'നാല്‍പത്തിയൊന്നി'ന് യു സര്‍ട്ടിഫിക്കറ്റ്; റിലീസ് തീയ്യതി പ്രഖ്യാപിച്ചു

By Web TeamFirst Published Oct 30, 2019, 4:57 PM IST
Highlights

കമ്യൂണിസ്റ്റ് ആനുഭാവികളായ രണ്ട് പേരുടെ ശബരിമല തീര്‍ഥാടനമാണ് ചിത്രത്തിന്റെ കഥാപരിസരം. അതിലൊരു കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്.
 

ബിജു മേനോനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത 'നാല്‍പത്തിയൊന്നി'ന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. 'യു' സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. റിലീസ് തീയ്യതിയും അണിയറക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ എട്ടിനാണ് ചിത്രം തീയേറ്ററുകളിലെത്തുക.

'തട്ടുംപുറത്ത് അച്യുതന്' ശേഷം ലാല്‍ജോസ് ഒരുക്കുന്ന ചിത്രമാണ് 'നാല്‍പത്തിയൊന്ന്'. നവാഗതനായ പി ജി പ്രഗീഷ് ആണ് ചിത്രത്തിന്റെ തിരക്കഥ. ലാല്‍ജോസ് ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ മുന്‍പ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ബിജുമേനോന്‍ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ നായകനാവുന്നത് ആദ്യമായാണ്. കമ്യൂണിസ്റ്റ് ആനുഭാവികളായ രണ്ട് പേരുടെ ശബരിമല തീര്‍ഥാടനമാണ് ചിത്രത്തിന്റെ കഥാപരിസരം. അതിലൊരു കഥാപാത്രത്തെയാണ് ബിജു മേനോന്‍ അവതരിപ്പിക്കുന്നത്. 'ഉല്ലാസ് മാഷ്' എന്നാണ് കഥാപാത്രത്തിന്റെ പേര്. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയ സാമൂഹ്യ-രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രമെന്നാണ് സിനിമയെക്കുറിച്ച് അണിയറക്കാര്‍ പറഞ്ഞിരിക്കുന്നത്.

എസ് കുമാര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. സംഗീതം ബിജിബാല്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രഘുരാമ വര്‍മ്മ. പി പ്രജിത്ത്, അനുമോദ് ബോസ്, ആദര്‍ശ് നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. വിതരണം എല്‍ജെ ഫിലിംസ്. 

click me!