സംസ്ഥാനത്ത് ഇടത് സുനാമിയിൽ പിണറായിക്ക് ഭരണത്തുടർച്ച, തകർന്നടിഞ്ഞ് യുഡിഎഫ്, ബിജെപി സംപൂജ്യർ

By Web TeamFirst Published May 2, 2021, 7:42 PM IST
Highlights

ഭരണമുന്നണിയെന്ന തലത്തിൽ വെല്ലുവിളികൾ നേരിട്ടും ഒന്നൊന്നായി വന്ന രാഷ്ട്രീയ പ്രതിസന്ധികൾ അതിജീവിച്ചുമാണ് സിപിഎമ്മും ഇടതുമുന്നണിയും തുടർഭരണത്തിലേക്ക് എത്തുന്നത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ആഞ്ഞുവീശിയ ഇടത് കൊടുങ്കാറ്റിൽ പിണറായിക്ക് ഭരണത്തുടർച്ച. ചരിത്രം വഴിമാറ്റിയ എൽഡിഎഫ് തേരോട്ടത്തിൽ യുഡിഎഫ് തകർന്ന് തരിപ്പണമായി. നേമം തിരിച്ചുപിടിച്ച് ബിജെപിയുടെ അക്കൗണ്ടും എൽഡിഎഫ് പൂട്ടി. 

പിണറായിയുടെ ചുമലിലേറി കൂടുതൽ കരുത്തോടെ തുടർഭരണത്തിലേക്ക്.സെഞ്ച്വറിക്ക് ഒരു സീറ്റ് കുറഞ്ഞെങ്കിലും വിജയത്തിന് 2016-നെക്കാളും പകിട്ട്. ആറ്റിക്കുറുക്കി  എൻപത് സീറ്റെന്ന് പാർട്ടി വിലയിരുത്തിയെങ്കിലും ജനം കരുതിവച്ചത് അതിലുമേറെ. തിരിച്ചടി ആശങ്കപ്പെട്ട പല ജില്ലകളും അനായാസം കടന്നു കൂടി. പിണറായിയും,കെകെ ശൈലജയും, എംഎം മണിയുമെല്ലാം വിജയിച്ചത് റെക്കോർഡ് ഭൂരിപക്ഷത്തിൽ. 

ഭരണമുന്നണിയെന്ന തലത്തിൽ വെല്ലുവിളികൾ നേരിട്ടും ഒന്നൊന്നായി വന്ന രാഷ്ട്രീയ പ്രതിസന്ധികൾ അതിജീവിച്ചുമാണ് സിപിഎമ്മും ഇടതുമുന്നണിയും തുടർഭരണത്തിലേക്ക് എത്തുന്നത്.  സിപിഎമ്മിലെയും ഘടകകക്ഷികളുടെയും മന്ത്രിമാർ വിജയിച്ചപ്പോൾ നഷ്ടം  മേഴ്സിക്കുട്ടിയമ്മയുടെ പരാജയം മാത്രമാണ്. മന്ത്രിസഭയിലെ മൂന്നാം നമ്പർ കാർ ഉറപ്പിച്ച ജോസ് കെ മാണി പാലയിൽ വീണതും, കൽപറ്റയിൽ ശ്രേയാംസ് കുമാർ തോറ്റതും തിരിച്ചടിയായി.

ആലപ്പുഴ,അമ്പലപ്പുഴ,കോഴിക്കോട് നോർത്ത്,തൃശൂർ അടക്കം ടേം വ്യവസ്ഥയിൽ പ്രമുഖരെ മാറ്റി റിസ്ക്കെടുത്ത രണ്ട് ഡസൻ മണ്ഡലങ്ങളിൽ ഭൂരിഭാഗവും വിജയിച്ചത് സിപിഎം സിപിഐ നേതൃത്വങ്ങൾക്ക് ആശ്വാസമായി. എന്ത് വിലക്കൊടുത്തും തോൽപിക്കാൻ നേതൃത്വവും അണികളും ആഞ്ഞിറങ്ങിയ വടക്കാഞ്ചേരിയിലും, അഴിക്കോടും, തൃത്താലയിലും യുഡിഎഫ് യുവനിര തോറ്റത് ഇടതുക്യാമ്പിന്‍റെ ആവേശം കൂട്ടി. 

ഇടതുമുന്നണിയിൽ രണ്ടാം കക്ഷിയായ സിപിഐയക്കാൾ മൂന്നിരട്ടി വ്യത്യാസത്തിൽ കരുത്തോടെ സിപിഎം. 12ൽ അഞ്ചിടത്ത് കേരള കോണ്‍ഗ്രസ് എം വിജയിച്ചു. യുഡിഎഫിൽ കോണ്‍ഗ്രസിന് 22 സീറ്റ്. ലീഗിന് 14. വൻവിജയം പ്രതീക്ഷിച്ച ഉമ്മൻചാണ്ടി ഭൂരിപക്ഷത്തിൽ അഞ്ചക്കം കടന്നില്ല. ഹരിപ്പാടും ഭൂരിപക്ഷം കുറഞ്ഞു. നേമത്ത് മൂന്നാമനായ കെ.മുരളീധരന് നേടാനായത് 35000ത്തോളം വോട്ടുകൾ മാത്രം.തൃശൂരിൽ പത്മജയുടെ തോൽവിയും ഇരട്ടപ്രഹരമായി. യുഡിഎഫിൽ തിളക്കമേറിയ വിജയം നേടിയത് കെകെ രമയും മാണി സി കാപ്പനും. ഇടതു തേരോട്ടത്തിൽ ബിജെപി അക്കൗണ്ടും പൂട്ടി. നേമത്ത് കുമ്മനം തോറ്റത് അയ്യായിരത്തിലേറെ വോട്ടുകൾക്ക്. വിജയത്തിനരികെ എത്തി ഇ.ശ്രീധരനും ഷാഫി പറമ്പിലിനു മുന്നിൽ വീണു.

click me!