ആദ്യ എവിക്ഷനിൽ ഞെട്ടിച്ച് ഫിനാലെ! ആ മത്സരാർഥി പുറത്ത്; ടൈറ്റിൽ വിജയി ഈ 4 പേരിൽ നിന്ന്

Published : Nov 09, 2025, 08:44 PM IST
akabar khan evicted from bigg boss malayalam season 7 on grand finale day

Synopsis

ഒട്ടേറെ സർപ്രൈസുകൾ നിറഞ്ഞ ബിഗ് ബോസ് സീസൺ 7 ഗ്രാൻഡ് ഫിനാലെയിൽ അപ്രതീക്ഷിതമായ ആദ്യ എവിക്ഷൻ 

ഒട്ടേറെ സർപ്രൈസുകൾ മത്സരാർഥികൾക്കും പ്രേക്ഷകർക്കുമായി ഒരുക്കിയ ഒരു ബിഗ് ബോസ് സീസണിനാണ് ഇന്ന് തിരശ്ശീല വീഴുന്നത്. ഗ്രാൻഡ് ഫിനാലെ ദിനത്തിലും അത്തരം ഷോക്കുകൾക്കും സർപ്രൈസുകൾക്കും അവസാനമില്ല. ഫൈനൽ ഫൈവ് മത്സരാർഥികളിലെ ആദ്യ എവിക്ഷനും പ്രേക്ഷകരെയും സഹമത്സരാർഥികളെയും സംബന്ധിച്ച് അത്തരത്തിൽ സർപ്രൈസ് നൽകിയ ഒന്നായിരുന്നു. അനുമോൾ, അനീഷ്, നെവിൻ, അക്ബർ, ഷാനവാസ് എന്നിവർ അടങ്ങിയതായിരുന്നു ഇത്തവണത്തെ ഫൈനൽ 5. ഫൈനൽ 6 ൽ നിന്ന് ഇന്നലെ നൂറ പുറത്തായതോടെയാണ് ഈ സീസണിലെ ഫൈനൽ 5 തീരുമാനിക്കപ്പെട്ടത്.

ഈ സീസണിലെ ഏറ്റവും വേറിട്ട എവിക്ഷനാണ് ​ഗ്രാന്‍ഡ് ഫിനാലെ ദിനത്തില്‍ ബി​ഗ് ബോസ് നടത്തിയത്. ആദ്യം പണിപ്പുരയിലേക്ക് അഞ്ച് പേരും പോകേണ്ടിയിരുന്നു. 20 സെക്കന്‍ഡ് സമയത്തിനുള്ളില്‍ അവിടെയുള്ള സാധനങ്ങള്‍ എടുത്തുകൊണ്ട് വരേണ്ടിയിരുന്നു. മോഹന്‍ലാലിന്‍റെ ആശംസാ സന്ദേശങ്ങള്‍ ആയിരുന്നു അത്. എന്നാല്‍ ഷാനവാസിന് മാത്രം അത് ലഭിച്ചിരുന്നില്ല. എന്നാല്‍ ആക്റ്റിവിറ്റി റൂമില്‍ ആയിരുന്നു യഥാര്‍ഥ എവിക്ഷന്‍. ഇതിനായി നമ്പരുകള്‍ എഴുതിയ ഒരു കളിക്കളത്തില്‍ കരുക്കളായി മത്സരാര്‍ഥികള്‍ തന്നെ നില്‍ക്കുകയായിരുന്നു വേണ്ടിയിരുന്നത്. മുന്നിലുള്ള കാര്‍ഡുകളില്‍ എഴുതിയതനുസരിച്ച് അവര്‍ നീങ്ങേണ്ടിയിരുന്നു. ഇങ്ങനെ പ്രവര്‍ത്തിച്ച് ആദ്യം സേവ്ഡ് ആയത് അനുമോള്‍ ആയിരുന്നു. പിന്നാലെ നെവിനും. ഒടുവില്‍ ഷാനവാസും അനീഷും ഒരുമിച്ച് സേവ്ഡ് ആയി. അങ്ങനെ ഫൈനല്‍ ഫൈവിലെ ആദ്യ എവിക്ഷനായി അക്ബര്‍ പുറത്തായി. പ്രേക്ഷകരെ ഞെട്ടിച്ച ഒരു പുറത്താവല്‍ കൂടിയായിരുന്നു ഇത്.

ഈ സീസണിലെ ശ്രദ്ധേയ മത്സരാർഥികളിൽ ഒരാളായിരുന്നു അക്ബർ ഖാൻ. ഒരു ഗായകൻ എന്ന നിലയിൽ ടെലിവിഷൻ പ്രേക്ഷകർക്കും സുപരിചിതനായ അക്ബർ സീസൺ 7 ൽ എത്തിയ പോപ്പുലർ മത്സരാർഥികളിൽ ഒരാൾ കൂടി ആയിരുന്നു. എന്നാൽ ഗായകൻ എന്ന നിലയിൽ പ്രതിഭ തെളിയിച്ച ആളാണെങ്കിലും വെല്ലുവിളികൾ നിറഞ്ഞ ബിഗ് ബോസ് ഹൗസിൽ അയാൾ എത്തരത്തിൽ മുന്നേറുമെന്ന് അറിയാൻ പ്രേക്ഷകർക്ക് താൽപര്യം ഉണ്ടായിരുന്നു. ഒരുപക്ഷേ ആ പ്രതീക്ഷകൾക്ക് ഒപ്പം അല്ലെങ്കിൽ അതിന് മുകളിൽ സ്കോർ ചെയ്യാൻ ഒരു ബിഗ് ബോസ് മത്സരാർഥി എന്ന നിലയിൽ അക്ബറിന് സാധിച്ചു.

ഇത്തവണത്തെ സീസണിൽ ഗ്രൂപ്പ് ഗെയിം തുടങ്ങിയത് തന്നെ അക്ബർ ആണെന്ന് ഭൂരിഭാഗം മത്സരാർഥികളും പറയും. ഭൂരിഭാഗം സഹമത്സരാർഥികളും തന്നെ ഒറ്റപ്പെടുത്തിയെന്ന് അക്ബർ പറയുമ്പോഴും അപ്പാനി ശരത്തിനെപ്പോലെ ചില അടുത്ത സുഹൃത്തുക്കളെയും അദ്ദേഹത്തിന് ഹൗസിൽ നിന്ന് ലഭിച്ചു. എന്നാൽ അക്ബറുമായി സൗഹൃദമുണ്ടായിരുന്ന പലരും എവിക്ഷനിൽ ഒന്നിന് പിന്നാലെ ഒന്നെന്ന നിലയിൽ പുറത്തായത് സോഷ്യൽ മീഡിയയിലും ഹൗസിനുള്ളിലും ചർച്ചയായിരുന്നു. അതേസമയം ഫൈനൽ 4 ൽ നിന്ന് ആരാവും കപ്പ് ഉയർത്തുക എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് മത്സരാർഥികളും പ്രേക്ഷകരും. അൽപ സമയത്തിനകം സീസൺ 7 വിജയിയെ അറിയാനാവും.

PREV
NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബി​ഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്
ബഹളക്കാര്‍ക്കിടയിലെ സൗമ്യന്‍; ബിഗ് ബോസ് 19 വിജയിയെ പ്രഖ്യാപിച്ച് സല്‍മാന്‍, ലഭിക്കുന്നത് അനുമോളേക്കാള്‍ ഉയര്‍ന്ന തുക