
സുഹൃത്തുക്കളാണോ എന്ന് ചോദിച്ചാൽ അല്ല, ശത്രുക്കളാണോ എന്ന് ചോദിച്ചാൽ അതുമല്ല. പക്ഷേ ഒന്നിച്ച് കാണാൻ എല്ലാവർക്കും ഇഷ്ടമാണ്. ഒരാളില്ലെങ്കിൽ മറ്റേ ആളുമില്ലെന്ന് പലപ്പോഴും തോന്നിപ്പിക്കാറുമുണ്ട്. ഇതാണ് ടോം ആൻഡ് ജെറി കോംബോ എന്ന് ബിഗ് ബോസ് ആരാധകർ വിശേഷിപ്പിക്കാറുള്ള ലവ് ആൻഡ് ഹേറ്റ് റിലേഷൻഷിപ്പ്. മിക്ക സീസണിലും കാണാറുണ്ട് ഇങ്ങനെയൊരു കോംബോ. അതെല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്. സീസൺ 4 ലെ ജാസ്മിൻ- റോബിൻ ബന്ധം പ്രേക്ഷകർ ഒരുപരിധിവരെ ഇത്തരമൊരു പേരിട്ട് ആഘോഷിച്ചതാണ്. സീസൺ 5 ലെ ശോഭ-അഖിൽ മാരാർ കോമ്പോയും ഇങ്ങനെയൊരു ടോം ആൻഡ് ജെറി ഗെയിം ആയിരുന്നു. പക്ഷേ സീസൺ 7 ലേക്കെത്തുമ്പോൾ ഇതിൽ ചെറിയ ഒരു വ്യത്യാസമുണ്ട്. കാരണം ഇവിടെ ടോമും ജെറിയും രണ്ട് ജെൻഡറിൽ ഉള്ളവരല്ല. പകരം രണ്ട് പുരുഷ മത്സരാർത്ഥികളാണ് ആണ് ഈ സീസണിൽ പ്രേക്ഷകർ ഏറ്റെടുത്ത ടോം ആൻഡ് ജെറി. ഷാനവാസ്- അനീഷ്.
രണ്ടുപേരും രണ്ട് തരത്തിൽ കരുത്തരായ മത്സരാർത്ഥികൾ. തങ്ങളുടേതായ ഗെയിം കളിച്ച് നല്ലൊരു ഫാൻ ബേസ് ഇതിനോടകം ഉണ്ടാക്കിയെടുത്തവർ. മുൻ സീസണുകളിൽനിന്ന് ഈ കോംബോയ്ക്കുള്ള മറ്റൊരു പ്രത്യേകത ഇതുവരെയും ഈ രണ്ട് പേരിൽ ഒരാളിലേക്ക് പ്രേക്ഷകരുടെ ഇഷ്ടം ചുരുങ്ങിയിട്ടില്ല എന്നതും ഫാൻസിന്റെ കാര്യത്തിൽ രണ്ടാളും ഏറെക്കുറേ ഒപ്പത്തിനൊപ്പമാണ് എന്നതുമാണ്. നാലാം സീസണിൽ 50 ദിവസങ്ങളോടടുക്കുമ്പോൾ റോബിൻ കൃത്യമായ ഫാൻ ബേസ് ഉണ്ടാക്കിയിരുന്നു. ജാസ്മിന് അത്രത്തോളം ആരാധകരെ ഉണ്ടാക്കാനായിട്ടില്ല. അഞ്ചാം സീസണിൽ അഖിൽ മാരാരും ഈ സമയമായപ്പോഴേക്ക് തന്റെ ഫാൻ ബേസ് ഉയർത്തിയിരുന്നു. അതിനൊപ്പമെത്താൻ ശോഭയ്ക്കും കഴിഞ്ഞിട്ടില്ല. പക്ഷേ ഇവിടെ ഷാനവാസ് ആണോ അനീഷ് ആണോ കൂടുതൽ പ്രേക്ഷക പ്രീതിയുള്ളയാൾ എന്ന ചോദ്യത്തിന് ഇതുവരെയും കൃത്യമായ ഉത്തരമായിട്ടില്ല എന്നുവേണം പറയാൻ. സാഹചര്യങ്ങൾക്കനുസരിച്ച് ഇരുവരുടെയും ഫാൻ ഫോളോവിങ് കൂടുന്നും കുറയുന്നുമുണ്ട്. സത്യത്തിൽ അതുതന്നെയാണ് മറ്റുള്ള സീസണുകളിലെ കോംബോകളേക്കാൾ ഈ സീസണിലെ കോംബോയുടെ പ്രത്യേകതയും.
