
ബിഗ് ബോസ് മലയാളം സീസൺ 7 അൻപത്തിനാല് ദിവസങ്ങൾ പിന്നിടുമ്പോൾ കടുത്ത മത്സരമാണ് വീട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്. ഈ ആഴ്ചയിൽ നടന്ന രണ്ട് ബോട്ടിൽ ടാസ്കുകളും ബിഗ് ബോസ് ക്യാൻസൽ ചെയ്യുകയും ഇമ്യൂണിറ്റി പവറിനായി മറ്റൊരു ടാസ്ക് നടത്തുകയും ചെയ്തിരുന്നു. മികച്ച മത്സരത്തിനൊടുവിൽ ബിന്നിയാണ് ഈ ആഴ്ചത്തെ ഇമ്യൂണിറ്റി പവർ സ്വന്തമാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വരും ആഴ്ചകളിൽ ബിന്നി നോമിനേഷനിൽ നിന്നും മുക്തി നേടിയിരിക്കുകയാണ്.
അതേസമയം ആദില- അനീഷ് വഴക്ക് തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നൂറയും ഷാനവാസുമാണ് ഇരുവരുടെയും ഇടയിലുള്ള വഴക്കുകൾ തീർക്കാനായി എപ്പോഴും മുന്നിട്ടിറങ്ങുന്നത്. ഷാനവാസ്, അനീഷിനോടും ആദിലയോടും ഇടയ്ക്കെല്ലാം വഴക്ക് നിർത്താനായി ആവശ്യപ്പെടുന്നുണ്ട്. "ഇന്നലെ ഞാൻ പോട്ടെന്ന് വെച്ച് നിന്നതാ ആദില, എന്ന് കരുതി നീ എപ്പോഴും എൻ്റെ തലയിൽ കയറാൻ വന്നാൽ വിവരമറിയും. ഇങ്ങോട്ട് എങ്ങനെ നീ പെരുമാറുന്നോ അതേ നാണയത്തിൽ തന്നെ ഞാൻ പ്രതികരിക്കും, ഇത്രയും നാളും നീ പറഞ്ഞല്ലോ ഞാൻ നിൻ്റെ ഉപ്പയെ പോലയും ചേട്ടനെ പോലെയുമൊക്കെയാണെന്ന്, എനിക്ക് നിൻ്റെ ഉപ്പയുമാകണ്ട ഉപ്പൂപ്പയുമാകണ്ട വല്യാപ്പയുമാകണ്ട, സ്ത്രീ ആണെന്നുള്ള പരിഗണയൊക്കെ ഞാൻ തരും, പക്ഷേ ഓവറായാൽ നീ വിവരം അറിയും മോളെ." എന്നാണ് ഇന്നത്തെ എപ്പിസോഡിന്റെ തുടക്കത്തിൽ തന്നെ അനീഷ് ആദിലയോട് പറയുന്നത്. ഇതിനിടയിൽ ആദിലയും തിരിച്ച്പറയുന്നത് കാണം.
എന്നാൽ ആദിലയുടെ അനീഷിനോടുള്ള ദേഷ്യം കുറയ്ക്കണമെന്നാണ് നൂറ ആവശ്യപ്പെടുന്നത്. എന്നാൽ ഇരുവരും തമ്മിൽ ചെറിയ രീതിയിൽ വിയോജിപ്പുകൾ സംഭാഷണത്തിനിടെ രൂപപ്പെടുന്നുണ്ട്. ആദിലയുടെ ദേഷ്യം തനിക്ക് ടോളറേറ്റ് ചെയ്യാൻ കഴിയുന്നില്ല എന്നാണ് നൂറ പറയുന്നത്. ദേഷ്യം കുറയ്ക്കാൻ സമയം വേണമെന്ന തരത്തിലാണ് ആദില സംസാരിക്കുന്നത്. ഇതിനിടയിൽ അനീഷിനെ തനിക്ക് ഇഷ്ടമല്ലെന്നും ആദില നൂറയോട് പറയുന്നുണ്ട്. ഏതൊരു പങ്കാളികളും തമ്മിലുള്ള വിയോജിപ്പുകളും പിണക്കവും ആദിലയ്ക്കും നൂറയ്ക്കും ഇടയിൽ രൂപപ്പെടുന്നുണ്ട്. എന്നാൽ പ്രമോ വീഡിയോ മാത്രം കണ്ടുകൊണ്ട് ചില പ്രേക്ഷകർ അവർ തമ്മിൽ അടിച്ചുപിരിഞ്ഞു എന്ന തരത്തിൽ പ്രചരിപ്പിക്കുന്നതും കാണാം. എന്നാൽ ഇത്തരം ആഖ്യാനങ്ങളെയെല്ലാം ഇല്ലാതെയാക്കി ഇരുവരുടെയും സ്നേഹത്തെയാണ് ഇന്നത്തെ എപ്പിസോഡിൽ കാണാൻ കഴിയുന്നത്.
കഴിച്ച പാത്രം കഴുകാനായി നൂറ കിച്ചണിലേക്ക് എത്തിയപ്പോൾ ആദില തുടക്കം മുതലേ താൻ കഴുകാം എന്നുള്ള തരത്തിൽ നൂറായുടെ കയ്യിൽ നിന്നും പാത്രം കഴുകാൻ വേണ്ടി ചോദിക്കുന്നുണ്ട്. കിച്ചണിൽവെച്ച് തന്നെ ആദിലയുടെയും നൂറയുടെയും മനോഹരമായ സ്നേഹ നിമിഷങ്ങളും ഇന്നത്തെ എപ്പിസോഡിൽ കാണാൻ കഴിയും. നൂറയുടെ ഉപദേശം ചെവികൊണ്ട ആദില അനീഷിനോടുള്ള നിലപാടിൽ മാറ്റം വരുത്തിയതും കാണാൻ കഴിയും. അതുകൊണ്ട് തന്നെ ഇത്തവണ ജയിൽ നോമിനേഷൻ വഴി ജയിലിലെത്തിയ അനീഷും ആദിലയും തമ്മിലെ മനോഹരമായ സംസാരവും ജയിലിലിനുള്ളിൽ കാണാൻ സാധിക്കും. എന്തായാലും കഴിഞ്ഞ ദിവസത്തെ മാത്രം പ്രകടനം വിലയിരുത്തി ആദിലയ്ക്ക് വൻ വിമർശനങ്ങൾ വന്ന സാഹചര്യത്തിൽ ഇന്നത്തെ എപ്പിസോഡിൽ ഉണ്ടായ മാറ്റങ്ങൾ എങ്ങനെയാണ് പ്രേക്ഷകരുടെ വോട്ടിങ്ങിൽ പ്രതിഫലിക്കുന്നതെന്ന് കാത്തിരുന്ന് തന്നെ കാണാം.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