
ബിഗ് ബോസ് മലയാളം സീസണ്‍ 7 അതിന്‍റെ പത്താം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. എവിക്ഷനുകള്‍ നല്‍കിയ സര്‍പ്രൈസ് ആണ് ഒരുപക്ഷേ ഈ സീസണിന്‍റെ വലിയ പ്രത്യേകതകളില്‍ ഒന്ന്. മുന്‍ സീസണുകളിലും ചില സര്‍പ്രൈസ് എവിക്ഷനുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും നോമിനേഷന്‍ ലിസ്റ്റുകളില്‍ നിന്ന് തീരെ പ്രതീക്ഷിക്കാത്തവര്‍ തുടര്‍ച്ചയായി പുറത്തുപോകുന്നത് ഈ സീസണിലേതുപോലെ ഇതുവരെ ഉണ്ടായിട്ടില്ല. ഇന്നലെ നടന്ന അവസാന എവിക്ഷനും അത്തരത്തിലുള്ള ഒന്നായിരുന്നു. പാതി മലയാളിയായ മോഡല്‍ ജിസേല്‍ തക്രാള്‍ ആണ് ഞായറാഴ്ച എപ്പിസോഡില്‍ പുറത്തായത്. ഈ സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ജിസേല്‍. സഹമത്സരാര്‍ഥികളെ ഏറ്റവും വിഷമിപ്പിച്ച എവിക്ഷനും ജിസേലിന്‍റേത് തന്നെ ആയിരുന്നു. ഇപ്പോഴിതാ ഈ സീസണിലെ വിജയിയെ പ്രവചിച്ചിരിക്കുകയാണ് ജിസേല്‍. പുറത്താവലിന് പിന്നാലെ ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് ജിസേല്‍ ഇക്കാര്യം പറയുന്നത്.
ആരായിരിക്കും ബിഗ് ബോസ് സീസണ്‍ 7 വിന്നര്‍ എന്ന ചോദ്യത്തിന് ജിസേലിന്‍റെ മറുപടി ഇങ്ങനെ- “എനിക്ക് തോന്നുന്നു, അക്ബര്‍ ആയിരിക്കുമെന്ന്. എനിക്ക് ആര്യന്‍ ജയിക്കണമെന്നാണ്. പക്ഷേ അക്ബര്‍ ജയിക്കാനുള്ള കാരണങ്ങള്‍ പറയാം. അക്ബര്‍ ഒരു തനി മലയാളി ആണ് എന്നതാണ് ആദ്യ കാരണം. കോണ്ടെന്റ് എപ്പോഴും നല്‍കണമെന്ന് അക്ബറിന് അറിയാം. അതിനാല്‍ത്തന്നെ കോണ്ടെന്‍റ് ഇല്ലെങ്കിലും അവന്‍ അത് ഉണ്ടാക്കും. ബിഗ് ബോസിന് അക്ബറിനെ കുറച്ച് കൂടുതല്‍ ഇഷ്ടമാണ്. ചിലപ്പോള്‍ ഷാനവാസും കപ്പ് ഉയര്‍ത്തിയേക്കാം. പക്ഷേ ഹൃദയത്തോട് ചോദിച്ചാല്‍ ആര്യന്‍ വിജയിക്കണമെന്നാണ് ഞാന്‍ പറയുക. ഇനി അനീഷ് വിജയിച്ചാല്‍ അത് എല്ലാ ജനങ്ങള്‍ക്കും ഇഷ്ടപ്പെടും. കാരണം ഒരു കോമണ്‍ മാന്‍ വന്നിട്ട് ഈ ഏഷ്യാനെറ്റ് പ്ലാറ്റ്‍ഫോമില്‍ എന്‍ഡെമോളിന്‍റെ ഇത്ര വലിയ ഷോ ജയിച്ചാല്‍ അദ്ദേഹത്തെ സമ്മതിച്ചേ മതിയാവൂ. അത് അയാളുടെ കഴിവ്”, ജിസേല്‍ തന്‍റെ മനസിലെ സാധ്യതകള്‍ പറയുന്നു.
ലക്ഷ്മി, സാബുമാൻ, ഒനീൽ, അനുമോൾ, ആദില, നൂറ, ജിസൈല്‍, നെവിന്‍ എന്നിങ്ങനെയായിരുന്നു കഴിഞ്ഞ വാരത്തിലെ നോമിനേഷന്‍ ലിസ്റ്റ്. ഈ ലിസ്റ്റിനെ രണ്ടായി വിഭജിച്ചാണ് ബിഗ് ബോസ് ശനി, ഞായര്‍ രണ്ട് എവിക്ഷനുകള്‍ നടത്തിയത്. ശനിയാഴ്ച ഒനീല്‍ സാബുവാണ് പുറത്തായത്. ഞായറാഴ്ച ജിസേലും.