
ബിഗ് ബോസ് മലയാളം സീസൺ 7 അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. ഇനി ഏതാനും നാളുകൾ കൂടി മാത്രമാണ് ഗ്രാന്റ് ഫിനാലേയ്ക്ക് ബാക്കിയുള്ളത്. ഒൻപത് മത്സരാർത്ഥികളുമായി പന്ത്രണ്ടാം വാരത്തിലേക്ക് കടന്ന സീസണിൽ കലുക്ഷിതമായ പല സംഭവ വികാസങ്ങൾക്കുമാണ് പ്രേക്ഷകരും ബിഗ് ബോസ് ഹൗസും സാക്ഷ്യം വഹിച്ചത്. എല്ലാം നെവിനെ ചുറ്റിപ്പറ്റിയായിരുന്നു. ഷാനവാസിന് നേരെയുള്ള അതിക്രമവും അനുവിന്റെ ബെഡിൽ വെള്ളം ഒഴിച്ചതുമടക്കം നിരവധി പ്രശ്നങ്ങൾ ഈ ആഴ്ചയിൽ നെവിൻ നടത്തിയിട്ടുണ്ട്. ആദ്യമെല്ലാം എന്റർടെയ്നറാണെന്ന് പ്രേക്ഷകരെ കൊണ്ട് പറയിപ്പിച്ച നെവിൻ തന്നെ താനൊരു അരോചകമാണ് എന്ന് പറയിപ്പിച്ചു കഴിഞ്ഞു.
കഴിഞ്ഞ ആഴ്ച നടന്ന എല്ലാ പ്രശ്നങ്ങളും ഉയർത്തി നെവിനെ ചോദ്യം ചെയ്തിരിക്കുകയാണ് മോഹൻലാൽ. ഇന്നത്തെ വീക്കെന്റ് പ്രമോയിൽ നിന്നും ഇത് വ്യക്തമാണ്. എന്താണ് നെവിന്റെ പ്രശ്നം? എന്നാണ് മോഹൻലാൽ ചോദിക്കുന്നത്. ഇത്ന് ഒന്നുമില്ലെന്ന് നെവിൻ മറുപടി പറയുന്നുണ്ട്. "ഒന്നുമില്ലെന്നോ. നെവിന്റെ പ്രശ്നം എന്താണ്. ഞങ്ങൾക്ക് കൂടി ഒന്ന് പറഞ്ഞു തരൂ. അവിടെ നിൽക്കാൻ ബുദ്ധിമുട്ടുണ്ടോ. നിങ്ങളുടെ തമാശയൊക്കെ ഒരുപരിധിവരെ ഞങ്ങൾ അംഗീകരിച്ചു തന്നു. അതുകഴിഞ്ഞാൽ പിന്നെ വളരെ മോശമായ കാര്യമാണ്. അങ്ങനെ ചെയ്യാൻ പറ്റില്ല. എനിക്ക് പറ്റില്ല. നെവിനെ കുറിച്ച് ഒരുപാട് പരാതികൾ ഞങ്ങൾക്ക് വരുന്നുണ്ട്. I will take a call on you", എന്നാണ് മോഹൻലാൽ പറഞ്ഞത്. ഇവയ്ക്ക് തിരിച്ച് മറുപടി ഒന്നും നെവിന് പറയാനും സാധിക്കുന്നില്ലെന്നാണ് പ്രമോയിൽ നിന്നും വ്യക്തമാകുന്നത്. നെവിനെ പുറത്താക്കണമെന്ന കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
അതേസമയം, ഗ്രാന്റ് ഫിനാലേയുടെ ഭാഗമായി കഴിഞ്ഞ ആഴ്ച നടന്ന ടിക്കറ്റ് ടു ഫിനാലെ അവസാനിച്ചിരിക്കുകയാണ്. എട്ട് ടാസ്കുകളിൽ നിന്നായി 56 പോയിന്റുകൾ നേടി നൂറയാണ് ടിക്കറ്റ് ടു ഫിനാലെ നേടിയിരിക്കുന്നത്. ഇനിയുള്ള രണ്ട് ആഴ്ചയിലെ നോമിനേഷൻ മുക്തിക്കൊപ്പം ഡയറക്ട് ആയി ടോപ് 5ൽ എത്തിയിരിക്കുകയാണ് നൂറ ഇപ്പോൾ. രണ്ടാം സ്ഥാനത്ത് ആര്യനാണ്. നമ്മൾ മൂന്ന് പെൺകുട്ടികളിൽ ആരെങ്കിലും ടിക്കറ്റ് ടു ഫിനാലെ വിജയിക്കണമെന്നായിരുന്നു തന്റെ ആഗ്രഹമെന്നാണ് നൂറ കഴിഞ്ഞ ദിവസം പറഞ്ഞത്.