UP Election 2022 : കർഷകസമരത്തിനിടെ നാലുപേർ കൊല്ലപ്പെട്ട ലാഖിംപൂർ ഖേഡിയിലും ബിജെപി മുന്നേറുന്നത് എന്തുകൊണ്ട് ?

Published : Mar 10, 2022, 10:12 AM ISTUpdated : Mar 10, 2022, 10:37 AM IST
UP Election 2022 : കർഷകസമരത്തിനിടെ നാലുപേർ കൊല്ലപ്പെട്ട ലാഖിംപൂർ ഖേഡിയിലും ബിജെപി മുന്നേറുന്നത് എന്തുകൊണ്ട് ?

Synopsis

മണ്ഡലത്തിൽ ആകെയുള്ള സിഖ് വോട്ടുകൾ 15,000 മാത്രമാണ്. 

ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിന്റെ പോളിംഗ് പുരോഗമിക്കെ സകലരും ഉറ്റുനോക്കുന്ന ഒരു മണ്ഡലം നിഘാസൻ ആണ്.  ലാഖിംപൂർ ഖേഡി ജില്ലയിൽ പെട്ട ഈ മണ്ഡലത്തിലെ ടിക്കോണിയ എന്ന സ്ഥലത്താണ് 2021 ഒക്ടോബർ മൂന്നാം തീയതി, കർഷക സമരത്തെ തുടർന്നുണ്ടായ സംഘർഷങ്ങൾക്കിടയിൽ, സമരം ചെയ്തുകൊണ്ടിരുന്ന കർഷകർക്ക് നേരെ സ്‌കോർപിയോ കാർ പാഞ്ഞുകയറി നാല് പേർ കൊല്ലപ്പെട്ടത്. സിഖ് വംശജരായ മൂന്നു കർഷകരുടെയും ഒരു പത്രപ്രവർത്തകന്റെയും മരണത്തിന് ഉത്തരവാദിയായി അന്ന് പൊലീസ് പറഞ്ഞത് കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ആണ്.

ഈ സംഭവം തങ്ങളുടെ മനസ്സിൽ ആഴത്തിലുള്ള മുറിവുകൾ ഏല്പിച്ചു എന്നും ഇതിനുള്ള മറുപടി തങ്ങൾ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നൽകും എന്നുമായിരുന്നു അന്ന് സിഖ് സംഘടനകൾ പരസ്യമായിത്തന്നെ പ്രഖ്യാപിച്ചത്. എന്നാൽ ഏറ്റവും ഒടുവിലത്തെ ഫലസൂചനകൾ പുറത്തുവരുമ്പോൾ, നിഘാസൻ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി ശശാങ്ക് വർമ്മ, എതിർ സ്ഥാനാർഥി സമാജ് വാദി പാർട്ടി സ്ഥാനാർഥി മുൻ എംഎൽഎ ആർ എസ് കുശ്‌വാഹയെക്കാൾ വ്യക്തമായ ലീഡ് നേടിക്കഴിഞ്ഞു. 

എന്നാൽ, തിരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് കർഷക നിയമം പിൻവലിച്ചത് സമരത്തെയും, ഈ നിയമത്തിന്റെ പേരിലുണ്ടായിരുന്ന ബിജെപി വിരുദ്ധ വികാരത്തെയും ഒട്ടു തണുപ്പിക്കുകയുണ്ടായി. ഇത്, ബിജെപിക്ക് അനുകൂലമായ രീതിയിൽ ഫലത്തെ മാറ്റിയതിന് ഒരു കാരണമാവാം. രണ്ടാമത്തെ പ്രധാന കാരണം ഈ മണ്ഡലത്തിന്റെ വോട്ടുബാങ്കിന്റെ ജാതീയ വിതരണമാണ്. മണ്ഡലത്തിൽ ആകെയുള്ള സിഖ് വോട്ടുകൾ 15,000 മാത്രമാണ്. മുസ്ലിം ഭൂരിപക്ഷമുള്ള ഒരു മണ്ഡലമാണ് ഇത്. ഇവിടെ ആകെ 80,000 -ൽ പരം മുസ്ലിം വോട്ടുകളുണ്ട്. ബാക്കിയുള്ളത് 28,000 മൗര്യ വോട്ടുകളും 22,000 കുർമി വോട്ടുകളുമാണ്. ലാഖിംപൂർ ഖേഡി സംഭവം ടിക്കോണിയയിലെ സിഖ് കർഷക പ്രമുഖരെ ചൊടിപ്പിച്ചു എന്നത് ശരിതന്നെ, പക്ഷേ മണ്ഡലത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള വോട്ടർമാരെ അത് സ്വാധീനിച്ചതായി നിലവിലെ ലീഡ് നില സൂചിപ്പിക്കുന്നില്ല. 

