
ബിജെപി കേരളത്തില്‍ ജയിച്ചാല്‍ സാമുദായിക ഐക്യം തകരുമെന്ന എകെ ആന്റണിയുടെ പ്രസ്താവനക്കെതിരെയാണ് കുമ്മനം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍എയുമായ ഇഎസ് ബിജിമോള്‍ക്കെതിരെ എസ്എന്‍ഡിപി യൂണിയനും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഉദുമയില്‍ കള്ളവോട്ട് തടയാന്‍ നടപടി ആവശ്യപ്പെട്ട് കെ സുധാകരന്‍ സുപ്രീം കോടതിയെ സമീപിച്ചു.
പരമാര്‍ശം പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നും വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണ് ആന്‍റണിയുടെ ശ്രമമെന്നും കുമ്മനത്തിന്‍റെ പരാതിയില്‍ പറയുന്നു. ശ്രീനാരായണഗുരുവിന്റെ ചിത്രം പതിച്ച പോസ്റ്റര്‍ വിതരണം ചെയ്ത് വെള്ളാപ്പള്ളി നടേശനെ വ്യക്തിഹത്യ ചെയ്തുവെന്നുമാണ് ബിജിമോള്‍ക്കെതിരെയുള്ള പരാതി. മഹാകവി കുമാരനാശാന്‍ ഇരുന്ന കസേരയിലാണ് വെള്ളാപ്പള്ളി ഇരിക്കുന്നതെന്ന് കാണിച്ച് ബിജിമോള്‍ മണ്ഡലത്തില്‍ പോസ്റ്റര്‍ വിതരണം ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമായി കണ്ട് നടപടി എടുക്കണമെന്നാണ് പരാതിയില്‍ ആവശ്യം. മീനച്ചില്‍എസ്‍എന്‍ഡിപി യോഗം യൂണിയന്‍ കണ്‍വീനര്‍ അഡ്വ: കെഎന്‍ സന്തോഷ് കുമാറാണ് പരാതി നല്‍കിയത്. ബിജിമോളെ അധിക്ഷേപിച്ച് പ്രസംഗിച്ചതിന് വെള്ളാപ്പള്ളിക്കെതിരെ സിപിഐ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പ് പരാതി നല്‍കിയിരുന്നു.
അതിനിടെ കള്ളവോട്ട് തടയാന്‍ നിയമനടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഉദുമ മണ്ഡലത്തില്‍ കേന്ദ്രസേനയെ വിന്യസിക്കണം, പ്രശ്നബാധിത ബൂത്തുകളിലെ പോളിംഗ് ഏജന്‍റുമാര്‍ക്ക് സംരക്ഷണം വേണം തുടങ്ങിയവയാണ് സുധാകരന്റെ ഹര്‍ജിയിലെ മറ്റ് ആവശ്യങ്ങള്‍.