രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നുവെന്ന് എം കെ സ്റ്റാലിന്‍

By Web TeamFirst Published Dec 16, 2018, 8:14 PM IST
Highlights

ഗജ ചുഴലിക്കാറ്റിൽ ആളുകളുടെ ജീവൻ നഷ്ടപ്പെട്ടിട്ടും രാജ്യത്തിന്‍റെ പ്രധാനമന്ത്രി തമിഴ്നാട്ടിൽ എത്തിയില്ല. അമേരിക്കയും ഫ്രാൻസും കറങ്ങി നടക്കുന്ന മോദിക്ക് സാധാരണ ആളുകളെ കാണാൻ സമയമില്ലെന്നും സ്റ്റാലിൻ ആരോപിച്ചു

ചെന്നെെ: പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ പ്രഖ്യാപിക്കുന്നുവെന്ന് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ. രാഹുലിന്‍റെ കരങ്ങൾക്ക് ശക്തി പകരണമെന്നും അതിനായി ഒന്നിച്ച് പ്രവർത്തിക്കണമെന്നും ഒപ്പമുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളോടും അഭ്യർത്ഥിക്കുന്നതായും സ്റ്റാലിന്‍ പറഞ്ഞു. കേരള മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയാണ് സ്റ്റാലിന്‍റെ വാക്കുകള്‍.

തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായിരുന്ന കരുണാനിധിയുടെ പ്രതിമ അനാച്ഛാദന പരിപാടിയിലാണ് സ്റ്റാലിന്‍റെ പ്രഖ്യാപനം. നരേന്ദ്രമോദി സർക്കാർ രാജ്യത്തെ പിന്നോട്ടടിക്കുയാണ്. മോദിക്കെതിരെ ഏവരും ഒറ്റകെട്ടായി നിൽക്കേണ്ടത് രാജ്യത്തിന്‍റെ ആവശ്യകതയായി.

ഗജ ചുഴലിക്കാറ്റിൽ ആളുകളുടെ ജീവൻ നഷ്ടപ്പെട്ടിട്ടും രാജ്യത്തിന്‍റെ പ്രധാനമന്ത്രി തമിഴ്നാട്ടിൽ എത്തിയില്ല. അമേരിക്കയും ഫ്രാൻസും കറങ്ങി നടക്കുന്ന മോദിക്ക് സാധാരണ ആളുകളെ കാണാൻ സമയമില്ലെന്നും സ്റ്റാലിൻ ആരോപിച്ചു. അതേസമയം, കരുണാനിധി മുന്നോട്ട് വച്ച ആശയങ്ങളെ മുറുകെ പിടിച്ച് രാജ്യത്തിന്‍റെ ഐക്യം കാത്തു സൂക്ഷിക്കണമെന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു.  

രാജ്യം ഭരിക്കുന്ന ബിജെപിക്കെതിരെ അണിനിരക്കുന്ന പ്രതിപക്ഷ കക്ഷികളുടെ സംഗമവേദിയായി മാറിയ കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങലില്‍ വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ സാക്ഷി നിര്‍ത്തിയായിരുന്നു സ്റ്റാലിന്‍റെ പ്രഖ്യാപനങ്ങള്‍. 

സോണിയയെ കൂടാതെ, രാഹുല്‍ ഗാന്ധി,  കേരള മുഖ്യമന്ത്രി പിണറായി വിജയന്‍,ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പുതുച്ചേരി മുഖ്യമന്ത്രി നാരായണ സാമി, രജനികാന്ത് എന്നിങ്ങനെയുള്ള പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതോടെ, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ അണിനിരക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംഗമവേദി കൂടിയായി ചെന്നെെ മാറി. 

click me!