കോൺഗ്രസ് നേതാവ് ദിഗ്‍വിജയ് സിംഗിന്‍റെ സഹോദരന് ഒരു മലയാളി കണക്ഷനുണ്ട്! എന്താണെന്നല്ലേ?

By Prasanth ReghuvamsomFirst Published Nov 27, 2018, 10:00 PM IST
Highlights

'എനിയ്ക്ക് മൂന്ന് മലയാളം വാക്കുകൾ അറിയാം. രണ്ട് .. മൂന്ന് .. നാല്, പിന്നെ, ചിന്നദൊരൈ ആന്‍റ് പെരിയദൊരൈ' - ചിരിച്ചുകൊണ്ട് ദിഗ്‍വിജയ് സിംഗിന്‍റെ സഹോദരൻ ലക്ഷ്മൺ സിംഗ് പറയുന്നു. മധ്യപ്രദേശിലെ മുൻ എംപിയാണ് ലക്ഷ്മൺ സിംഗ്. ഇത്തവണ ചചൗര മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നു. ലക്ഷ്മൺ സിംഗുമായി ഏഷ്യാനെറ്റ് ന്യൂസ് സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ പ്രശാന്ത് രഘുവംശം സംസാരിച്ചപ്പോൾ..

ചചൗര: മധ്യപ്രദേശിലെ ചചൗര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഞങ്ങൾ ലക്ഷ്മൺ സിംഗിനെ കാണുന്നത്. ചില്ലറക്കാരനല്ല ലക്ഷ്മൺ സിംഗ്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്‍വിജയ് സിംഗിന്‍റെ സഹോദരനാണ് ലക്ഷ്മൺ സിംഗ്. മുൻ കോൺഗ്രസ് എംപി. ഇത്തവണ ചചൗരയിലാണ് ജനവിധി തേടുന്നത്.

ലക്ഷ്മൺ സിംഗും കേരളവും തമ്മിലെന്ത്?

കേരളത്തോട് വലിയൊരു സ്നേഹബന്ധമുണ്ട് ലക്ഷ്മൺ സിംഗിന്. രാഷ്ട്രീയത്തിലിറങ്ങുന്നതിനൊക്കെ മുമ്പ് തുടങ്ങുന്നതാണ് ആ ബന്ധം. വർഷങ്ങൾക്ക് മുമ്പ് ലക്ഷ്മൺ സിംഗ് ജോലി ചെയ്തിരുന്നത് നമ്മുടെ മൂന്നാറിലാണ്. വണ്ടിപ്പെരിയാറിലെ ഒരു എസ്റ്റേറ്റിൽ മാനേജരായി ജോലി ചെയ്ത ഒരു കാലം ലക്ഷ്മൺ സിംഗ് ഇങ്ങനെ ഓർത്തെടുക്കുന്നു.

'എനിയ്ക്ക് മൂന്ന് മലയാളം വാക്കുകൾ അറിയാം. രണ്ട് .. മൂന്ന് .. നാല്, പിന്നെ, ചിന്നദൊരൈ ആന്‍റ് പെരിയദൊരൈ' - ചിരിച്ചുകൊണ്ട് ദിഗ്‍വിജയ് സിംഗിന്‍റെ സഹോദരൻ ലക്ഷ്മൺ സിംഗ് പറയുന്നു. 'ചിന്നദൊരൈ - തമിഴ് വാക്കാണ് സർ.' ഞങ്ങൾ തിരുത്തിനോക്കി. 'ഓ, ആ ഭാഗത്ത് പറയുന്ന ഭാഷയല്ലേ', ചിരിയോടെ ലക്ഷ്മൺ സിംഗ് പറയുന്നു. 

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഇത്തവണ മുഖ്യമന്ത്രിയാരാകുമെന്ന് ദൈവവും ഭാഗ്യവും തീരുമാനിയ്ക്കുമെന്നാണ് ലക്ഷ്മൺ സിംഗ് പറയുന്നത്. മധ്യപ്രദേശിൽ ഇത്തവണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെല്ലാം മികച്ച രീതിയിലാണ് നടന്നത്. മികച്ച പ്രവർത്തനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിയ്ക്കുന്നതായും ലക്ഷ്മൺ സിംഗ് പറയുന്നു. 

''തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തവണ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ശിവരാജ് നടത്തുന്ന ശ്രമം എല്ലാം പരാജയപ്പെടും. കോൺഗ്രസിന് ജനങ്ങളുടെ പിന്തുണ കിട്ടും എന്നാണ് ഉറപ്പ്. ആരും മഹാരാജ് അല്ല ഇവിടെ. ഇത് ജനാധിപത്യമാണ്. ജനങ്ങൾക്ക് വേണ്ടത് സമാധാനമാണ്. ശിവ്‍രാജ് വേഴ്സസ് മഹാരാജ് എന്ന കോൺഗ്രസിനെതിരെയുള്ള മുദ്രാവാക്യം വിജയിക്കില്ല.'' - ലക്ഷ്മൺ സിംഗ് പറയുന്നു.

click me!