതലയാണ് പ്രിയങ്കയ്ക്ക്. ബിജെപിയുടെ ശക്തികേന്ദ്രമായ ഇവിടത്തെ ഹിന്ദുത്വ, സവർണ വോട്ടുകൾ ലക്ഷ്യമിട്ടാണ് കോൺഗ്രസ് മേഖലയിൽ പ്രിയങ്കയെ കളത്തിലിറക്കിയിരിക്കുന്നത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മുഖച്ഛായയുള്ള പ്രിയങ്ക ഗ്രാമീണമേഖലയിൽ നിന്ന് വോട്ടുപിടിക്കുമെന്ന പ്രതീക്ഷയും കോൺഗ്രസിനുണ്ട്. 

ഈ മാസം 23-നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറിയായി പ്രിയങ്കയെ കോൺഗ്രസ് നിയമിച്ചത്. 47 വയസ്സുകാരിയായ പ്രിയങ്ക ഏറെക്കാലത്തെ അഭ്യൂഹങ്ങൾക്ക് ശേഷമാണ് സജീവരാഷ്ട്രീയത്തിലെത്തുന്നത്. 

Watch: പ്രിയങ്ക വരുന്നതില്‍ ഇത്രക്ക് രോമാഞ്ചം വേണോ? കവര്‍ സ്റ്റോറി ചര്‍ച്ച ചെയ്യുന്നു

PREV
click me!