IFFK 2022 : 15 തിയറ്ററുകള്‍, 173 സിനിമകള്‍; ഐഎഫ്എഫ്കെ 18 മുതല്‍

Published : Mar 09, 2022, 08:28 PM IST
IFFK 2022 : 15 തിയറ്ററുകള്‍, 173 സിനിമകള്‍; ഐഎഫ്എഫ്കെ 18 മുതല്‍

Synopsis

മാര്‍ച്ച് 18 മുതല്‍ 25 വരെയാണ് മേള. IFFK 2022

തിരുവനന്തപുരം: കേരളത്തിന്‍റെ 26-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (IFFK 2022) മാര്‍ച്ച് 18ന് തിരുവനന്തപുരത്ത് തുടക്കമാവും. ഏഴ് വ്യത്യസ്ത വിഭാഗങ്ങളിലായി 173 ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശിപ്പിക്കുക. 15 തിയറ്ററുകളിലായാണ് പ്രദര്‍ശനം. മഹാമാരിയും യുദ്ധവും പ്രതിസന്ധിയിലാക്കിയ മനുഷ്യരുടെ അതിജീവനക്കാഴ്ച്ചകള്‍ ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്. പതിനായിരത്തോളം പ്രതിനിധികൾക്കാണ് ഇത്തവണ മേളയിൽ പ്രവേശനം അനുവദിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കു ശേഷം ഇതാദ്യമായി തിയറ്ററുകളിൽ എല്ലാ സീറ്റുകളിലും പ്രവേശനം അനുവദിക്കും. അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, നെടുമുടി വേണുവിന് ആദരം എന്നിവ ഉൾപ്പടെ എഴു പാക്കേജുകളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 

സംഘര്‍ഷഭരിതമായ ദേശങ്ങളിലെ ജീവിതം പകര്‍ത്തുന്ന ഫിലിംസ് ഫ്രം കോണ്‍ഫ്ലിക്റ്റ് എന്ന പാക്കേജാണ് ഇത്തവണത്തെ മേളയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ആഭ്യന്തര സംഘർഷം കാരണം സമാധാനം നഷ്ടപ്പെട്ട അഫ്ഗാനിസ്ഥാന്‍, ബര്‍മ്മ, കുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിനിമകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലെ വിവിധ അന്താരാഷ്ട്ര മേളകളില്‍ ഫിപ്രസ്കി പുരസ്കാരം ലഭിച്ച സിനിമകളുടെ പാക്കേജ് ഫിപ്രസ്കി ക്രിട്ടിക്സ് വീക്ക് എന്ന വിഭാഗത്തിൽ പ്രദര്‍ശിപ്പിക്കും. അന്തരിച്ച നടന്‍ നെടുമുടി വേണുവിന് ആദരമര്‍പ്പിച്ചുകൊണ്ടുള്ള റെട്രോസ്പെക്റ്റീവും ഇത്തവണ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ടർക്കിഷ് സംവിധായകൻ എമ്ർ കയ്‌സ് സംവിധാനം ചെയ്ത അനറ്റോളിയൻ ലെപ്പേഡ്, സ്പാനിഷ് ചിത്രമായ കമീല കംസ് ഔട്ട് റ്റു നെറ്റ്, ക്ലാരാ സോള, ദിനാ അമീറിന്റെ യു റീസെമ്പിൾ മി, മലയാളചിത്രമായ നിഷിദ്ധോ, ആവാസ വ്യൂഹം തുടങ്ങിയ ചിത്രങ്ങളാണ് അന്താരാഷ്‌ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. തമിഴ് ചിത്രമായ കൂഴങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.

അഫ്‌ഗാൻ ചിത്രമായ ഡ്രൌണ്ടിംഗ് ഇൻ ഹോളി വാട്ടർ, സിദ്ദിഖ് ബർമാക് സംവിധാനം ചെയ്ത ഓപ്പിയം വാർ, കുർദിഷ് ചിത്രം കിലോമീറ്റർ സീറോ, മെറൂൺ ഇൻ ഇറാഖ്, മ്യാൻമർ ചിത്രം മണി ഹാസ് ഫോർ ലെഗ്‌സ് തുടങ്ങിയ ചിത്രങ്ങളാണ് ഫിലിംസ് ഫ്രം കോണ്‍ഫ്ലിക്റ്റ് എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മേള നടക്കുന്നതെന്നും പ്രതിനിധികൾക്ക് മാസ്ക് നിർബന്ധമാക്കിയിട്ടുണ്ടെന്നും ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി അജോയ് അറിയിച്ചു.

PREV
click me!

Recommended Stories

പ്രതീക്ഷിച്ചതിനപ്പുറം, വൻ നേട്ടം, ആഗോള കളക്ഷനില്‍ അമ്പരപ്പിച്ച് രണ്‍വീര്‍ സിംഗിന്റെ ധുരന്ദര്‍
'ജോസി'നെയും 'മൈക്കിളി'നെയും മറികടന്നോ 'സ്റ്റാന്‍ലി'? ഞായറാഴ്ച കളക്ഷനില്‍ ഞെട്ടിച്ച് 'കളങ്കാവല്‍'