
പുറത്തുനിന്ന് നോക്കിയാല്‍ ഒറ്റനോട്ടത്തില്‍ സ്റ്റാര്‍ ഹോട്ടലെന്നേ ആരും പറയൂ. മുന്‍വശം മുഴുവന്‍ പതിച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് ബോര്‍ഡുകളാണ് ഉള്ളിലെന്താണെന്നും ഏതാണെന്നുമൊക്കെ മനസ്സിലാക്കിത്തരുന്നത്. പ്രധാനപാര്‍ട്ടികളുടെ തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളെയെല്ലാം വെല്ലുന്ന ഈ കെട്ടിടത്തിലാണ് തിരുവനന്തപുരത്തെ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ബിജു രമേശിനായി അടവുകള്‍ ഒരുങ്ങുന്നത്. ബിജു രമേശിന്‍റെ രാജധാനി ഷോപ്പിങ് കോംപ്ലക്‌സാണ് വര്‍ണവിളക്കുകളും ചിത്രത്തൂണുകളുമായി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസാക്കി മാറ്റിയത്. അകത്തുകയറിയാല്‍ പക്ഷേ സ്ഥാനാര്‍ത്ഥിയുടെ ഒറ്റ ചിത്രവും കാണാനില്ല. മുഴുവന്‍ എംജിആറും ജയലളിതയും മാത്രം. കെട്ടിടത്തേക്കാള്‍ പൊക്കത്തിലാണ് തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ പ്രതീക്ഷ. അമ്മയുടെ ആശീര്‍വാദവും ബിജു രമേശിന്‍റെ സ്ഥാനാര്‍ത്ഥിത്വവും ചേരുന്നതോടെ അട്ടിമറി ഉറപ്പെന്ന വിശ്വാസത്തിലാണ് എഐഎഡിഎംകെ ഇത്തവണ.