
മലയാളം ബിഗ് ബോസിൽ ആദ്യമായി ഒരു കോമണർ എത്തിയത് അഞ്ചാം സീസണിലായിരുന്നു, ഗോപിക ഗോപി. നല്ല ഗെയ്മർ എന്ന് തോന്നിപ്പിച്ച ഇടത്തുനിന്ന് ഗോപികയുടെ വീഴ്ചയും പക്ഷേ പെട്ടന്നായിരുന്നു. സീസൺ 6 ലെത്തിയ കോമണർമാരിൽ ഒരാളായ നിഷാന ബിഗ് ബോസ് വീടിനോട് വേഗം വിട പറഞ്ഞെങ്കിലും റെസ്‌മിൻ കുറച്ചുദൂരം മുന്നോട്ടുപോയ മത്സരാർത്ഥിയായി മാറി. എന്നാൽ റെസ്‌മിനെ വീട്ടിൽ നിലനിർത്താൻ സഹായകമായത് ഒരുപരിധിവരെ ആ സീസണിലെ പവർ റൂം കൺസെപ്റ്റ് കൂടിയായിരുന്നു. അത്തരമൊരു സാഹചര്യത്തിലേക്കാണ് ഏഴാം സീസണിലെ കോമണറുടെ വരവ്, അനീഷ്. പക്ഷേ മുൻ സീസണുകളിലെ കോമണർമാരെപ്പോലെ ദേ വന്ന് ദാ പോകാനല്ല തന്റെ ഉദ്ദേശമെന്ന് അനീഷ് ഇതിനോടകം തെളിയിച്ചുകഴിഞ്ഞു. വീട്ടിലെ ഏറ്റവും സ്ട്രോങ്ങ് ഗെയ്മർമാരിൽ ഒരാളായ അനീഷ് ഫൈനൽ ഫൈവും ഏറെക്കുറെ ഉറപ്പിച്ച മട്ടാണ്.
സർക്കാർ ജോലിയിൽനിന്ന് അഞ്ച് വർഷം ലീവെടുത്ത്, ബിഗ് ബോസിനുവേണ്ടി പ്രയത്നിച്ച്, ഒടുവിൽ ആ വേദി സ്വന്തമാക്കിയ ആളാണ് അനീഷ്. ആ പ്രയത്നമൊന്നും വെറുതെയാവില്ലെന്നുതന്നെയാണ് ഇതുവരെയുള്ള പോക്കിൽനിന്ന് മനസിലാകുന്നതും. ഈ സീസണിൽ പ്രേക്ഷകർക്ക് ഏറ്റവും കുറച്ച് പരിചിതമായ മുഖമായിരുന്നു അനീഷിന്റേത്. പോപ്പുലാരിറ്റിക്ക് വലിയ സ്ഥാനമൊന്നും ബിഗ് ബോസിൽ ഇല്ല എന്ന് പറയുമ്പോഴും ആദ്യ ഒരാഴ്ചയിലെങ്കിലും ഈ പരിചയം ഒരു പരിധിവരെ നിർണ്ണായകവുമാണ്. പല തരത്തിലും പ്രേക്ഷകർക്ക് പരിചയമുള്ള ആളുകൾക്കിടയിൽനിന്ന് നമ്മളെ അവർ ശ്രദ്ധിക്കണം, ഇഷ്ടം തോന്നണം, അത് വോട്ടായി മാറണം. അങ്ങനെ ചില കടമ്പകൾ ഇത്തരക്കാർക്ക് കടക്കാനുണ്ട്. കൃത്യമായി ഇതെല്ലാം കൈകാര്യം ചെയ്യാൻ ആദ്യ ആഴ്ചയിൽ തന്നെ അനീഷിനായി.
