കേരളത്തില്‍ ഇടതുമുന്നണി അധികാരത്തിലെത്തുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്, സി ഫോര്‍ സര്‍വ്വേ

By Web DeskFirst Published Apr 23, 2016, 5:48 PM IST
Highlights

കേരളത്തില്‍ ഇടതുമുന്നണി അധികാരത്തിലെത്തുമെന്ന് ഏഷ്യാനെറ്റ് ന്യൂസ്, സി ഫോര്‍  സര്‍വ്വേ ഫലം. ഇടതുമുന്നണി 81 സീറ്റുവരെ നേടും. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി എന്‍ഡിഎ നിയമസഭയില്‍ അക്കൗണ്ട് തുറക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.

ഫെബ്രുവരി 17 ന് പുറത്തുവിട്ട ആദ്യഘട്ട തെരഞ്ഞെടുപ്പ് അഭിപ്രായ സര്‍വ്വേയോട് ചേര്‍ന്നുനില്‍ക്കുന്ന ഫലമാണ് രണ്ടാംഘട്ട അഭിപ്രായ സര്‍വ്വേയിലും പുറത്തുവരുന്നത്. ഭരണത്തുടര്‍ച്ചയ്‌ക്കല്ല, ഭരണമാറ്റത്തിന് തന്നെയാണ് സാധ്യത. ഇടതുമുന്നണി അധികാരത്തിലെത്തും. 40 ശതമാനം വോട്ട് നേടി, 75 മുതല്‍ 81 വരെ സീറ്റുകളില്‍ വിജയം ഇടതിനൊപ്പം എന്നാണ് സര്‍വ്വേഫലം. ഇതിന് മുന്പത്തെ സര്‍വ്വേയില്‍  77 മുതല്‍ 82 വരെ സീറ്റാണ് എല്‍ഡിഎഫിന് പ്രവചിച്ചിരുന്നത്. കഴി‌ഞ്ഞ സര്‍വ്വേയില്‍ 60 സീറ്റ് വരെ പ്രതീക്ഷിച്ചിരുന്ന യുഡിഎഫ്,  നില മെച്ചപ്പെടുത്തി 56 മുതല്‍  62 സീറ്റ് വരെ നേടുമെന്നാണ് പുതിയ  പ്രവനം. ബിജെപി മുന്നണി 3 മുതല്‍ 5 സീറ്റ് വരെ നേടും. കഴിഞ്ഞ സര്‍വ്വേയിലും ബിജെപി ഇതേ നിലയില്‍ തന്നെ ആയിരുന്നു. കേരളത്തെ മൂന്ന് മേഖലകളാക്കി തിരിച്ചാല്‍, മലബാറിലെ 49 നിയമസഭാ മണ്ഡലങ്ങളില്‍ എല്‍‍ഡിഎഫ് 29 സീറ്റുകള്‍ വരെ നേടാം. എന്‍ഡിഎക്ക് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുന്നത് മലബാറിലാണെന്നും അഭിപ്രായ സര്‍വ്വേ പ്രവചിക്കുന്നു. ഇവിടെ മുന്നണി രണ്ട് മുതല്‍ മൂന്ന് സീറ്റുകള്‍ വരെ നേടും.

മധ്യകേരളത്തില്‍ യുഡിഎഫിന് നേരിയ മുന്‍തൂക്കം അവകാശപ്പെടാം. ആകെയുള്ള  44 സീറ്റുകളില്‍ 24 സീറ്റ് വരെ യുഡിഎഫിന് ലഭിക്കും. ഇടതുമുന്നണിക്ക് 20 മുതല്‍ 22 വരെ സീറ്റ് .  എന്‍ഡിഎക്ക് ഒരു സീറ്റ് കിട്ടിയേക്കാം.

തിരുവിതാംകൂറിലാണ് എല്‍ഡിഎഫ് വ്യക്തമായ ആധിപത്യം ഉറപ്പിക്കുന്നത്. ആകെയുള്ള  47 ല്‍ 31 സീറ്റും ഇടതുമുന്നണി നേടും. യുഡിഎഫിന്  17 സീറ്റുകള്‍ വരെ മാത്രമേ കിട്ടാനിടയുള്ളൂ എന്നാണ് പ്രവചനം. ബിജെപി മുന്നണിക്ക് രണ്ട് സീറ്റുവരെ ലഭിച്ചേക്കാം. എന്നാല്‍ ബിഡിജെഎസ് കാര്യമായ സ്വാധീനമുണ്ടാക്കില്ല എന്നും സര്‍വ്വേ പ്രവചിക്കുന്നു.

യുഡിഎഫ് തോല്‍ക്കുമെന്ന് അഭിപ്രായപ്പെട്ട ഭൂരിപക്ഷം പേരും പക്ഷെ അടുത്ത മുഖ്യമന്ത്രിയായി ആഗ്രഹിക്കുന്നത് ഉമ്മന്‍ചാണ്ടിയെ ആണ്. 29 ശതമാനം. വി എസിനെ  മുഖ്യമന്ത്രിയായി പിന്തുണയ്‌ക്കുന്നത് 26 ശതമാനം പേര്‍ മാത്രം. പിണറായിക്കും കുമ്മനത്തിനും 16 ശതമാനം പേരുടെ പിന്തുണയുണ്ട്. ഏപ്രില്‍ 7 മുതല്‍ 18 വരെ കേരളത്തിലെ അരക്കോടിയോളം വോട്ടര്‍മാരെ നേരില്‍ കണ്ടാണ് ഏഷ്യാനെറ്റ് ന്യൂസ്, സി ഫോര്‍ സ‍ര്‍വ്വേ നടത്തിയത്.

 

 

click me!