
മലയാള സിനിമയുടെ ആദ്യ നായിക പി.കെ. റോസിയുടെ ദീപ്ത സ്മരണയിൽ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സിഗ്‌നേച്ചർ ഫിലിം. ഒരു മിനിറ്റോളം ദൈർഘ്യമുള്ള സിഗ്‌നേച്ചർ ഫിലിമിന്റെ സംവിധാനം, രചന, തിരക്കഥ, ഛായാഗ്രഹണം തുടങ്ങിയവ നിർവഹിച്ചിരിക്കുന്നത് മുംബൈയിൽ ഛായാഗ്രാഹകനായി ജോലി ചെയ്യുന്ന മലയാളി കെ.ഒ. അഖിലാണ്.
കെ.ആർ.നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്‌സിലും പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും അഖിലിന്റെ സഹപാഠികളായിരുന്നവരുടെ സംഘമാണ് ചിത്രത്തിന്റെ നിർമാണത്തിൽ സഹകരിച്ചത്. ചിത്രത്തിൽ പി.കെ.റോസിയായി അഭിനയിച്ചത് അഭിരാമി ബോസാണ്.
മലയാള സിനിമാ ചരിത്രത്തെ പി.കെ. റോസിയുടെ ധീരപാരമ്പര്യത്തിലൂടെയും തൊഴിലാളി വർഗത്തിന്റെ കഠിനതകൾ നിറഞ്ഞ പോരാട്ടങ്ങളിലൂടെയും അടയാളപ്പെടുത്തുകയാണ് 'സ്വപ്നായനം'. തിരുവനന്തപുരത്തെ കാപിറ്റോൾ തിയേറ്ററിൽ നടക്കാൻ പോകുന്ന 'വിഗതകുമാര'ന്റെ ആദ്യപ്രദർശനത്തെക്കുറിച്ചുള്ള ചരിത്ര പ്രധാനമായ വിളംബരത്തിൽ ആരംഭിക്കുന്ന സ്വപ്നായനം, ഒരു നഗരത്തിന്റെ വളർച്ചയെയും പുതിയ തിയേറ്ററുകളുടെ ഉത്ഭവത്തെയും ദൃശ്യവത്കരിക്കുന്നു. മലയാള സിനിമയുടെ ഉറവിടത്തിൽ നിന്നും പറന്നുയരുന്ന ചകോരം കാലങ്ങൾ പിന്നിട്ട് ന്യൂ കാപിറ്റോൾ തിയേറ്ററിലേക്ക് എത്തുമ്പോൾ അവിടെ പ്രേക്ഷകർക്കിടയിൽ മലയാള സിനിമയുടെ ആദ്യ നായിക പി.കെ. റോസിയുമുണ്ട്. കാപിറ്റോൾ തിയേറ്ററിൽ വിഗതകുമാരന്റെ ആദ്യ പ്രദർശനത്തോടെ നാടുവിടേണ്ടി വന്ന റോസി, ന്യൂ കാപിറ്റോൾ തിയേറ്ററിൽ അഭിമാനത്തോടെ സിനിമ കാണുമ്പോൾ പുതിയ കാലത്ത് ആ നഷ്ട നായികയ്ക്ക് ലഭിക്കുന്ന ആദരം കൂടിയാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഏകത്വവും സാംസ്‌കാരിക വൈവിധ്യവും സിനിമയുടെ കരുത്തും സൂചിപ്പിക്കുന്ന ഐ.എഫ്.എഫ്.കെ. മുദ്രയായ ലങ്കാലക്ഷ്മിയുടെ പ്രകാശനത്തിലാണ് സ്വപ്നായനം അവസാനിക്കുന്നത്. ലങ്കാലക്ഷ്മിയെ സ്ഥാപിക്കുന്നതിന് ചുക്കാൻ പിടിക്കുന്നതാകട്ടെ പി.കെ. റോസിയും. മലയാള സിനിമയുടെ അഭിമാനമായി പി.കെ. റോസിയെ അവതരിപ്പിച്ചുകൊണ്ടാണ് 'സ്വപ്നായനം' അവസാനിക്കുന്നത്. 20 ദിവസം കൊണ്ട് പൂർത്തിയാക്കിയ സിഗ്‌നേച്ചർ ഫിലിമിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് തിരുവനന്തപുരം നഗരത്തിലാണ്. മലയാള സിനിമയുടെ ജന്മസ്ഥലമായ നഗരത്തിന്റെ പതിറ്റാണ്ടുകൾ നീണ്ട വളർച്ചയും ആനിമേഷനിലൂടെ സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നു.
'റീലുത്സവ'ത്തിൽ താരത്തിളക്കം; രണ്ടാം ദിനം കണ്ട ചലച്ചിത്രമേള
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