അനീഷിനുചുറ്റുമാണ് ആദ്യ ആഴ്ചയിൽ ബിഗ് ബോസ് വീട് കറങ്ങിയതുതന്നെ. വന്നുകയറിയപാടെ തന്നെ വീട്ടിൽ തന്റെ സ്ഥാനം അടയാളപ്പെടുത്താൻ അനീഷിനായി. വളരെ ലൗഡ് ആയും ഇറിറ്റേറ്റിങ് ആയുമാണ് അനീഷ് വീട്ടിലുള്ളവരോട് ഇടപെട്ടത്. താൻ സാധാരണക്കാരുടെ പ്രതിനിധിയാണ് എന്ന് പലവട്ടം ആവർത്തിച്ച അനീഷ് പക്ഷേ ഗെയിമിൽ ഉടനീളം പുലർത്തിയിരുന്നത് അങ്ങനെയൊരു ആറ്റിട്യൂട് അല്ല. മറിച്ച് വീട്ടിലെ ഏറ്റവും ഡോമിനന്റ് ആയ ആളായി തന്നെ സ്വയം പ്രതിഷ്ഠിച്ചുകൊണ്ടായിരുന്നു അനീഷിന്റെ പ്ലേ. വീട്ടിലേക്ക് കയറിയ ആദ്യ ദിനം തന്നെ സഹമത്സരാർത്ഥികളോടുള്ള അനീഷിന്റെ പെരുമാറ്റത്തിൽ അത് വ്യക്തമായിരുന്നു. കയറിവന്ന ഓരോരുത്തരോടും 'ആരാണ്, എന്ത് ചെയ്യുന്നു' എന്ന ചോദ്യത്തിലൂടെ അനീഷ് ലക്ഷ്യമിട്ടത് നമ്മളെല്ലാവരും ഇവിടെ തുല്യരാണ് എന്നും ആരുടെയും പുറത്തെ ഫെയിം വീടിനകത്ത് ആരെയും തുണയ്ക്കില്ല എന്നും തന്നെയാണ്. ഏഴിന്റെ പണികൾ നിറഞ്ഞ ഈ സീസണിലെ ആദ്യ ക്യാപ്റ്റനായി അനീഷ് തെരഞ്ഞെടുക്കപ്പെട്ടതും വ്യത്യസ്തമായ രീതിയിലായിരുന്നു. ക്യാപ്റ്റൻ ആയതോടെ ആദ്യ ആഴ്ചയിലെ നോമിനേഷനിൽനിന്ന് രക്ഷപ്പെടാനും അനീഷിനായി. അതുകൊണ്ടുതന്നെ ഒട്ടും പേടിയില്ലാതെ പ്രേക്ഷകർക്കുമുന്നിൽ തന്റെ ഗെയിം കൂടുതൽ വിസിബിൾ ആക്കാനും അയാൾ ശ്രമിച്ചു.
ഈ പേടിയില്ലായ്മ തന്നെയാണ് അനീഷിനെക്കുറിച്ച് പറയുമ്പോൾ എടുത്തുപറയേണ്ട മറ്റൊരു കാര്യം. ഒന്നിനെയും കുറിച്ച് പ്രത്യേകിച്ചൊരു പേടിയുമില്ലാതെയാണ് അനീഷ് ഗെയ്മിൽ ഉടനീളം പെരുമാറുന്നത്. ചിലപ്പോഴെല്ലാം ബിഗ് ബോസിനെപോലും അനീഷിന് പേടിയില്ലെന്ന് തോന്നും അയാളുടെ പെരുമാറ്റവും പ്രവർത്തികളും കാണുമ്പോൾ. ഈ കൂസലില്ലായ്മ അനീഷിനോട് പ്രേക്ഷകർക്ക് ഒരിഷ്ടമുണ്ടാക്കാനും കാരണമായിട്ടുണ്ട്.
അനുമോൾ- ജിസേൽ എന്നിവരുടെ ഉദയത്തോടെ അനീഷിന്റെ ഗെയിം വലിയ രീതിയിൽ മങ്ങി എന്ന് കരുതുമ്പോഴാണ് ബിഗ് ബോസിന്റെ ചലഞ്ചിങ് ടാസ്കിലൂടെ പണിപ്പുരയിൽ കയറാൻ ആര്യൻ, ജിസേൽ, അനീഷ് എന്നിവർ തെരഞ്ഞെടുക്കപ്പെടുന്നത്. സീസൺ അവസാനിക്കുന്നതുവരെ മിണ്ടാതെ ഇരിക്കുക എന്ന ടാസ്ക് സ്വീകരിച്ച അനീഷ് തന്നിലെ ഗെയ്മർ എവിടെയും പോയിട്ടില്ല എന്ന് വീട്ടിലുള്ളവരെയും പ്രേക്ഷകരെയും വീണ്ടും ബോധ്യപ്പെടുത്തുക കൂടിയായിരുന്നു. ഈ സംഭവത്തോടെ അനീഷിന്റെ ഗ്രാഫ് വീണ്ടും ഉയർന്നു.
