മണ്ണാര്‍ക്കാട്ടെ ലീഗ് സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കാന്‍ കാന്തപുരത്തിന്റെ പരസ്യ ആഹ്വാനം

Published : Apr 24, 2016, 02:59 PM ISTUpdated : Oct 04, 2018, 06:32 PM IST
മണ്ണാര്‍ക്കാട്ടെ ലീഗ് സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കാന്‍ കാന്തപുരത്തിന്റെ പരസ്യ ആഹ്വാനം

Synopsis

രണ്ട് വര്‍ഷം മുമ്പാണ് മണ്ണാര്‍ക്കാട് കല്ലാംകുഴിയിലെ രണ്ട് എപി സുന്നി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. ഈ സംഭവത്തില്‍പ്പെട്ട പ്രതികളെ രക്ഷപ്പെടുത്താന്‍ എംഎല്‍എ ശ്രമിച്ചുവെന്നാണ് കാന്തപുരത്തിന്‍റെ ആരോപണം. അതിനാല്‍ മണ്ണാര്‍ക്കാട് നിന്ന് വീണ്ടും ജനവിധി തേടുന്ന സിറ്റിംഗ് എംഎല്‍എ എന്‍ ഷംസുദ്ദീനെ ജയിപ്പിക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശമാണ് കാന്തപുരം അണികള്‍ക്ക് നല്‍കിയത്. മുസ്ലീം ലീഗ് നേതൃത്വം നല്‍കുന്ന വഖഫ് ബോര്‍ഡ് ഏകപക്ഷീയമായി പെരുമാറുന്നുവെന്ന പരാതിയും കാന്തപുരം മറച്ചുവച്ചില്ല. എപി സുന്നികള്‍ ഉന്നയിച്ച പരാതിയില്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനേയും കാന്തപുരം വിമര്‍ശിച്ചു.

ഒരു കക്ഷിക്കും അനുകൂലമായി  നിലപാട് പ്രഖ്യാപിച്ചിട്ടില്ലെന്നും ന്യായവും യുക്തിയും നോക്കി തെരഞ്ഞെടുപ്പില്‍ നയം സ്വീകരിക്കുമെന്നും കാന്തപുരം പറഞ്ഞെങ്കിലും  ഇടതു മുന്നണിക്ക് പിന്തുണ നല്‍കണമെന്ന നിര്‍ദ്ദേശമാണ് താഴേത്തട്ടിലേക്ക് നല്‍കിയിരിക്കുന്നത്. അതേസമയം കാന്തപുരത്തിന്റെ ആരോപണങ്ങള്‍ എന്‍ ഷംസുദീന്‍ നിഷേധിച്ചു. കാന്തപുരം ആരോപണം ഉന്നയിക്കുന്ന കൊലപാതകക്കേസുകളില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നും മണ്ഡലത്തില്‍ തന്റേയും യുഡിഎഫിന്റെയും തോല്‍വി ആഗ്രഹിക്കുന്നവരാണ് കാന്തപുരത്തെ കൊണ്ട് ഇത് പറയിപ്പിക്കുന്നതെന്നും ഷംസുദീന്‍ പറഞ്ഞു.
 

PREV
click me!