സത്താറയിൽ ശിവാജിയുടെ പിന്മുറക്കാരൻ ഒരു ലക്ഷം വോട്ടിന് പിന്നിൽ

Published : Oct 24, 2019, 12:24 PM ISTUpdated : Oct 24, 2019, 12:25 PM IST
സത്താറയിൽ ശിവാജിയുടെ പിന്മുറക്കാരൻ ഒരു ലക്ഷം വോട്ടിന് പിന്നിൽ

Synopsis

 ശരദ് പവാർ പറഞ്ഞു." ശിവാജി മഹാരാജാവിന്റെ ബന്ധുവാണ് പിന്മുറക്കാരനാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. എൻസിപിയെ ചതിച്ച് മറുകണ്ടം ചാടിയ ഭോസലെ പൊട്ടും. പൊട്ടുമെന്നു പറയുമ്പോൾ, ഒന്നും രണ്ടും വോട്ടിനല്ല, ചുരുങ്ങിയത് ഒരു ലക്ഷം വോട്ടിനെങ്കിലും പൊട്ടും..."

എൻസിപിയുടെ സിറ്റിംഗ് എംപി ഉദയൻരാജെഭോസലെ കൂറുമാറി ബിജെപിയിൽ ചെന്ന് ചേർന്നതോടെയാണ് മഹാരാഷ്ട്രയിലെ സത്താറാ പാർലമെന്റ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. തന്റെ കാലുവാരി പാർട്ടി വിട്ട ശിവാജി മഹാരാജാവിന്റെ പിന്മുറക്കാരൻ കൂടിയായ ഉദയൻരാജെക്കെതിരെ തന്റെ ഏറ്റവും മികച്ച പോരാളിയെത്തന്നെ നിർത്തണമെന്നും ഭോസലെയെ ഒരു പാഠം പഠിപ്പിക്കണം എന്നും എൻസിപി തലവൻ ശരദ് പവാർ ഉറപ്പിച്ചു. ഈ ദൗത്യത്തിനായി അദ്ദേഹം വിളിച്ചുവരുത്തിയത് സാക്ഷാൽ ശ്രീനിവാസ് പാട്ടീലിനെയായിരുന്നു. 

ഏത് ശ്രീനിവാസ് പാട്ടീലെന്നോ..? മുമ്പ് സിക്കിം ഗവർണറായിരുന്ന  അതേ ശ്രീനിവാസ് പാട്ടീൽ. മഹാരാഷ്ട്ര വിട്ട് ഇനിയൊരു അങ്കത്തിനില്ല എന്ന കടുംപിടുത്തത്തിലായിരുന്നു ഇത്രയും കാലമായി ശ്രീനിവാസ് പാട്ടീൽ. എന്നാൽ, ഇത് തന്റെ അഭിമാനത്തിന്റെ പ്രശ്നമാണെന്നും, മത്സരിച്ചേ പറ്റൂ എന്നും ശരദ് പവാർ നേരിട്ട് നിർബന്ധിച്ചതോടെ, അതിന് വഴങ്ങുകയായിരുന്നു പാട്ടീൽ.  കോൺഗ്രസ് വിട്ട് പവാർ എൻസിപി രൂപീകരിച്ച കാലം തൊട്ടേ പവാറിന്റെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാളാണ് ശ്രീനിവാസ് പാട്ടീൽ. 

ഇരുപക്ഷവും കൊണ്ടുപിടിച്ച പ്രചാരണങ്ങൾ നടത്തി.  ഭോസലേ ക്കുവേണ്ടി വോട്ടുചോദിക്കാൻ നരേന്ദ്ര മോദി തന്നെ നേരിട്ടിറങ്ങി. തന്റെ സ്ഥാനാർത്ഥിയെ നേരിടാൻ ധൈര്യമില്ലാത്ത ശരദ് പവാറിനെ 'ഭീരു' എന്നുവരെ വിളിച്ചു. അന്നൊന്നും പവാർ മറുപടി പറഞ്ഞില്ല. 

തന്റെ പ്രചാരണയാത്രയ്ക്കിടെ പവാർ സത്താറയിലും എത്തിയിരുന്നു. അവിടെ  പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾപെട്ടെന്ന് പെരുമഴ പെയ്തിറങ്ങി. എന്നാൽ അത് സാരമാക്കാതെ പവാർ തന്റെ പ്രസംഗം തുടർന്ന്. അന്നദ്ദേഹം പറഞ്ഞ വാക്കുകൾ സത്താറയിലെ വോട്ടർമാരെ  വൈകാരികമായി  ഏറെ സ്വാധീനിച്ചു. " ഭോസലെയെ വിശ്വസിച്ചുപോയി. സ്ഥാനാർത്ഥിയെ തിരഞ്ഞെടുത്തപ്പോൾ തനിക്ക് തെറ്റുപറ്റി. അത് തിരുത്താൻ അവസരം തരണം "  

പോളിങ്ങ് കഴിഞ്ഞ അന്നുതന്നെ ശരദ് പവാർ ഒരു കാര്യം ഉറപ്പിച്ചു പറഞ്ഞു." ശിവാജി മഹാരാജാവിന്റെ ബന്ധുവാണ് പിന്മുറക്കാരനാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. എൻസിപിയെ ചതിച്ച് മറുകണ്ടം ചാടിയ ഭോസലെ പൊട്ടും. പൊട്ടുമെന്നു പറയുമ്പോൾ, ഒന്നും രണ്ടും വോട്ടിനല്ല, ചുരുങ്ങിയത് ഒരു ലക്ഷം വോട്ടിനെങ്കിലും പൊട്ടും..."

ശരദ് പവാർ പറഞ്ഞ പോലെ തന്നെ ഇപ്പോൾ ഒരു ലക്ഷത്തിലധികം വോട്ടിന് ലീഡ് ചെയ്യുകയാണ് ശ്രീനിവാസ് പാട്ടീൽ. 

PREV
click me!

Recommended Stories

'കഴിഞ്ഞ പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല...', ഇത് 'കര്‍മ്മ' എന്ന് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
സാഹചര്യം ഗുരുതരം, ഓസ്ട്രേലിയയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചത് 4 പേർ; മഴ ശക്തമായി തുടരുന്നു