സ്ഥാനാര്‍ത്ഥികളുടെ നിലപാട് വിലയിരുത്തി വോട്ട് ചെയ്യണമെന്ന് സീറോ മലബാര്‍ സഭയുടെ സര്‍ക്കുലര്‍

Published : Apr 10, 2016, 10:13 AM ISTUpdated : Oct 04, 2018, 07:38 PM IST
സ്ഥാനാര്‍ത്ഥികളുടെ നിലപാട് വിലയിരുത്തി വോട്ട് ചെയ്യണമെന്ന് സീറോ മലബാര്‍ സഭയുടെ സര്‍ക്കുലര്‍

Synopsis

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്  ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍. സഭ വിശ്വസിക്കുന്ന മൂല്യങ്ങളോട് രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കും  സ്ഥാനാര്‍ത്ഥികള്‍ക്കുമുളള നിലപാടുകളെ വിലയിരുത്തിവേണം സഭാംഗങ്ങള്‍ വോട്ട് ചെയ്യാനെന്ന് കര്‍ദിനാള്‍ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിച്ച ഈ സര്‍ക്കുലര്‍ ഇന്ന് രാവിലെ സഭയുടെ കീഴിലുള്ള പളളികളില്‍ വായിച്ചു. 

ജനാധിപത്യ വ്യവസ്ഥിതിയെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് സര്‍ക്കുലര്‍ തുടങ്ങുന്നത്. ജനക്ഷേമം മറന്ന് പ്രവര്‍ത്തിക്കുന്നവരെ അധികാരത്തില്‍ നിന്നു നീക്കാന്‍ ജനങ്ങള്‍ക്ക് അധികാരം നല്‍കുന്നതാണ് ജനാധിപത്യം. രാഷ്‌ട്രീയത്തോട് വൈമുഖ്യം പുലര്‍ത്തി, വോട്ട് ചെയ്തിട്ട് കാര്യമില്ലെന്ന മനോഭാവം വിശ്വാസികള്‍ വെടിയണം. രാജ്യത്തെയും സമൂഹത്തെയും സ്നേഹിക്കുന്നവര്‍ വോട്ട് ചെയ്യണം. പൗരധര്‍മ്മം വിനിയോഗിക്കാന്‍ വിശ്വാസികളോട് കര്‍ദിനാള്‍ ആഹ്വാനം ചെയ്യുന്നു.
സഭ വിശ്വസിക്കുന്ന മൂല്യങ്ങളോട് രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കുമുളള നിലപാടുകളെ വിലയിരുത്തിവേണം സഭാംഗങ്ങള്‍ വോട്ട് ചെയ്യാനെന്നും കര്‍ദിനാള്‍ ഓര്‍മ്മപ്പെടുത്തുന്നു. 

അഴിമതി, വര്‍ഗീയത, മദ്യഉപഭോഗം, സ്‌ത്രീകളോടുളള അതിക്രമങ്ങള്‍ ഇവയ്‌ക്കെല്ലാമെതിരെ രാഷ്‌ട്രീയകക്ഷികള്‍ക്ക് വ്യക്തമായ നിലപാടുകള്‍ ഉണ്ടാകണം. അക്രമരാഷ്‌ട്രീയം തീരാകളങ്കമാണ്. തെരഞ്ഞെടുപ്പ് കാലത്തു പാര്‍ട്ടികള്‍ ഉന്നയിക്കുന്ന ആരോപണ പ്രത്യാരോപണങ്ങളില്‍ മാത്രം ഒതുങ്ങുന്നതാകരുത് രാഷ്‌ട്രീയ വിശകലനവും പൗരബോധവുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അര്‍ഹരും യോഗ്യരുമായ ജനപ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെടാന്‍ സഭാംഗങ്ങള്‍ പ്രാര്‍ത്ഥിക്കണമെന്ന സന്ദേശത്തോടെയാണ് സര്‍ക്കുലര്‍ അവസാനിക്കുന്നത്.

PREV
click me!