
ബിഗ് ബോസ് മലയാളം ഷോ സീസണ്‍ ഏഴില്‍ നിന്ന് ഒരു മത്സരാര്‍ഥി കൂടി പടിയിറങ്ങിയിരിക്കുന്നു. അപ്പാനി ശരത് ആണ് പുറത്തായിരിക്കുന്നത്. അഞ്ചാമത്തെ മത്സരാര്‍ഥിയാണ് എവിക്ഷനിലൂടെ മലയാളം ബിഗ് ബോസ് ഹൗസില്‍ നിന്ന് പടിയിറങ്ങിയിരിക്കുന്നത്. പുലിക്കളിയുടെ മാസ്ക് ധരിച്ച് ആടാൻ നോമിനേഷനില്‍ ഉള്‍പ്പെട്ടവരോട് ബിഗ് ബോസ് നിര്‍ദ്ദേശിക്കുകയായിരുന്നു. ഒരു വേട്ടക്കാരൻ വരുമെന്നും അയാള്‍ എവിക്റ്റായ മത്സാര്‍ഥിയെയും കൊണ്ട് പുറത്തുപോകുമെന്നായിരുന്നു ബിഗ് ബോസ് വ്യക്തമാക്കിയത്. അങ്ങനെ അപ്പാനി ശരത്തിനെയാണ് വേട്ടക്കാരൻ വീടിനു പുറത്തേയ്‍ക്ക് കൊണ്ടുപോയത്. നേരത്തെ മുൻഷി രഞ്‍ജിത്ത്, ആര്‍ജെ ബിൻസി, കലാഭവൻ സരിഗ, കെ ബി ശാരിക എന്നിവരാണ് മത്സരത്തില്‍ നിന്ന് പുറത്തായത്.
അരങ്ങിന്റെ ഉള്‍ത്തുടിപ്പുമായി വെള്ളിത്തിയിലെത്തിയ താരമാണ് അപ്പാനി ശരത്. അങ്കമാലി ഡയറീസിലൂടെ വെള്ളിത്തിരിയില്‍ അരങ്ങേറിയ അപ്പാനി ശരത് ഇന്ന് മലയാളത്തിലും തമിഴിലും സുപരിചിതനായ താരമാണ്. യുവനടനെന്ന നിലയില്‍ ഒട്ടേറെ സിനിമകളാണ് ഇതിനകം അപ്പാനി ശരതിന്റേതായി പുറത്തിറങ്ങിയിട്ടുള്ളത്. ബിഗ് ബോസ് മലയാളത്തിന്റെ ഏഴാം പതിപ്പില്‍ മത്സരാര്‍ഥിയായി എത്തിയ അപ്പാനി ശരത് ഇത്തവണ പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാകും എന്നായിരുന്നു തുടക്കത്തിലേയുള്ള വിലയിരുത്തല്‍. അതിനാല്‍ ഇന്ന് ശരത് പുറത്തായത് ബിഗ് ബോസിലെ മത്സരാര്‍ഥികളെയും ഞെട്ടിപ്പിക്കുന്നതായി.
തിരുവനന്തപുരം കലാമണ്ഡലം നാടക സംഘത്തിന്റെ നാടകങ്ങളില്‍ ബാലതാരമായാണ് ശരത് ആദ്യമായി കലാലോകത്ത് ശ്രദ്ധേയനാകുന്നത്. മോണോ ആക്റ്റ്, ഡാൻസ് തുടങ്ങിയ ഇനങ്ങളില്‍ സ്‍കൂള്‍ കാലഘട്ടങ്ങളില്‍ തിളങ്ങി. തിരുവനന്തപുരം അഭിനയ, കാവാലം നാരായണപ്പണിക്കരുടെ സോപാനം തുടങ്ങിയ നാടക സംഘങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചു. കാലടി ശങ്കരാചാര്യ സംസ്‍കൃത സര്‍വകലാശാലയില്‍ അവതരിപ്പിച്ച സൈക്കിളിസ്റ്റ് എന്ന നാടകം ഹിറ്റായതാണ് കലാരംഗത്ത് വഴിത്തിരിവാകുന്നത്. തുടര്‍ന്ന് കാലടി സര്‍വകലാശാലയില്‍ നാടകത്തില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നു. പിജി കാലഘട്ടത്തില്‍ നടന്ന ഒരു ഓഡിഷനിലൂടെയാണ് ശരത് കുമാറിന് സിനിമയിലേക്കുള്ള വഴി തെളിയുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‍ത അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രമാണ് ശരത് കുമാറിന്റെ വെള്ളിത്തിരയിലെ അരങ്ങേറ്റ വേഷം. കഥാപാത്രത്തിന്റെ പേര് സ്വന്തമായി സ്വീകരിച്ച് പിന്നീട് അപ്പാനി ശരത് എന്ന വിശേഷണപ്പേരില്‍ അറിയപ്പെടാൻ തുടങ്ങി. ലാൽ ജോസിന്റെ സംവിധാനത്തിൽ എത്തിയ വെളിപാടിന്റെ പുസ്‍തകത്തിൽ ജിമിക്കി കമ്മൽ എന്ന ഗാന രംഗം തരംഗമായതോടെയാണ് അതില്‍ ഫ്രാങ്ക്‍ലിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അപ്പാനി ശരത് കൂടുതല്‍ ശ്രദ്ധേയനാകുന്നത്. വിശാലിന്റെ സണ്ടകോഴി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ തമിഴകത്തും ശ്രദ്ധേയനായി അപ്പാനി ശരത്.
സച്ചിൻ, ഇക്കയുടെ ശകടം, ലവ് എഎഫ്എം, മാലിക്, കാക്കിപ്പട, ലവ്‍ഫുള്ളി യുവേഴ്‍സ് തുടങ്ങിയവയാണ് അപ്പാനി ശരത്തിന്റെ ശ്രദ്ധേയ സിനിമകള്‍. സീ5ല്‍ സ്‍ട്രീം ചെയ്‍ത ഓട്ടോ ശങ്കറിലൂടെ വെബ് സീരീസിലും അരങ്ങേറി അപ്പാനി സരത്. ഓട്ടോ ശങ്കര്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയായിരുന്നു അപ്പാനി ശരത് അവതരിപ്പിച്ചിരുന്നത്. മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ ഒരു താരം എന്ന നിലയ്‍ക്ക് ബിഗ് ബോസില്‍ എത്തുമ്പോള്‍ തുടക്കത്തില്‍ ആ മുൻതൂക്കം അപ്പാനി ശരത്തിന് ലഭിച്ചുവെങ്കിലും അത് പിന്നീട് പ്രേക്ഷകരുടെ വോട്ടാക്കുന്നതില്‍ ഫലിച്ചില്ല എന്നാണ് ഇന്നത്തെ പുറത്താകലിലൂടെ വ്യക്തമാകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക