
സോഷ്യല്‍ മീഡിയയിലൂടെയും ടെലിവിഷന്‍ ചാനലുകളിലൂടെയും എല്ലാ ദിവസവും മലയാളി കണ്ടുകൊണ്ടിരിക്കുന്ന ഒരാള്‍. ഡിജിറ്റല്‍ സ്പേസില്‍ എപ്പോഴും വിസിബിലിറ്റി നിലനിര്‍ത്തുന്ന ഒരാള്‍. പലപ്പോഴും വിവാദങ്ങള്‍ക്കും വഴിമരുന്നിട്ട ആള്‍. ബിഗ് ബോസ് മലയാളം സീസണ്‍ 8 ന് തുടക്കം കുറിക്കുമ്പോള്‍ ഏറ്റവും ശ്രദ്ധ നേടുന്ന മത്സരാര്‍ഥികളിലൊരാള്‍ സാക്ഷാല്‍ രാഹുല്‍ ഈശ്വര്‍ ആണ്. തന്‍റെ സാമൂഹിക, രാഷ്ട്രീയ നിലപാടുകള്‍ തുറന്ന് പറഞ്ഞ് ശ്രദ്ധ നേടുന്നതിന് മുന്‍പേ ടെലിവിഷന്‍ അവതാരകന്‍ എന്ന നിലയിലാണ് രാഹുല്‍ ഈശ്വര്‍ ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്.
കിരണ്‍ ടിവിയിലൂടെ ആയിരുന്നു അത്. ഇന്നത്തെ അത്രയും ടെലിവിഷന്‍ ചാനലുകളോ ഡിജിറ്റല്‍ സ്പേസോ ഒന്നും ഇല്ലാതിരുന്ന കാലത്ത് അന്നത്തെ ടിവി അവതാരകര്‍ അത്രയും പോപ്പുലര്‍ ആയിരുന്നു. പിന്നീട് ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ മലയാളി ഹൗസിലും മത്സരാര്‍ഥിയായി എത്തി രാഹുല്‍ ഈശ്വര്‍. എന്ന് മാത്രമല്ല ആകെ നടന്ന ആദ്യ സീസണിലെ വിജയിയുമായി. എന്നാല്‍ ന്യൂസ് ചാനല്‍ ചര്‍ച്ചകളില്‍ സ്വന്തം വാദമുഖങ്ങള്‍ നിരത്തുന്ന ആളായാണ് പുതിയ തലമുറയ്ക്ക് രാഹുല്‍ ഈശ്വറിനെ കൂടുതല്‍ പരിചയം. മതം, ലിംഗസമത്വം അടക്കമുള്ള വിഷയങ്ങളില്‍ രാഹുല്‍ നടത്തിയിട്ടുള്ള അഭിപ്രായപ്രകടനങ്ങള്‍ പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്, ചിലപ്പോഴൊക്കെ വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.
സുപ്രീം കോടതിയുടെ ശബരിമല സ്ത്രീപ്രവേശന വിധി കേരളത്തില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചയായപ്പോള്‍ അതിനെ എതിര്‍ത്തവരുടെ കൂട്ടത്തിലാണ് രാഹുല്‍ ഈശ്വര്‍. അയ്യപ്പ ധര്‍മ്മ സേന എന്ന സംഘടനയുടെ ഭാഗമായി നിന്നുകൊണ്ടാണ് രാഹുല്‍ ഈശ്വര്‍ പ്രസ്തുത വിഷയത്തില്‍ പ്രതികരണങ്ങളില്‍ പലതും നടത്തിയത്. ഈ വിഷയത്തില്‍ ഐപിസി സെക്ഷന്‍ 153 പ്രകാരം രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍ ആവുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബലാല്‍സംഗ പരാതി നല്‍കിയ വനിതയുടെ വ്യക്തിത്വം പരസ്യമാക്കിയെന്ന ആരോപണവും കഴിഞ്ഞ വര്‍ഷം അദ്ദേഹം നേരിട്ടിരുന്നു. അതിജീവിതയ്ക്കെതിരെ ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ പൊലീസ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ഇദ്ദേഹത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
ടെലിവിഷനിലും അല്ലാതെയുമുള്ള ഡിബേറ്റുകളില്‍ പയറ്റിത്തെളിഞ്ഞ ആള്‍ എന്നതാണ് ബിഗ് ബോസിലേക്ക് എത്തുമ്പോള്‍ രാഹുല്‍ ഈശ്വറിന്‍റെ ഏറ്റവും വലിയ പ്ലസ്. ലൈവ് ചാനല്‍ ചര്‍ച്ചകളില്‍ അത്രയും അനുഭവപരിചയമുള്ളയാള്‍ക്ക്, സംസാരിക്കാനുള്ള കഴിവ് വലിയ മേല്‍ക്കൈ കൊടുക്കുന്ന ബിഗ് ബോസ് പോലെയൊരു പ്ലാറ്റ്ഫോമില്‍ വലിയ സാധ്യതയാണ് ഉള്ളത്. എന്നാല്‍ ബിഗ് ബോസിലേക്ക് എത്തിയാല്‍ താന്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്ന പ്രധാന കാര്യം എന്താണെന്ന് അദ്ദേഹം നേരത്തേ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ബിഗ് ബോസിലേക്ക് എത്തിയാല്‍ പുരുഷ ആക്റ്റിവിസത്തെക്കുറിച്ചായിരിക്കും ഏറ്റവുമധികം സംസാരിക്കുക എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. സംസാരിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഏറെ സെന്‍സിറ്റീവ് ആണെന്നതിനാല്‍ രാഹുല്‍ ഈശ്വറിന്‍റെ ബിഗ് ബോസിലെ സാന്നിധ്യം ചര്‍ച്ചയാവുമെന്ന് ഉറപ്പാണ്. എന്നാല്‍ അത് ആരാധകരെയാണോ വിമര്‍ശകരെയാണോ കൂടുതല്‍ സൃഷ്ടിക്കുക എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