
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ തനിക്കെതിരെ ആരോപണം ആവര്‍ത്തിച്ചാല്‍ ജനം ഇടപെടുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പരാമര്‍ശം ആക്രമണത്തിനുള്ള ആഹ്വാനമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രി പരാമര്‍ശം പിന്‍വലിക്കണമെന്നും കോടിയേരി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ബിജെപി-ലീഗ് നേതാക്കള്‍ ധാരണയുണ്ടെന്നും ഇവര്‍തമ്മില്‍ കോഴിക്കോട് ചര്‍ച്ച നടത്തിയെന്നും കോടിയേരി പറഞ്ഞു. ബിഡിജെഎസ് വഴിയാണ് ബിജെപിയുമായി യുഡിഎഫ് പല മണ്ഡലങ്ങളിലും ബന്ധം സ്ഥാപിച്ചിരിക്കുന്നത്. വെള്ളാപ്പള്ളിക്ക് സൗജന്യമായി ഭൂമി നല്‍കിയതിനുള്ള പ്രത്യുപകാരമാണ് വോട്ട് കച്ചവടത്തിനുള്ള ഈ സംവിധാനമെന്നും കോടിയേരി ആരോപിച്ചു.
അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ക്ക് തെരഞ്ഞെടുപ്പിൽ ജനങ്ങൾ പ്രതികരിക്കുമെന്ന് പറഞ്ഞതിനെ കലാപത്തിനുള്ള ആഹ്വാനമാക്കി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. തനിക്കെതിരെ 32 കേസുകളുണ്ടെന്ന് പറഞ്ഞത് തെളിയിക്കാൻ പറ്റാത്തതിന്‍റെ ജാള്യത മറയ്ക്കാനാണ് വിഎസിന്‍റെ ശ്രമമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.