പലരും അതിനെ കണക്കാക്കുന്നത്  സമരത്തിനിടയിലെ കൂട്ടപ്പൊരിച്ചിലിൽ സംഭവിച്ച നിർഭാഗ്യകരമായ സംഭവം എന്ന നിലയ്ക്കാണ് എന്ന്  മണ്ഡലത്തിലെ ഒരു കർഷക പ്രമുഖനായ ഷഫീഖ് അഹമ്മദ് എക്കണോമിക് ടൈംസിനോട് പറയുകയുണ്ടായി. "തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇങ്ങനെ ഒരു സംഭവം നടന്നില്ലായിരുന്നു എങ്കിൽ ആശിഷ് മിശ്രയെ തന്നെ ബിജെപി സ്ഥാനാര്ഥിയാക്കിയിരുന്നേനെ" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലാഖിംപൂർ ഖേഡി സംഭവം നടന്നതും അതിന്റെ പേരിൽ സിഖ് കർഷക സമൂഹം ഒന്നടങ്കം പ്രതിപക്ഷത്തിന്റെ പിന്തുണയോടെ അജയ് മിശ്രയുടെ രാജി ആവശ്യപ്പെട്ടു കൊണ്ട് സമരത്തിനിറങ്ങിയതും വിപരീത ഫലമാണ് തിരഞ്ഞെടുപ്പിലുണ്ടാക്കിയത് എന്ന് നീരജ് കുമാർ എന്ന ഒരു വളം വ്യാപാരിയും പറഞ്ഞു. "മിനിസ്റ്റർ സ്ഥലത്തുണ്ടായിരുന്നേ ഇല്ല. അങ്ങനെ ഒരു സംഭവം നടന്നത് നിർഭാഗ്യകരം തന്നെ. പക്ഷേ, അതിന്റെ പേരിൽ സിഖുകാർ മിശ്രാജിയെ വേട്ടയാടാൻ തുടങ്ങിയതോടെ മണ്ഡലത്തിലെ ഹിന്ദുക്കൾ ഒറ്റക്കെട്ടായി മന്ത്രിക്കു പിന്നിൽ അണിനിരന്നു. സത്യത്തിൽ ഇങ്ങനെ ഒരു സംഭവമേ ഉണ്ടായില്ലായിരുന്നു എങ്കിൽ ചിലപ്പോൾ പിന്നെയും സമാജ് വാദി പാർട്ടിക്ക് നേരിയ സാധ്യതയെങ്കിലും ജയിക്കാൻ ഈ മണ്ഡലത്തിൽ കിട്ടിയിരുന്നേനെ." എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


 

PREV
click me!

Recommended Stories

'കഴിഞ്ഞ പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പ് ഞാൻ മറന്നിട്ടില്ല...', ഇത് 'കര്‍മ്മ' എന്ന് പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
സാഹചര്യം ഗുരുതരം, ഓസ്ട്രേലിയയിൽ വെള്ളപ്പൊക്കത്തിൽ മരിച്ചത് 4 പേർ; മഴ ശക്തമായി തുടരുന്നു