വന്ന അന്നുമുതൽ തനിച്ച് കളിക്കുന്ന മത്സരാർത്ഥിയാണ് അനീഷ് എങ്കിൽ ഷാനവാസ് സാഹചര്യത്തിനൊത്ത് ഗ്രൂപ്പുണ്ടാക്കുകയും ഗ്രൂപ്പ് പൊളിക്കുകയുമൊക്കെ ചെയ്ത് ഗെയിമിൽ മുന്നോട്ടുപോകുന്ന ആളാണ്. ആദ്യ ആഴ്ചയിൽ വലിയ സ്‌ക്രീൻ സ്‌പേസ് സ്വന്തമാക്കിയ ആളാണ് അനീഷ്. വീട്ടിലെ എല്ലാവരും ആദ്യ ഘട്ടത്തിൽ ഫോക്കസ് ചെയ്ത മത്സരാർത്ഥി. വീട്ടിൽ എല്ലാവരും അനീഷിനെ ചുറ്റിപ്പറ്റി തങ്ങളുടെ ഗെയിം കളിയ്ക്കാൻ ശ്രമിച്ച ഘട്ടത്തിലും അനീഷിനുപകരം അക്ബറിനെ എതിരാളിയാക്കി ഗെയ്മിലേക്കിറങ്ങിയ ആളായിരുന്നു ഷാനവാസ്. ഒരുപക്ഷേ ഇതുതന്നെയാകണം മറ്റാരോടും അടുക്കാൻ തയാറാകാത്ത അനീഷിന് ഷാനവാസിനോട് തുടക്കം മുതൽ ഒരടുപ്പം ഉണ്ടാകാനും കാരണം.
എന്നുകരുതി ഇരുവരും പരസ്പരം ഗെയിം കളിക്കാതെയും ഇരുന്നിട്ടില്ല. ഇരുവർക്കുമിടയിൽ പല തർക്കങ്ങളും പ്രശ്നങ്ങളും പല ഘട്ടങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഒരുപക്ഷേ അനീഷ് ഏറ്റവും കൂടുതൽ വഴക്കുകൾ ഉണ്ടാക്കിയത് ഷാനവാസിനോടായിരിക്കും. പക്ഷേ എല്ലാ വഴക്കുകൾക്കും അപ്പുറം 'ഈ പിന്നൊന്നും കുത്തിത്താ...' എന്നും 'ഈ താടിയൊന്നു ട്രിം ചെയ്തു താ' എന്നുമൊക്കെ അനീഷ് സ്വാതന്ത്ര്യത്തോടെ പറഞ്ഞിട്ടുള്ളതും ഷാനവാസിനോട് തന്നെയാകും. പരസ്പരം എന്തൊക്കെ പറഞ്ഞാലും ഇവർക്കിടയിലൊരു രസമുള്ള ബന്ധമുണ്ടല്ലോ എന്ന് പ്രേക്ഷകർ കണ്ടെത്തുന്നതും ഇതിലൂടെയൊക്കെ തന്നെയാണ്. പ്രത്യേകിച്ച് അനീഷിനെ പോലെ മറ്റാരോടും ഒരടുപ്പവും സൂക്ഷിക്കാത്ത ഒരാൾ ഇങ്ങനെ ഇടപെടുമ്പോൾ സ്വാഭാവികമായും കണ്ടിരിക്കുന്നവർക്കും കൗതുകമുണ്ടാകുമല്ലോ? ഗെയ്മിനപ്പുറത്തേക്ക് തനിക്ക് അനീഷിനോട് ഒരു വിരോധവുമില്ലെന്ന് പലവട്ടം ഷാനവാസും പറഞ്ഞിട്ടുണ്ട്. അതെന്തായാലും ദിനംപ്രതി ഈ ടോം ആൻഡ് ജെറി കോമ്പൊയോട് ആരാധകർക്കുള്ള താല്പര്യവും കൂടി വരുന്ന കാഴ്ചയാണ് ബിഗ് ബോസ് വീട് കണ്ടത്.
അനീഷിനോട് മറ്റുള്ളവർ മോശമായി ഇടപെടുമ്പോൾ ഷാനവാസ് അതിൽ ഇടപെടുന്നതും അനീഷിനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതും തിരിച്ച് ഷാനവാസിനുവേണ്ടി അനീഷ് ഇടപെടുന്നതും ആരാധകർ പലവട്ടം റീലുകളാക്കി ആഘോഷിച്ചു. ഫിസിക്കൽ അഗ്രഷൻ താരതമ്യേന കൂടുതലുള്ള ഷാനവാസും ഫിസിക്കലി ഒട്ടുംതന്നെ അഗ്രസീവ് അല്ലാത്ത അനീഷും ഇത്തരം സാഹചര്യങ്ങളിൽ പരസ്പരം സംരക്ഷിക്കുന്നത് ഏറെ നിർണ്ണായകവുമായിരുന്നു. അഞ്ചാം സീസണിൽ അഖിൽ മാരാർ, ഷിജു എന്നിവർക്കിടയിലെ ബന്ധത്തെയാണ് പലപ്പോഴും ഈ പിടിച്ചുമാറ്റലുകൾ ഓർമ്മിപ്പിച്ചത്. കൂട്ടത്തിൽ ഒരാൾ അഗ്രസീവ് ആകുമ്പോൾ ശാന്തനായ മറ്റേയാൾ അയാളെ വിലക്കേണ്ടത് അനിവാര്യവുമാണല്ലോ. അക്ബർ- അപ്പാനി ശരത് കൂട്ടുകെട്ടിൽ ഇല്ലാതിരുന്നതും ഇതേ ബാലൻസിങ് ആയിരുന്നു. പരസ്പരം അടുത്ത സുഹൃത്തുക്കൾ അല്ലാതിരുന്നിട്ടും ഒരാളെ മറ്റേയാൾ നിയന്ത്രിക്കുന്ന ആ കെമിസ്ട്രി ഷാനവാസ്- അനീഷ് എന്നിവർക്കിടയിൽ വർക്കാകുന്നുണ്ടായിരുന്നു.
