പുതുശ്ശേരി മാപ്പുപറഞ്ഞു; യുഡിഎഫിന്റെ തിരുവല്ല പ്രശ്‌നം സമവായത്തില്‍

By Web DeskFirst Published Apr 16, 2016, 12:11 PM IST
Highlights

തിരുവല്ല: പുതുശ്ശേരിയെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ കുര്യന്‍ മാണിക്കയച്ച കത്ത് പുറത്തായതോടെയാണ് തിരുവല്ലയില്‍ രാഷ്ട്രീയ വിവാദങ്ങള്‍ കത്തികയറിയത്. കത്ത് പുറത്തായതിന് പിന്നാലെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം തിരുവല്ലയില്‍ യോഗം ചേര്‍ന്ന് പുതുശ്ശേരിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടു, ഇല്ലെങ്കില്‍ വിമതനെ നിര്‍ത്തുമെന്ന മുന്നറിയിപ്പും നല്‍കി. ഒപ്പം കുര്യന്‍ നിലപാട് കടുപ്പിച്ച് കെ പി സി സി അധ്യക്ഷനെ കണ്ടു. 

അടുത്ത ദിവസം പറഞ്ഞ് വച്ച പോലെ കേരള കോണ്‍ഗ്രസില്‍ നിന്ന് പുതുശേരിക്കെതിരെ വിമതനെത്തി. കാര്യങ്ങള്‍ കൈവിട്ട് പോകുന്ന സാഹചര്യത്തില്‍ സുധീരനും മാണിയും നേരിട്ട് നടത്തിയ സമവായ ശ്രമങ്ങളാണ് ഒടുവില്‍ ഫലം കണ്ടത്. മാണിയെത്തും മുന്‍പേ തിരുവല്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിനെത്തിയ കുര്യന്‍ പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കുകയാണെന്ന് പ്രാദേശിക നേതാക്കളെ അറിയിച്ചു. 

കെ എം മാണിയും ജോസ് കെ മാണിയും ജോയ് എബ്രഹാമും എത്തിയ ശേഷം കത്തയച്ച സാഹചര്യവും എടുത്ത നിലപാടും കുര്യന്‍ യോഗത്തില്‍ വിശദീകരിച്ചു. തമ്മില്‍ തല്ല് ഒഴിവാക്കാനാകുന്നില്ലെങ്കില്‍ സീറ്റ് കോണ്‍ഗ്രസ്സിന് തരണമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സംസാരിച്ച കെ എം മാണി തിരുവല്ലയിലെ സ്ഥാനാര്‍ത്ഥിയെ കുറിച്ച് കുര്യനുമായി ചര്‍ച്ച നടത്തേണ്ടതായിരുന്നു എന്നും മുന്‍പ് ഉണ്ടായ സാഹചര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും ഉറപ്പ് നല്‍കി. 

അതിന് ശേഷമാണ് പുതുശ്ശേരിയെ യോഗത്തിലേക്ക് വിളിച്ച് വരുത്തിയത്. നിര്‍വ്വ്യാജം ഖേദ പ്രകടിപ്പിച്ചുള്ള എഴുതി തയ്യാറാക്കിയ കത്തുമായാണ് പുതുശ്ശേരി യോഗത്തിനെത്തിയത്. യോഗത്തില്‍ വായിച്ച ശേഷം കത്ത് കുര്യന് കൈമാറി. അതോടെയാണ് പ്രശ്‌നപരിഹാരത്തിന് കളമൊരുങ്ങിയത്. പത്തനംതിട്ടയിലെ നേതാവ് താനാണെന്ന സന്ദേശം കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കുന്നതിനൊപ്പം, എതിരാളിയെ പരമാവധി സമ്മര്‍ദ്ദത്തിലാക്കുകയെന്ന തന്ത്രമാണ് കുര്യന്‍ പയറ്റിയത്. പ്രശ്‌നപരിഹരിച്ചെന്ന് മാണിക്കും, തന്ത്രം വിജയിച്ചെന്ന് കുര്യനും നാടാകാന്ത്യം ആശ്വസിക്കാം.
 

click me!