
ഹൈദരാബാദ്: ബാഹുബലി ചലച്ചിത്രങ്ങളിലെ ആദ്യത്തെ ചലച്ചിത്രം ബാഹുബലി ദ ബിഗിനിംഗ് ഇറങ്ങിയിട്ട് ഇന്നേക്ക് ഒന്‍പത് വര്‍ഷങ്ങള്‍. ഇന്ത്യന്‍ സിനിമയുടെ പാന്‍ ഇന്ത്യ സങ്കല്‍പ്പങ്ങളെ തിരുത്തിക്കുറിച്ച ചിത്രത്തിന്‍റെ ഒന്‍പതാം വാര്‍ഷികത്തില്‍ ചിത്രത്തിലെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് നടി തമന്ന. ചിത്രത്തില്‍ വനിത പോരാളിയായ ആവന്തികയായാണ് തമന്ന എത്തിയത്.
ദക്ഷിണേന്ത്യൻ ഗ്ലാം ലുക്കിൽ നിന്ന് കാട്ടിലെ ഒളിപ്പോരാളിയായുള്ള വേഷപകര്‍ച്ചയാണ് തമന്നയ്ക്ക് ചിത്രത്തില്‍ സംവിധായകന്‍ എസ്എസ് രാജമൗലി നല്‍കിയത്. എന്നാല്‍ വെള്ളച്ചാട്ടത്തിലൂടെ ബാഹുബലിയുടെ സ്വപ്ന സുന്ദരിയായും, കാമുകിയായും തമന്ന മനോഹരമായി തന്‍റെ വേഷം ചെയ്തു.
ഇപ്പോള്‍ ചിത്രത്തിന്‍റെ ഒന്‍പതാം വാര്‍ഷികത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ ചിത്രത്തിന്‍റെ ബിടിഎസ് രംഗങ്ങള്‍ക്കൊപ്പം തന്‍റെ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് തമന്ന. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജമൗലി സാറിനൊപ്പം വര്‍ക്ക് ചെയ്യണം എന്ന എന്‍റെ ആഗ്രഹം നടന്നുവെന്ന് തമന്ന പോസ്റ്റില്‍ പറയുന്നു. ചിത്രത്തിലെ പ്രമുഖ കാസ്റ്റിംഗില്‍ ഒന്‍പതാം വാര്‍ഷികത്തിന് പോസ്റ്റിട്ട ഏക താരവും തമന്നയാണ്.
അതിശയിപ്പിക്കുന്ന അഭിനേതാക്കളും അണിയറപ്രവർത്തകരും ചേർന്ന് ഈ സിനിമയുടെ ഭാഗമാകുന്നത് രസകരം മാത്രമല്ല, വലിയൊരു പഠനം കൂടിയായിരുന്നു. ഈ മഹത്തായ ഫിലിം ഫ്രാഞ്ചൈസിയുടെ ഭാഗമാകാന്‍ ലഭിച്ച അവസരം ഞാന്‍ എക്കാലവും വിലമതിക്കുന്നു. അന്നും ഇന്നും പ്രേക്ഷകർ ഞങ്ങളുടെ സിനിമയ്‌ക്ക് നൽകിയ എല്ലാ സ്‌നേഹത്തിനും എപ്പോഴും നന്ദിയുള്ളവനായിരിക്കുമെന്നും തമന്ന കുറിപ്പില്‍ പറയുന്നു.
2015 ൽ പ്രദർശനത്തിനെത്തിയബാഹുബലി : ദ ബിഗിനിംഗില്‍ പ്രഭാസ്, റാണ ദഗ്ഗുബാട്ടി, തമന്ന ഭാട്ടിയ ,അനുഷ്ക ഷെട്ടി തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സത്യരാജ്, നാസർ, രമ്യ കൃഷ്ണൻ ,തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തി. തെലുഗു ,തമിഴ് ഭാഷകളിലായി ചിത്രീകരിച്ച ബാഹുബലി മലയാളമുൾപ്പടെ ആറു ഭാഷകളിൽ മൊഴി മാറ്റി പ്രദർശിപ്പിച്ചു.
2015 ജൂലൈ 10 നു പ്രദർശനത്തിനെത്തിയ ചിത്രം അവസാന കളക്ഷനായി 650 കോടി രൂപ നേടി. ഈ ചിത്രത്തിന്റെ രണ്ടാംഭാഗം ബാഹുബലി : ദ കൺക്ലൂഷൻ എന്ന പേരിൽ 2017 ഏപ്രിൽ മാസം 28ന് പ്രദർശനത്തിനെത്തി.
’താനാരാ' ഹൂ ആർ യൂ? ട്രെയിലർ പുറത്തിറക്കി ഫഹദ് ഫാസിൽ; റിലീസ് ഡേറ്റ് പുറത്ത്
അമ്പതാം പടത്തില്‍ അത് വേണം എന്ന് ഉറപ്പിച്ച് ധനുഷ്; 'രായന്‍' എത്തുന്നത് ഇങ്ങനെ