ആരോടും ഒരടുപ്പവും സൂക്ഷിക്കാത്ത അനീഷിനെ ഷാനവാസുമായി കൂടുതൽ സൗഹൃദത്തിലാക്കാൻ ബിഗ് ബോസും പലപ്പോഴും ശ്രമിച്ചിരുന്നു. വീക്കെൻഡ് എപ്പിസോഡുകളിൽ മോഹൻലാലും അനീഷിന് പല സൂചനകളും നൽകുകയും ചെയ്തു. ഇതിന്റെ തുടർച്ചയായിരുന്നു ബിബി ഹോട്ടൽ ടാസ്കിലും കണ്ടത്. അനീഷും ഷാനവാസും ഹൌസ് കീപ്പിംഗ് ജോലി ചെയ്യുന്നവരായിരുന്നു. അതിഥിയായി എത്തിയ റിയാസും ഷാനവാസും തമ്മിൽ നടന്ന പ്രശ്നങ്ങൾ പരിധി വിടുന്നു എന്നുതോന്നിയ സാഹചര്യങ്ങളിൽ അനീഷ് കൃത്യമായി ഇടപെടാൻ ശ്രമിച്ചിട്ടുണ്ട്. ഗസ്റ്റ് പറഞ്ഞത് ഷാനവാസ് അനുസരിക്കാതെ വന്നപ്പോൾ അനീഷ് റിയാസ് അടക്കമുള്ളവരോട് പറഞ്ഞത് താൻ പറഞ്ഞാൽ ഷാനവാസ് കേൾക്കുമെന്നും താൻ പറഞ്ഞ് ചെയ്യിപ്പിച്ചോളാം എന്നുമായിരുന്നു. തുടർന്ന് വീട്ടിലെ അംഗങ്ങളും ചലഞ്ചറായ റിയാസും ചേർന്ന് വീട് മുഴുവൻ വൃത്തികേടാക്കിയപ്പോൾ ഷാനവാസും അനീഷും ഒരുമിച്ചുനിന്ന് വീട് വൃത്തിയാക്കി. ഇതെല്ലാം പുറത്തുണ്ടാക്കിയത് വലിയ ഇമ്പാക്ട് ആണ്. ഇരുവരുടെയും കോംബോയ്‌ക്കും ഉണ്ടായിരുന്ന ജനപ്രീതി ഒറ്റയടിക്ക് വർധിച്ചിട്ടുണ്ട്. ഇത് അനീഷും ഏറെക്കുറേ മനസിലാക്കിയ മട്ടിലാണ് ഗെയിം കളിക്കുന്നത്. വീക്കെൻഡ് എപ്പിസോഡിനുശേഷം ഷാനവാസുമായുള്ള സൗഹൃദം തുടരുന്നതിൽ താൻ തീരുമാനമെടുക്കുമെന്ന് അനീഷ് പറഞ്ഞുകഴിഞ്ഞു. ഏതായാലും ഈ ടോം ആൻഡ് ജെറി കോമ്പിനേഷൻ ഇരുവർക്കും ഒരുപോലെ ഗുണമാണ് ചെയ്യുന്നത് എന്നതിൽ തർക്കമില്ല. മുന്നോട്ടും അനീഷും ഷാനവാസും ഒന്നിച്ച് ഗെയിം കളിയ്ക്കാൻ ആരംഭിച്ചാൽ അത് വീട്ടിലെ മറ്റുള്ളവർക്ക് വലിയ വെല്ലുവിളി ഉയർത്തുമെന്ന കാര്യത്തിലും സംശയമില്ല.
ഇതിലെ മറ്റൊരു രസകരമായ വസ്തുത, ഇത്തരമൊരു ടോം ആൻഡ് ജെറി കോമ്പിനേഷൻ ഉണ്ടായപ്പോഴൊക്കെ അതിൽനിന്നുള്ള ഒരാളായിരുന്നു ക്രൗഡ് പുള്ളറായി മാറിയത് എന്നതാണ്. ഫിസിക്കൽ അസോൾട്ടിന്റെ പേരിൽ പുറത്തുപോയില്ലായിരുന്നു എങ്കിൽ റോബിനായിരുന്നു സീസൺ 4 ന്റെ വിജയ കിരീടം ചൂടുക. അഞ്ചാം സീസണിൽ കപ്പുയർത്തിയത് അഖിൽ മാരാരും. ഈ കണക്കുവച്ചുനോക്കിയാൽ ഇവരിൽ ഒരാളാകുമോ ഈ സീസണിലെ വിജയിയായി മാറുക? കാത്തിരുന്നുതന്നെ കാണണം.