
മാഹി: തെരെഞ്ഞെടുപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ശേഷിക്കേ മാഹിയിലും തെരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിയിലാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംഎല്‍എയുമായ ഇ വത്സരാജ് പ്രചാരണത്തിന്‍റെ അവസാന ലാപ്പിലേക്ക് പ്രവേശിച്ച് കഴിഞ്ഞു. മയ്യഴിയില്‍ മാറ്റമുണ്ടാകുമെന്ന് പ്രഖ്യാപിച്ച് ഇടതുമുന്നണിയും ശക്തമായ പ്രചാരണത്തിലാണ്.
കാല്‍ നൂറ്റാണ്ട് കാലം മയ്യഴിയെ പുതുച്ചേരി നിയമസഭയില്‍ പ്രതിനിധീകരിച്ച വത്സരാജ് ഇത്തവണ ഭൂരിപക്ഷം വര്‍ധിച്ച ഒരു വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ചെയ്തു നിര്‍ത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ മയ്യഴിക്കാര്‍ തന്നെ ഇത്തവണയും വിജയിപ്പിക്കുമെന്ന് വത്സരാജ് പറയുന്നു. അവസാന ലാപ്പിലേക്കെത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പ്രധാനമായും വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് നടക്കുന്നത്.
മണ്ഡലത്തില്‍ ഇത്തവണ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുന്നണിയും സ്ഥാനാര്‍ത്ഥി ഡോ.വി രാമചന്ദ്രനും. വികസന മുരടിപ്പ് ചൂണ്ടിക്കാട്ടിയാണ് അവരുടെ പ്രചരണം. ബിജെപി അനുകൂല തരംഗം മാഹിയില്‍ പ്രതിഫലിക്കുമെന്ന വിശ്വാസത്തില്‍ ബിജെപിയും പ്രചാരണ രംഗത്ത് സജീവമാണ്. എന്നാല്‍ പൊതുസ്ഥലങ്ങള്‍ വികൃതമാക്കുന്നത് തടയുന്ന നിയമം നടപ്പാക്കിയതിനാല്‍ പ്രചരണത്തിന് ഫ്‌ളക്സ് ബോര്‍ഡുകളോ,ചുവരെഴുത്തോ മാഹിയില്‍ കാണാനാകില്ല.