Thrikkakara By Election Result : 'വിജയമുറപ്പ്'; 'മികച്ച ഭൂരിപക്ഷം നേടുമെന്ന് ഉമ തോമസ്

Published : Jun 03, 2022, 06:56 AM ISTUpdated : Jun 03, 2022, 09:33 AM IST
Thrikkakara By Election Result  :  'വിജയമുറപ്പ്'; 'മികച്ച ഭൂരിപക്ഷം നേടുമെന്ന് ഉമ തോമസ്

Synopsis

പോളിംഗ് ദിനത്തിലേത് പോലെ തന്നെ അമ്പലത്തിലും പള്ളിയിലും പോയതിന് പിന്നാലെയാണ് കൗണ്ടിംഗ് സ്റ്റേഷനിലേക്ക് ഉമ തോമസ് പോവുന്നത്. 

കൊച്ചി: തൃക്കാക്കരയില്‍ മികച്ച വിജയമുണ്ടാകുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് (Uma Thomas). പോളിങ്ങ് ശതമാനത്തില്‍ ആശങ്കയില്ല. മികച്ച ഭൂരിപക്ഷം നേടുമെന്നും ഉമ തോമസ് പറഞ്ഞു. പോളിംഗ് ദിനത്തിലേത് പോലെ തന്നെ അമ്പലത്തിലും പള്ളിയിലും പോയതിന് പിന്നാലെയാണ് കൗണ്ടിംഗ് സ്റ്റേഷനിലേക്ക് ഉമ തോമസ് പോവുന്നത്. ബിജെപി വോട്ടുകളില്‍ വന്‍ വര്‍ധനയുണ്ടാവുമെന്നും ചിട്ടയായ സംഘടനാപ്രവര്‍ത്തനം ഗുണം ചെയ്യുമെന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. 

239 ബൂത്തുകളിലായി 1,35,342 വോട്ടര്‍മാര്‍ രേഖപ്പെടുത്തിയ വോട്ടുകള്‍ എണ്ണിത്തീരുമ്പോള്‍ തൃക്കാക്കരയുടെ പുതിയ എംഎല്‍എ ആരെന്ന് തെളിയും. എട്ട് മണിയോടെ സ്ട്രോങ് റൂം തുറക്കും. ആദ്യം എണ്ണുക പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് ബാലറ്റുകളുമാണ്. പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ എണ്ണി തുടങ്ങും. ഒരു റൗണ്ടില്‍ 21 വോട്ടിങ് മെഷീനുകള്‍ എണ്ണി തീര്‍ക്കും. അങ്ങിനെ പതിനൊന്ന് റൗണ്ടുകള്‍ പൂര്‍ത്തിയാകുന്നതോടെ ചിത്രം വ്യക്തമാകും തെളിയും. കൊച്ചി കോര്‍പ്പറേഷനിലെ ഇടപ്പളളി മേഖലയിലെ ബൂത്തുകളാവും ആദ്യം എണ്ണുക.

ഈ ബൂത്തുകളിലെ വോട്ടുകള്‍ എണ്ണി കഴിയുമ്പോള്‍ തന്നെ ചിത്രം തെളിയും. കഴിഞ്ഞ തവണ ഈ മേഖലയില്‍ പി ടി തോമസ് നേടിയത് 1258 വോട്ടുകളുടെ ലീഡാണ്. ആദ്യ റൗണ്ടില്‍ ഉമയുടെ ലീഡ് 800നും ആയിരത്തി മുന്നൂറിനും ഇടയിലെങ്കില്‍ യുഡിഎഫ് ജയിക്കുമെന്നതിന്‍റെ കൃത്യമായ സൂചനയാകും അതെന്നാണ് വിലയിരുത്തപ്പെടുന്നത്. പാലാരിവട്ടം, പാടിവട്ടം, അഞ്ചുമന മേഖലകളിലൂടെയാവും പിന്നെ കൗണ്ടിംഗ് കടക്കുക. അഞ്ചാം റൗണ്ടോടെ വൈറ്റില വരെയുളള കോര്‍പറേഷന്‍ പരിധിയിലെ ബൂത്തുകള്‍ എണ്ണി തീരും.

വോട്ടെണ്ണല്‍ അഞ്ചു റൗണ്ട് പിന്നിടുമ്പോള്‍ ഉമയുടെ ലീഡ് അയ്യായിരം കടന്നുവെങ്കില്‍ യുഡിഎഫിന് വിജയം ഉറപ്പിക്കാം. ഇവിടെ യുഡിഎഫ് ഭൂരിപക്ഷം മൂവായിരത്തില്‍ താഴെയെങ്കില്‍ കടുത്ത മല്‍സരമാണ് നടക്കുന്നതെന്ന് വിലയിരുത്തേണ്ടി വരും. അതല്ല ജോ ജോസഫ് നേരിയ ലീഡ് സ്വന്തമാക്കിയാല്‍ പോലും ഇടതുമുന്നണി ജയിക്കുമെന്നതിന്‍റെ സൂചനയാകും അത്.  അങ്ങനെ വന്നാല്‍ തൃക്കാക്കര മുനസിപ്പാലിറ്റിയിലെ വോട്ടുകള്‍ നിര്‍ണായകമാകും. എട്ടാം റൗണ്ട് മുതലാണ് തൃക്കാക്കരയിലെ വോട്ടുകള്‍ എണ്ണി തുടങ്ങുക. ഇഞ്ചോടിഞ്ച് മല്‍സരമാണ് നടക്കുന്നതെങ്കില്‍ തൃക്കാക്കര വെസ്റ്റ്, സെന്‍ട്രല്‍ മേഖലകളിലെ വോട്ടുകള്‍ എണ്ണുന്ന 9,10,11 റൗണ്ടുകള്‍ പിന്നിടുന്നതോടെ ഇരു സ്ഥാനാര്‍ഥികളും ഏതാണ്ട് ഒപ്പത്തിനൊപ്പമെത്തും.

അങ്ങനെ സംഭവിച്ചാല്‍ മാത്രം ഇടതുമുന്നണിക്ക് പ്രതീക്ഷയോടെ അവസാന നാലു റൗണ്ടുകളിലേക്ക് കടക്കാം. ഇടതു ശക്തികേന്ദ്രമായ തൃക്കാക്കര ഈസ്റ്റ് മേഖല ഈ ഘട്ടത്തിലാവും എണ്ണുക. കോര്‍പ്പറേഷന്‍ പരിധിയിലെ യുഡിഎഫ് ഭൂരിപക്ഷം എണ്ണായിരത്തിനും പതിനായിരത്തിനും ഇടയിലെങ്കില്‍  തൃക്കാക്കര മുനിസിപ്പൽ പരിധിയിലെ വോട്ടുകള്‍ കൊണ്ട് അട്ടിമറി നടത്താമെന്ന ഇടത് പ്രതീക്ഷ അണയും. അവസാന വട്ട കണക്കുകൂട്ടലുകളും നടത്തിയ ശേഷവും വിജയം ഉറപ്പാണെന്ന് തന്നെയാണ് ഇടത് വലത് ക്യാമ്പുകൾ പ്രതികരിക്കുന്നത്. 

PREV
click me!

Recommended Stories

'കഴിഞ്ഞ പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല...', ഇത് 'കര്‍മ്മ' എന്ന് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
സാഹചര്യം ഗുരുതരം, ഓസ്ട്രേലിയയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചത് 4 പേർ; മഴ ശക്തമായി തുടരുന്നു