'ആരെയും പേടിക്കേണ്ടതില്ലല്ലോ'; സെൻസറിംഗ് വിമർശന വിധേയമാക്കി ഓപ്പൺഫോറം

Published : Dec 17, 2025, 09:49 AM IST
30th iffk open forum

Synopsis

ചലച്ചിത്രമേളയിൽ സിനിമകൾക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ തിരുവനന്തപുരത്ത് നടന്ന ഓപ്പൺ ഫോറത്തിൽ ശക്തമായ പ്രതിഷേധം. ടി.വി. ചന്ദ്രൻ, കമൽ തുടങ്ങിയ ചലച്ചിത്ര പ്രവർത്തകർ, ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് വിമർശിച്ചു.

തിരുവനന്തപുരം: 'ചലച്ചിത്രോത്സവങ്ങളുടെ സ്വാതന്ത്ര്യം' എന്ന വിഷയത്തിൽ ചൊവ്വാഴ്ച്ച നടന്ന ഓപ്പൺ ഫോറം സിനിമ സെൻസർ ചെയ്യുന്നതിനെക്കുറിച്ചുള്ള ചൂടേറിയ ചർച്ചക്ക് വേദിയായി. ചലച്ചിത്രമേളയിൽ 19 ചിത്രങ്ങളുടെ പ്രദർശനാനുമതി നിഷേധിച്ച സെൻസർ ബോർഡ് തീരുമാനത്തിൽ ഫോറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

"ചിന്തിക്കാനും സ്വപ്നം കാണാനും ആരെയും പേടിക്കേണ്ടതില്ലല്ലോ" എന്ന് സംവിധായകൻ ടി വി ചന്ദ്രൻ ചൂണ്ടിക്കാട്ടി. "സിനിമ എന്നത് ആവിഷ്കാര സ്വാതന്ത്ര്യമുള്ള മാധ്യമമാണ്. ബാറ്റിൽഷിപ്പ് പൊട്ടംകിൻ പോലൊരു ചിത്രത്തിന്റെ പ്രദർശനം തടയിടുന്നത് മുഴുവൻ സിനിമകളെയും തടയുന്നതിന് തുല്യമാണ്,"എന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെയും സാംസ്കാരിക വകുപ്പ് മന്ത്രിയുടെയും ഉറപ്പുകൾ ആശ്വാസമായെങ്കിലും നാളെ ഐഎഫ്എഫ്കെയെ തകർക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രതിഷേധം തുടരണമെന്നും ചന്ദ്രൻ കൂട്ടിച്ചേർത്തു.

ചലച്ചിത്രമേള ആരംഭിച്ച വർഷം മുതൽ തന്നെ നിശ്ശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായി മാറുകയെന്ന വ്യക്തമായ രാഷ്ട്രീയം പിന്തുടരുന്നുണ്ടെന്നും, ഓരോ വർഷങ്ങളിലും മൂന്നാം ലോക ആഫ്രോ-ഏഷ്യൻ, ലാറ്റിനമേരിക്കൻ ഭാഷകളിലെ സിനിമകളെ മുൻനിരയിൽ എത്തിക്കാൻ മേള ശ്രമിച്ചിട്ടുണ്ടെന്നും സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ കമൽ പറഞ്ഞു.

ബീഫ് എന്ന പേര് ഉള്ളതുകൊണ്ടു മാത്രം പ്രദർശനയോഗ്യമല്ലാതാക്കപ്പെട്ട ചിത്രത്തോടുള്ള അനീതിയും, പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ബാറ്റിൽഷിപ്പ് പൊട്ടംകിൻ പോലുള്ള സിനിമകൾ വരെ തടയുന്നതിലുള്ള അപ്രീതിയും കമൽ പ്രകടിപ്പിച്ചു. കേരളത്തിലെ പ്രാദേശിക സെൻസർ ബോർഡുകൾ കണ്ട് അംഗീകരിച്ച സിനിമകളുടെ പോലും സിനോപ്സിസ് മുംബൈയിലേക്ക് അയച്ചു അനുമതി വാങ്ങിക്കേണ്ടി വരുന്നതിനെ സംവിധായകൻ ടി കെ രാജീവ് കുമാർ വിമർശിച്ചു.

മനഃപൂർവം സിനിമകൾക്കുള്ള അനുമതി നൽകുന്നത് വൈകിപ്പിക്കുന്ന അവസ്ഥയുണ്ടെന്ന് പ്രേമേന്ദ്ര മജുംദാർ പറഞ്ഞു. സാമ്പത്തിക നഷ്ടം എന്ന ഒറ്റ കാരണം കൊണ്ട് ആവിഷ്കാര സ്വാതന്ത്ര്യത്തിൻമേലുള്ള വെല്ലുവിളി പലരും ഭയം കാരണം മൂടിവെക്കുന്നതായി സംവിധായകൻ മനോജ് കാന പറഞ്ഞു.

"ഞാനൊരു ശവപ്പെട്ടിയുമായാണ് വന്നത്. നമ്മുടെ ഭരണഘടനയുടെ ആമുഖം അതിൽ വച്ചു കുഴിച്ചുമൂടുവാനായി. എന്നാൽ അതിനു സമ്മതിക്കാതെ പ്രദർശനാനുമതി തന്ന സംസ്ഥാന സർക്കാരിനു നന്ദി" എന്ന് നടൻ അലൻസിയർ അഭിപ്രായപ്പെട്ടു. സിനിമയെന്നത് എന്നും സൃഷ്ടാവിന്റെ സ്വാതന്ത്ര്യമാണെന്ന് നടൻ സന്തോഷ് കീഴാറ്റൂർ ചൂണ്ടിക്കാട്ടി.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

Read more Articles on
click me!

Recommended Stories

'അഖിലിന്റെ പ്രസ്താവന പേടിയും ബുദ്ധിമുട്ടുമുണ്ടാക്കുന്നു'; അതിജീവിതക്കൊപ്പമെന്ന് പ്രഖ്യാപിച്ച് നാദിറ മെഹ്റിൻ
'ഗുരുനാഥൻ ജയരാജിനെ പരിചയപ്പെട്ടത് IFFKയിൽ നിന്ന്'| Shiny Sarah| IFFK 2025