പലതരം ഗ്രൂപ്പ് കളികളും സംഘം ചേരലുകളുമൊക്കെയുള്ള ബിഗ് ബോസ് വീട്ടിൽ ഒറ്റക്കുനിന്ന് ഗെയിം കളിച്ച വ്യക്തി. ഇതായിരുന്നു അനീഷ് വീട്ടിൽ ഉണ്ടാക്കിയ ഇമേജ്. ആരോടും ഒരുതരം സൗഹൃദമോ അടുപ്പമോ ഉണ്ടാക്കാത്ത അനീഷ് അൽപ്പമെങ്കിലും അടുപ്പം കാണിച്ചിരുന്നത് ഷാനവാസിനോടായിരുന്നു. മോഹൻലാലിന്റെ വീക്കെൻഡ് എപ്പിസോഡിലെ തുടർച്ചയായ ആവശ്യപ്രകാരവും ബിഗ് ബോസ് തന്നെ പലപ്പോഴായി നൽകിയ ടാസ്കുകളിലൂടെയും അനീഷിന്റെ ആ ഒറ്റയാൻ ഗെയ്മിലും ഒരു മാറ്റമുണ്ടായിട്ടുണ്ട്. നിലവിൽ വീടിനകത്തും പുറത്തും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് അനീഷ് - ഷാനവാസ് കോമ്പോയാണ്. ഇത് അനീഷിന് ഗുണമാണോ അതോ ദോഷമാണോ ഉണ്ടാക്കുക എന്ന ചോദ്യമാണ് അനീഷ് ആരാധകർ ഉയർത്തുന്നത്.
ഈ സീസണിലെ ഏറ്റവും പോപ്പുലറായ ഡയലോഗുകൾ എടുത്താൽ അതിലുമുണ്ടാകും അനീഷിന്റെ സംഭാവനകൾ. ഒരേ വാചകം തന്നെ ആവർത്തിച്ചുപറയുന്ന അനീഷിന്റെ ശൈലി ആദ്യ സമയത്ത് ആളുകൾക്ക് അസ്വസ്ഥതയാണ് ഉണ്ടാക്കിയതെങ്കിൽ പിന്നീടത് കേൾക്കുന്നവരിൽ ചിരി പടർത്തി. രേണുവിനോടുള്ള കണ്ണടച്ച് കിടക്കണത് ഞാൻ കണ്ടു എന്ന ഡയലോഡ് സോഷ്യൽ മീഡിയയിലടക്കം വൈറലാണ്. മിറാഷ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വീട്ടിലേക്കെത്തിയ ആസിഫ് അലിപോലും അനീഷിനോട് ഈ ഡയലോഡ് എടുത്ത് പറഞ്ഞത് ശ്രദ്ധിക്കണം.
താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്നതാണ് അനീഷിന്റെ പൊതുവേയുള്ള ആറ്റിട്യൂട്. എല്ലാത്തിനും ഒരുതരം പിടിവാശിയും നിർബന്ധബുദ്ധിയും കാണിക്കാറുണ്ട് അനീഷ്. ഇരിക്കുന്ന സീറ്റിലടക്കം ഇത് പ്രകടവുമാണ്. തന്റെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റുകൾ സമ്മതിക്കാനും അനീഷ് വിമുഖത കാണിക്കാറുണ്ട്.
ഇങ്ങനെയൊക്കെ ആണെങ്കിലും പൊതുവേ ശാന്തനായ, സത്യസന്ധനായ മനുഷ്യൻ എന്നതായിരുന്നു ഏതാനും ദിവസങ്ങൾക്കുമുമ്പുവരെ അനീഷിന്റെ ഇമേജ്. പക്ഷെ കഴിഞ്ഞ ആഴ്ചയിലെ ബോട്ടിൽ ഫാക്ടറി ടാസ്കിൽ വീടിനകത്തും പുറത്തുമുള്ളവർ കണ്ടത് അനീഷിന്റെ വളരെ വ്യത്യസ്തമായ മറ്റൊരു മുഖമാണ്. തനിക്ക് കിട്ടാത്തത് മറ്റാർക്കും കിട്ടണ്ടേ എന്ന ചിന്തയോടെ പ്രോപ്പർട്ടികൾ നശിപ്പിക്കുകയും വളരെ അഗ്രസീവ് ആയി പെരുമാറുകയും ചെയ്ത അനീഷ് ആണ് രണ്ട് ദിവസവും ടാസ്ക് കുളമായതിന്റെ പ്രധാന ഉത്തരവാദി. ഇക്കാരണങ്ങൾകൊണ്ടുതന്നെ ബോട്ടിൽ ടാസ്ക് അനീഷിന്റെ ബിഗ് ബോസ് യാത്രയിലും ഏറെ നിർണ്ണായകമാകുമെന്ന് ഉറപ്പാണ്. എന്തായാലും വരുംദിവസങ്ങളിൽ ഈ സാധാരണക്കാരുടെ പ്രതിനിധിയുടെ കൂടുതൽ മുഖങ്ങൾ കാണേണ്ടിവരുമോ എന്ന് കണ്ടറിയാം.