മാണിയോട് ഇടഞ്ഞ് പിജെ ജോസഫ്; കേരളാ കോൺഗ്രസ് വീണ്ടും പിളരുമോ?

By Web TeamFirst Published Jan 29, 2019, 11:06 AM IST
Highlights

മാണിവിഭാഗത്തിൽ നിന്ന് വിട്ട് പ്രത്യേക പാർട്ടിയായി യുഡിഎഫിൽ തന്നെ തുടരാനാണ് പിജെ ജോസഫ് ആലോചിക്കുന്നത്. മാണി ക്യാമ്പിൽ നിന്ന് ചില എംഎൽഎമാർ അടക്കമുള്ളവർ കൂടെ വരുമെന്നും ജോസഫ് കണക്കുകൂട്ടുന്നു 

തിരുവനന്തപുരം:  ലോക്  സഭാ തെരഞ്ഞെടുപ്പടുത്തതോടെ മറ്റൊരു പിളർപ്പിന്‍റെ വക്കിലാണ് കേരളാ കോൺഗ്രസ് എം. ഒരു പാർലമെന്‍റ് സീറ്റ് അധികം ചോദിച്ച് പിജെ ജോസഫ് സമ്മർദ്ദം ശക്തമാക്കിയതോടെ അതൃപ്തി മറനീക്കി പുറത്ത് വന്നുകഴിഞ്ഞിട്ടുമുണ്ട്. യഥാത്ഥത്തിൽ പ്രശ്നം അധിക സീറ്റ് മാത്രമല്ലെന്നാണ് സൂചന. ഏറെ നാളായുള്ള അതൃപ്തിയുടെ പ്രതിഫലനമാണ് പിജെ ജോസഫിന്‍റെ പ്രതികരണത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ.

ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജോസ് കെ മാണി നടത്തുന്ന കേരള യാത്രക്കിടെയാണ് സമാധാന സന്ദേശവുമായി ഗാന്ധിജി സ്റ്റഡി സെന്‍ററിന്‍റെ ബാനറിൽ തിരുവനന്തപുരത്ത് നാളെ പിജെ ജോസഫ് പ്രാര്‍ത്ഥനാ യജ്ഞത്തിനെത്തുന്നത്. പാർട്ടിയിലെ പിളർപ്പടക്കം നിർണായക ഘട്ടങ്ങളിലൊക്കെ ഇതിന് മുമ്പും പിജെ ജോസഫ് ഗാന്ധിജി സ്റ്റഡി സെന്‍ററിനെ കൂട്ടുപിടിച്ചിട്ടുണ്ട്. കേരളാ കോൺഗ്രസ് എമ്മിൽ ജോസ്  കെ മാണിയുടെ അപ്രമാദിത്തത്തിലാണ് ജോസഫിന്‍റെ അതൃപ്തിയെന്നാണ് വിവരം. പാർട്ടി സംവിധാനത്തിൽ ഇടം കുറഞ്ഞ് വരുന്നു എന്ന തോന്നൽ പിജെ ജോസഫിനുണ്ട്.

ബാർ കോഴ ആരോപണത്തെ തുടർന്ന് മുന്നണി വിടാൻ മാണി തീരുമാനിച്ചത് മുതൽ രണ്ട് വർഷം യുഡിഎഫിന് പുറത്ത് നിന്നതും വീണ്ടും തിരിച്ചെത്തിയതും അടക്കം എല്ലാറ്റിലും കെഎം മാണിയുടെ ഏകപക്ഷീയ താൽപര്യം ഉണ്ടായെന്നാണ് ജോസഫിന്‍റെ ആക്ഷേപം. പാർട്ടിയിൽ കെഎം മാണിക്കപ്പുറം ജോസ് കെ മാണി പിടിമുറുക്കുന്നതിലും അസംതൃപിതയുണ്ട്. കേരള യാത്രപോലും കൂടിയാലോചന ഇല്ലാതെ ജോസ് കെ മാണി തീരുമാനിച്ചെന്നാണ് ജോസഫ് പക്ഷത്തിന്‍റെ പൊതു വികാരം. മാത്രമല്ല പാർട്ടിയിൽ രണ്ടാമനെന്ന നിലയിൽ കിട്ടേണ്ട പരിഗണന പിജെ ജോസഫിന് കിട്ടുന്നില്ലെന്ന പരാതിയും ജോസഫ് വിഭാഗത്തിനുണ്ട്.

ഭിന്നത രൂക്ഷമായാൽ മാണിവിഭാഗത്തിൽ നിന്ന് വിട്ട് പ്രത്യേക പാർട്ടിയായി യുഡിഎഫിൽ തന്നെ തുടരാനാണ് പിജെ ജോസഫ് ആലോചിക്കുന്നത്. സ്വന്തം പക്ഷക്കാർ മാത്രമല്ല കെഎം മാണിക്കൊപ്പം നിൽക്കുന്ന ചില എംഎൽഎമാർ അടക്കമുള്ളവരും കൂടെ വരുമെന്നും ജോസഫ് കണക്കുകൂട്ടുന്നു. അതേസമയം പിജെ ജോസഫിന് പാർലമെന്‍റ മോഹം പണ്ടെ ഉണ്ടെന്നാണ് കെഎം മാണി വിഭാഗം തിരിച്ചടിക്കുന്നത്.

രണ്ട് സീറ്റ് മുന്നണിയിൽ ആവശ്യപ്പെട്ട്  പിജെ ജോസഫിനെ കൂടെ നിർത്താനുള്ള തന്ത്രപരമായ നീക്കമാണ് കെഎം മാണിയും ജോസ് കെ മാണിയും ഇപ്പോൾ നടത്തുന്നത്. ജോസഫ് പക്ഷത്തിന്‍റെ  പ്രാര്‍ത്ഥനാ യജ്ഞം മാണി വിരുദ്ധ കൂട്ടായ്മയാണെന്ന തോന്നലുണ്ടാകാതിരിക്കാൻ തിരുവനന്തപുരത്തെ ഉപവാസ വേദിയിലേക്ക് കെഎം മാണി അപ്രതീക്ഷിതമായി കടന്നെത്താനുള്ള സാധ്യത പോലും ഉണ്ടെന്നാണ് രാഷ്ട്രീയ വർത്തമാനം. 

click me!