
മലയാള സിനിമയുടെ ശൈശവ ദശ മുതൽ എൺപതുകളുടെ തുടക്കം വരെ തിരശീലയിൽ തിളങ്ങിയ മുതിർന്ന നടിമാരെ ആദരിക്കുന്ന 'മറക്കില്ലൊരിക്കലും' ചടങ്ങ് നാളെ. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 4.30ക്കാണ് പരിപാടി നടക്കുക. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ മുതിർന്ന നടിമാരെ ആദരിക്കും.
കെ.ആർ.വിജയ, ടി.ആർ.ഓമന, വിധുബാല, ഭവാനി (ലിസ), ശോഭ(ചെമ്പരത്തി), ഹേമ ചൗധരി, കനകദുർഗ, റീന, ശാന്തികൃഷ്ണ, ശ്രീലത നമ്പൂതിരി, സുരേഖ, ജലജ, മേനക, അനുപമ മോഹൻ, ശാന്തകുമാരി, മല്ലിക സുകുമാരൻ, സച്ചു (സരസ്വതി), ഉഷാ കുമാരി, വിനോദിനി, രാജശ്രീ (ഗ്രേസി), വഞ്ചിയൂർ രാധ, വനിത കൃഷ്ണചന്ദ്രൻ എന്നിവരെയാണ് ആദരിക്കുന്നത്.
ചലച്ചിത്ര കലയിലെ സ്ത്രീസാന്നിധ്യത്തിന് ഈ വർഷത്തെ മേള നൽകുന്ന പ്രാമുഖ്യത്തിന്റെ അടയാളം കൂടിയാണിത്. തുടർന്ന് ഇവരുടെ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീത പരിപാടിയും നിശാഗന്ധിയിൽ ഉണ്ടായിരിക്കും.
കഴിഞ്ഞ ദിവസമായിരുന്നു 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കമായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിതെളിച്ച മേളയില്‍ ഷബാന ആസ്മി മുഖ്യാതിഥിയായി എത്തിയിരുന്നു. ആദ്യദിനം പതിനൊന്ന് ചിത്രങ്ങളായിരുന്നു മേളയില്‍ പ്രദര്‍ശിപ്പിച്ചത്. രണ്ടാം ദിനമായ ഇന്ന് 67 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന എം. മോഹൻ സംവിധാനം ചെയ്‍ത 'രചന', ഉത്പലേന്ദു ചക്രബർത്തി സംവിധാനം ചെയ്ത 'ചോഘ്', സെന്റണിയൽ ട്രിബ്യൂട്ട് വിഭാഗത്തിൽ പി. ഭാസ്‌കരൻ സംവിധാനം ചെയ്‍ത 'മൂലധനം' എന്നിവ രണ്ടാം ദിനം പ്രദർശിപ്പിക്കുന്ന ശ്രദ്ധേയ ചിത്രങ്ങളാണ്.
മലയാള സിനിമ ഇന്ത്യൻ സിനിമയ്ക്ക് വെളിച്ചമാകുന്നു, കാതലിലെ മമ്മൂട്ടി അത്ഭുതപ്പെടുത്തി: ഷബാന ആസ്മി
അതേസമയം, മേളയുടെ ഭാഗമായി ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച രക്തദാന പരിപാടി 'സിനിബ്ലഡി'ൽ വൻ പങ്കാളിത്തമാണ് ലഭിച്ചത്. പൊലീസിന്റെ രക്തദാന സേവനമായ പോൽ ബ്ലഡും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയും കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും കേരള ചലച്ചിത്ര അക്കാദമിയും സംയുക്തമായാണു ക്യാമ്പ് സംഘടിപ്പിച്ചത്. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..