
കണ്ണൂര്‍: സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ഗണ്‍മാന്‍മാരെ പിന്‍വലിച്ചുകൊണ്ട് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. ഈ മാസം 12ന് ജയരാജന്റെ ഗണ്‍മാന്‍മാരോട് തിരിച്ച് അതാത് യൂണിറ്റില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ഉത്തരവില്‍ പറയുന്നത്.1997ല്‍ ആര്‍എസ്എസ് അക്രമമുണ്ടായതിന് ശേഷം മൂന്ന് ഗണ്‍മാന്‍മാരെയായിരുന്നു സര്‍ക്കാര്‍ സുരക്ഷക്കായി ജയരാജന് അനുവദിച്ചത്. ഈ മൂന്നപേരെയാണ് ഇപ്പോള്‍ പിന്‍വലിച്ചത്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെന്ന പേരിലാണ് ഗണ്‍മാന്‍മാരെ പിന്‍വലിച്ചിട്ടുള്ളത്. ജയരാജന് പുറമെ ബിജെപിവിട്ട് സിപിഎമ്മിലെത്തിയ ഒ.കെ വാസു, എ അശോകന്‍ അടക്കമുള്ളവരുടെ ഗണ്‍മാന്‍മാരെയും പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരി, കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എന്നിവരടക്കമുള്ളവര്‍ക്ക് ഗണ്‍മാന്‍മാരെ പിന്‍വലിച്ചുള്ള ഉത്തരവ് ഇതുവരെ ലഭിച്ചിട്ടില്ല.
നിലവില്‍ അതീവ സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് വിഭാഗം തന്നെ പറയുന്ന പി ജയരാജനടക്കമുള്ളവരുടെ ഗണ്‍മാന്‍മാരെ പിന്‍വലിച്ചതില്‍ സിപിഎമ്മിന് കടുത്ത പ്രതിഷേധം ഉണ്ട്.