
ബിഗ് ബോസ് സീസൺ 7 ൽ മത്സരം കടുത്തുകൊണ്ടിരിക്കുകയാണ്. ഏഴിന്റെ പണിയുമായി ബിഗ് ബോസ് നിരവധി ടാസ്കുകളും മത്സരങ്ങളുമാണ് പുതിയ വീക്കിലും കൊണ്ടുവന്നിരിക്കുന്നത്. എന്നാൽ അനുമോളുടെ കിച്ചൺ ടീമിലെ പ്രശ്നം തന്നെയാണ് ഇരുപത്തിമൂന്നാം ദിവസത്തിന്റെ തുടക്കത്തിലെ ചർച്ചാ വിഷയം. രാവിലെ ഉണർന്ന പാടെ 'ഇന്ന് രാവിലെ തന്നെപ്രശ്നമാവും' എന്നാണ് അനുമോൾ പറയുന്നത്. ശേഷം ക്യാപ്റ്റനായ അപ്പാനി ശരത്തിന്റെ തീരുമാനത്തെ അനുമോൾ ചോദ്യം ചെയ്യുന്നു. കിച്ചൺ ടീമിൽ നിന്നും അനുമോളെ മാറ്റി നിർത്തിയതിന്റെ ഭാഗമായാണ് അനുമോൾ നിരന്തരം ചോദ്യം ചെയ്യുന്നത് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
അപ്പാനി ശരത്തിന് എപ്പോഴും കിച്ചണിൽ തന്നെ കഴിയണമെന്നാണ് അനുമോൾ പറയുന്നത്. ആദ്യ ദിവസം മുതൽ താൻ എല്ലാവരെയും നിരീക്ഷിക്കുന്നുണ്ടെന്നും അനുമോൾ പറയുന്നുണ്ട്. കിച്ചൺ ടീമിൽ നിന്നും മാറ്റിയത് കൊണ്ട് തന്നെ ഒരു ജോലിയും ചെയ്യില്ല എന്ന തീരുമാനത്തിലാണ് അനുമോൾ ഇരുപത്തിമൂന്നാം ദിവസം നിൽക്കുന്നത്. അതിനിടയിൽ അക്ബർ അനുമോളെ ചൊറിയാനും ശ്രമിക്കുന്നുണ്ട്. ആര്യൻ മിണ്ടാത്തത് കൊണ്ടാണോ അനുമോൾ സങ്കടപെട്ട് ഇരിക്കുന്നത് എന്നാണ് അക്ബർ ചോദിക്കുന്നത്. അതിന് മറുപടിയായി ആര്യനാരാണ് തന്റെ ഭർത്താവോ അച്ഛനോ മറ്റോ ആണോയെന്നാണ് അനുമോൾ തിരിച്ചു ചോദിക്കുന്നത്.
'അനുമോൾ ചൂടാവുമ്പോഴാണ് ഭംഗി കൂടുതൽ' എന്ന് അക്ബർ അനുമോളെ ട്രോളുന്നുണ്ട്. കൂടാതെ അനുമോൾ ഉണ്ടാക്കി തന്ന ഭക്ഷണത്തിന് എപ്പോഴും നല്ല രുചിയാണെന്നാണ് അക്ബർ പറയുന്നത്. ഇതിനെല്ലാം മറുപടിയെന്നോണം രാവിലത്തെ ഭക്ഷണം അനുമോൾ കഴിക്കാതെ ഇരിക്കുന്നുണ്ട്. അപ്പാനി ശരത്ത് അനുവിനെ ഫുഡ് കഴിക്കാൻ വിളിക്കുമ്പോഴും അനുമോൾ അതിന് തയ്യാറാവുന്നില്ല. അതിനിടയിൽ എല്ലാവർക്കും താൻ ഇവിടെ നിന്ന് പോകണം എന്നാണ് ആഗ്രഹം എന്ന് അനുമോൾ പറയുന്നു. അഭിലാഷ് ഇതിന് മറുപടിയായി വെസൽ നോക്കാനാണ് അനുവിനോട് പറയുന്നത്. ജോലി ചെയ്യില്ല എന്ന് പറഞ്ഞ അനുമോൾ പിന്നീട് ചെയ്യുന്നുണ്ട്. ആദ്യം ഫുഡ്വേണ്ട വേണ്ട എന്ന് പറഞ്ഞ അനുമോൾ പിന്നീട് കഴിക്കുന്നുണ്ട്. ജോലി ചെയ്യാൻ തയ്യാറാവാത്ത അനുമോളെ റെന നിരന്തരം ചോദ്യം ചെയ്യുന്നതും പുതിയ എപ്പിസോഡിൽ കാണാം.
ബിഗ് ബോസ് അനുമോളെ കൺഫെഷൻ റൂമിലേക്ക് വിളിപ്പിക്കുകയും ഇത്തരം കാര്യങ്ങളിൽ തളരാതെ നന്നായിട്ട് ഇരിക്കാനും പറയുന്നുണ്ട്. തനിക്ക് അമ്മയുടെ ശബ്ദമൊന്ന് കേട്ടാൽ മാത്രം മതിയെന്നാണ് അനുമോൾ കരഞ്ഞുകൊണ്ട് ബിഗ്‌ബോസിനോട് പറയുന്നത്. മനസ്സ് ഒന്ന് ശാന്തമാക്കാൻ കുറച്ച് നേരം കൂടി കൺഫെഷൻ റൂമിൽ ഇരുന്നിട്ട് പോയാൽ മതിയെന്നാണ് ബിഗ് ബോസ് അനുമോൾക്ക് നിർദ്ദേശം കൊടുക്കുന്നത്. എന്തായാലും ഇരുപത്തിമൂന്നാം ദിവസം അനുമോൾ തന്നെയാണ് ബിഗ്‌ബോസിലെ ചർച്ച വിഷയം. വീക്കന്റ് എപ്പിസോഡിൽ മോഹൻലാൽ എന്താണ് എല്ലാവരോടും പറയാൻ പോകുന്നതെന്നാണ് ഇനി പ്രേക്ഷകർ ഉറ്റുനോക്കുന്നത്.