
ബിഗ് ബോസ് മലയാളം സീസണ്‍ 8 ന്‍റെ പ്രധാന പ്രത്യേകതകളില്‍ ഒന്നാണ് അതിന്‍റെ തീം. ജനാധിപത്യം എന്നതാണ് ഈ സീസണിന്‍റെ തീം. അതിനാല്‍ത്തന്നെ മുന്‍ സീസണുകളില്‍ ഉണ്ടായിരുന്ന ക്യാപ്റ്റന് ഇക്കുറി ലീഡര്‍ എന്നാണ് പേര്. ഓരോ വാരത്തിലും ഹൗസിനെ നയിക്കാന്‍ വേണ്ടി മത്സരാര്‍ഥികള്‍ ചേര്‍ന്ന് തിരഞ്ഞെടുക്കുന്ന ആളാണ് ലീഡര്‍. ലീഡര്‍ക്ക് രണ്ട് അനുയായികളും വേണം. ലീഡര്‍ക്കും അനുയായികള്‍ക്കും പ്രധാന കാര്യങ്ങള്‍ മത്സരാര്‍ഥികളുമായും പരസ്പരവും ചര്‍ച്ച ചെയ്യാനായി ജനസഭ എന്ന പുതിയൊരു മുറി കൂടി ഇത്തവണത്തെ ബിഗ് ബോസ് ഹൗസില്‍ ഉണ്ട്. നാലാം വാരത്തിലെ ലീഡര്‍ക്കായുള്ള തിരഞ്ഞെടുപ്പ് ഇന്ന് ഹൗസില്‍ നടക്കും. ഇതിന്‍റെ പ്രൊമോ ഏഷ്യാനെറ്റ് പുറത്ത് വിട്ടിട്ടുണ്ട്.
കഴിഞ്ഞ തവണത്തേക്കാളൊക്കെ ആവേശഭരിതമായാണ് മത്സരാര്‍ഥികള്‍ ഇത്തവണത്തെ ലീഡര്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് പ്രൊമോ വ്യക്തമാക്കുന്നുണ്ട്. ശബ്ദമുയര്‍ത്തി തന്‍റെ ഭാഗം പറയുന്ന രാഹുല്‍ ഈശ്വറിനെയും ഷിജിനെയുമൊക്കെ പ്രൊമോയില്‍ കാണാം. മുന്‍പ് ഒരിക്കല്‍ ലീഡര്‍ ആയ ആളാണ് രാഹുല്‍ ഈശ്വര്‍. എന്നാല്‍ ലീഡര്‍ എന്ന നിലയില്‍ തന്‍റെ വ്യക്തിത്വം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് കഴിയാതെ പോയി. പ്രശ്നങ്ങള്‍ ഉണ്ടാകാതെ നോക്കുകയും ഇനി മത്സരാര്‍ഥികള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അത് വേഗത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുകയുമാണ് ലീഡര്‍ ആയ രണ്ടാം വാരത്തില്‍ രാഹുല്‍ ഈശ്വര്‍ ചെയ്തത്. എന്നാല്‍ ഇതിന് ഒരു നെഗറ്റീവ് വശം കൂടി ഉണ്ടായിരുന്നു. ബിഗ് ബോസ് ഹൗസ് വലിയ ചലനമില്ലാതെ കിടന്നു എന്നതായിരുന്നു അത്.
ഈ സീസണിലെ ആദ്യ ലീഡര്‍ ജസീല പര്‍വീണ്‍ ആയിരുന്നു. രാഹുല്‍ ഈശ്വറിനേക്കാള്‍ തിളങ്ങാന്‍ കഴിഞ്ഞ ലീഡര്‍ ആയിരുന്നു ജസീല. എന്നാല്‍ പിന്നാലെ വന്ന വാരാന്ത്യ എപ്പിസോഡുകളില്‍ ജസീലയുടെ ലീഡര്‍ഷിപ്പിനെതിരെ സംസാരിച്ച മത്സരാര്‍ഥികളും ഉണ്ടായിരുന്നു. രാഹുല്‍ ഈശ്വറിന് ശേഷം മൂന്നാം വാരത്തില്‍ ഹൗസിന്‍റെ ലീഡര്‍ ആയത് നോബി ആയിരുന്നു. ഈ സീസണിലെ കൗശലക്കാരനായ ഗെയിമര്‍മാരില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന നോബി തന്‍റേതായ രീതിയില്‍ ഈ സ്ഥാനം ഉപയോഗപ്പെടുത്തുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത്. എന്നാല്‍ ലീഡര്‍ എന്നതിനേക്കാള്‍ തന്നിലെ മത്സരാര്‍ഥിയുടെ മുന്നോട്ടുപോക്കിനാണ് നോബി പ്രാധാന്യം കൊടുത്തത് എന്നതിനാല്‍ വീക്കിലി ടാസ്ക് ഉള്‍പ്പെടെ പലതും കുളമായ കാഴ്ചയും പ്രേക്ഷകര്‍ കണ്ടു. മോഹന്‍ലാലും ഇതിനെ വിമര്‍ശിച്ചിരുന്നു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